Tuesday, 07 Jul, 11.26 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
അന്ന് അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സ്വപ്‌ന ഒരിക്കലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകില്ലായിരുന്നു, പൊലീസിനുണ്ടായ വീഴ്ച തുറന്ന് പറഞ്ഞ് ഷിബു

തിരുവനന്തപുരം: ''അന്ന് ഞാന്‍ കൊടുത്ത പരാതി പൊലീസ് നേരെ ചൊവ്വേ അന്വേഷിച്ച്‌ അപ്പോള്‍ തന്നെ കുറ്റക്കാരെ പ്രതി ചേര്‍ത്തിരുന്നുവെങ്കില്‍ സ്വപ്ന സുരേഷ് എന്ന ഈ പ്രതി ഒരു കോണ്‍സുലേറ്റിലും ജോലി ചെയ്യില്ലായിരുന്നു.​ ഈ പ്രതി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകില്ലായിരുന്നു.​ ഈ പ്രതി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ വീഴ്‌ത്തില്ലായിരുന്നു. ഈ നാണക്കേട് ഉണ്ടാകില്ലായിരുന്നു...'' എയര്‍ ഇന്ത്യയിലെ ഗ്രൗണ്ട് ഹാന്‍‌ഡിലിംഗ് ഓഫീസര്‍ എല്‍.എസ്.ഷിബുവിന്റെ വാക്കുകളാണിത്.

ഷിബു തിരുവനന്തപുരം വിമാനത്താവളത്തില്‍ ജോലി ചെയ്യുമ്ബോഴായിരുന്നു എയര്‍ ഇന്ത്യാ സാറ്റ്സിന്റെ മാനേജരായി സ്വപ്ന സുരേഷ് എത്തുന്നത്. വിമാനത്താവളത്തില്‍ നിന്നും ഷിബുവിനെ ഒഴിവാക്കേണ്ടത് പലരുടേയും ആവശ്യമായിരുന്നു.അങ്ങനെയാണ് ഒരു വ്യാജപരാതി വലിയതുറ പൊലീസ് സ്റ്റേഷനിലെത്തുന്നത്. അതാകട്ടെ പട്ടം സ്വദേശിയായ ഷിബുവിന് ഏറെ അപമാനമുണ്ടാക്കുന്നതായിന്നു.

കരളുറപ്പിന്റെ കരുത്തില്‍ ഭ്രാന്ത് പിടിക്കാതെ രക്ഷപ്പെടുകയായിരുന്നു അദ്ദേഹം. 'എയ‌ര്‍ ഇന്ത്യാ സാറ്റ്സിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകളേയും അഴിമതിയേയും കുറിച്ച്‌ ഞാന്‍ സി.ബി.ഐക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എയര്‍ഇന്ത്യാ സാറ്റ്സിന്റെ വൈസ് ചെയര്‍മാനായിരുന്ന ബിനോയ് ജേക്കബിനും സ്വപ്നയ്ക്കും ഏയര്‍പോര്‍ട്ടിലെ ചില ഉന്നതരും എനിക്കെതിരെ തിരിയുന്നതിന് അത് കാരണമായി. എന്നെ പുറത്താക്കാനാണ് 2015 മാര്‍ച്ചില്‍ 17 സ്ത്രീകളോട് മോശമായി പെരുമാറി എന്ന് രീതിയില്‍ ഒരു പരാതി പൊലീസിന് നല്‍കുന്നത്.

അതില്‍ 16 പേരും പൊലീസിനോട് എന്നെ അറിയില്ല എന്നു പറഞ്ഞു.17-ാമത്തെ ആളിനു പകരം വേറൊരാളെ സ്റ്റേഷനിലെത്തിച്ചു. അതില്‍ സ്വപ്നയ്ക്കു മാത്രമല്ല,​ ഏയര്‍പോര്‍ട്ടിലെ ഉന്നതര്‍ക്കും പങ്കുണ്ട്. ആള്‍മാറാട്ടം നടത്തി വരെ എന്നെ ക്രൂശിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ കുടുംബം അനുഭവിച്ച വേദന വിവരിക്കാനറിയില്ല. ഭ്രാന്ത് പിടിക്കാതിരിക്കാന്‍ പകല്‍ മുഴുവനും പ്രസ് ക്ളബിലും പരിസരത്തുമായി ഞാന്‍ കറങ്ങി നടന്നിരുന്നു. അങ്ങനെ മൂന്നരവര്‍ഷം. വ്യാജപരാതിക്കെതിരെ ബിനോയ് ജേക്കബിനും മറ്റുള്ളവര്‍ക്കും എതിരെ ഞാന്‍ പരാതി നല്‍കി. ആ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചപ്പോഴാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ കേസന്വേഷണം നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥ‌ര്‍ സ്വപ്നയെ ചോദ്യം ചെയ്തിരുന്നു. അവര്‍ കുറ്റമേറ്രുവെന്നാണ് അറിഞ്ഞത്. ഉന്നതങ്ങളിലെ സ്വാധീനം കാരണമാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം. എനിക്കെതിരെ പരാതി ഉയര്‍ന്ന ശേഷം സ്വപ്ന എയര്‍പോര്‍ട്ട് വിട്ടു. ബിനോയ് ജേക്കബ് മറ്റൊരു കമ്ബനിയുടെ ആളായി ഇപ്പോഴും അവിടെയുണ്ട്. ഇത്രയുംഗുരുതരമായ കേസിലെ പ്രതിക്ക് ഇതെക്കെ എങ്ങനെ സാധിക്കുന്നുവെന്ന് അന്വേഷിക്കണം. ഇവര്‍ രണ്ടു പേരുമല്ല എയര്‍ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും എനിക്കെതിരെ വ്യാജപരാതി ചമച്ചതിലും ആള്‍മാറാട്ടം നടത്തിയതിലും പങ്കുണ്ട്. വ്യക്തമായ അന്വേഷണം നടന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയതിനെക്കാളും വലിയ സത്യങ്ങള്‍ തെളിയും''- ഷിബു പറഞ്ഞു. ഇപ്പോള്‍ ഹൈദ്രാബാദിലെ ഏയര്‍പോര്‍ട്ട് ഗ്രൗണ്ട് ഓഫീസറാണ് ഷിബു. തന്റെ എല്ലാ സമ്ബാദ്യവും ചെലവഴിച്ചായാലും കേസിന്റെ പുറകെ പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top