Thursday, 12 Jul, 10.28 pm

ലേറ്റസ്റ്റ് ന്യൂസ്
അപവാദ പ്രചാരണം, പാലക്കാട് വനിതാ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

പാലക്കാട്: സോഷ്യല്‍ മീഡയയില്‍ അടക്കം ചിലര്‍ നടത്തുന്ന അപവാദ പ്രചാരണത്തില്‍ മനംനൊന്ത് പാലക്കാട് മങ്കര പഞ്ചായത്ത് പ്രസിഡന്റ് എസ്.ജിന്‍സി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിന്‍സിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനിക്ക‌ും പാര്‍ട്ടിക്കുമെതിരെ വീടുകള്‍ തോറും കയറിയിറങ്ങി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുന്നതായി കാട്ടി ജിന്‍സി ഇന്ന് മങ്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച്‌ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ജിന്‍സി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്.

മങ്കര പഞ്ചായത്തിലെ കാമകേളികള്‍ എന്ന തലക്കെട്ടില്‍ ആരുടേതാണെന്ന് വ്യക്തമാക്കാത്ത തരത്തിലുള്ള ഒരു നോട്ടീസ് കഴിഞ്ഞ ദിവസം രാത്രി പൂലോടി വാര്‍ഡിലെ വീടുകളില്‍ രാഷ്ട്രീയ പ്രതിയോഗികള്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയ വഴിയും അപവാദ പ്രചാരണങ്ങള്‍ നടന്നു. മങ്കര പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരനൊപ്പം സി.പി.എം അംഗമായ ജിന്‍സിയെ കണ്ടെന്നും ഇത് പാര്‍ട്ടിക്ക് അലങ്കാരമാണെന്നുമുള്ള തരത്തിലാണ് നോട്ടീസ് പ്രചരിച്ചത്. പിന്നാലെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജിന്‍സിയുടെ ഭര്‍ത്താവ് ഇതേപ്പറ്റി ചോദിച്ചുവെന്നും ഇതില്‍ മനംനൊന്താണ് അവര്‍ ആത്മഹത്യ ചെയ്‌തതെന്നുമാണ് വിവരം. മുമ്ബ് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്‌തിരുന്ന ജിന്‍സി എയര്‍ ഇഞ്ചക്ഷന്‍ ചെയ്‌താണ് മരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ബന്ധുക്കള്‍ ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം, ജിന്‍സിക്കെതിരെ അപവാദ പ്രചാരണം നടത്തിവയരെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് മങ്കര പൊലീസ് അറിയിച്ചു.
Dailyhunt
Top