Tuesday, 13 Aug, 1.14 am കേരളകൗമുദി

തിരുവനന്തപുരം
അരക്ഷിതാവസ്ഥയില്‍ 600ഓളം കുടുംബങ്ങള്‍

പാറശാല: ചെങ്കല്‍ ഗ്രാമപഞ്ചായത്തില്‍ നെയ്യാറിന്റെ കരയിലൂടെ നിര്‍മ്മിച്ചിട്ടുള്ള എം.എല്‍.എ റോഡ് എന്നറിയപ്പെടുന്ന പാഞ്ചിക്കാട്ട് കടവ് ബണ്ട് റോഡ് തകര്‍ന്നിട്ട് ഒന്നര വര്‍ഷത്തിലേറെയായി. കഴക്കൂട്ടം - കാരോട് ബൈപ്പാസ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നെയ്യാറിന് കുറുകെയുള്ള കൂറ്റന്‍ പാലത്തിന്റെ നിര്‍മ്മാണത്തെ തുടര്‍ന്നാണ് ഈ റോഡ് തകര്‍ന്നത്. പാലം നിര്‍മ്മിക്കുന്നതിനായി ആറ്റിനുള്ളില്‍ പൈപ്പുകള്‍ സ്ഥാപിച്ച ശേഷം മണ്ണിട്ട് താത്കാലിക റോഡ് നിര്‍മ്മിച്ചിരുന്നു. ഇതാണ് നെയ്യാര്‍ ഗതിമാറി ഒഴുകുന്നതിനും ബണ്ട് റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമായത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പല തവണ റോഡിന്റെ വശങ്ങളില്‍ മണല്‍ ചാക്കുകള്‍ അടുക്കി വെള്ളത്തിന്റെ മര്‍ദ്ദം തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് ഫലപ്രദമായില്ല. പാലം നിര്‍മ്മാണത്തിനായി ആറ്റിനുള്ളില്‍ ഒഴുക്ക് തടസപ്പെടുത്തുന്ന നിലയില്‍ സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ കഴിഞ്ഞ വേനല്‍ മഴയിലെ കുത്തൊഴുക്കില്‍ ഒലിച്ച്‌ പോയെങ്കിലും കരയിലെ ബണ്ട് റോഡിന്റെ പകുതിയിലേറെ ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാണു. ബണ്ട് റോഡ് തകര്‍ന്നതോടെ ഇതുവഴിയുണ്ടായിരുന്ന ഗതാഗതം തടസപ്പെടുകയും പ്രദേശത്തെ ജനങ്ങള്‍ ഇപ്പോള്‍ ഭീതിയിലുമായി. ബൈപാസ് റോഡുമായി ബന്ധപ്പെട്ട പ്രോജക്‌ട് ഒാഫീസര്‍ സ്ഥലത്തെത്തുകയും വേണ്ടത് ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിലേറെയായിട്ടും സര്‍ക്കാരോ ദേശീയ പാതയുടെ അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ബണ്ട് റോഡ് തകര്‍ന്നാല്‍ 600 ഓളം കുടുംബങ്ങള്‍ പാര്‍ക്കുന്ന പ്രദേശത്തെ മൂന്ന് ഗ്രാമങ്ങള്‍ മഴക്കാലത്ത് വെള്ളത്തിനടിയിലാകുമെന്നത് ഉറപ്പാണ്.

ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ വ്ലാത്താങ്കര, വ്ലാത്താങ്കര കിഴക്ക്, കീഴമ്മാകം എന്നീ വാര്‍ഡുകളിലെ ജനങ്ങളെ പ്രളയത്തില്‍ നിന്നു രക്ഷിക്കുന്നതിനായി കഴിഞ്ഞ 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ചതാണ് എം.എല്‍.എ റോഡ് എന്നറിയപ്പുടുന്ന ബണ്ട് റോഡ്. നാടിനെ വെള്ളപ്പൊക്കത്തില്‍ നിന്നു സംരക്ഷിക്കുന്നതിനായി സ്വകാര്യ ഉടമകള്‍ സ്വമേധയാ വിട്ടുനല്‍കിയ വസ്തുക്കളിലൂടെ നിര്‍മ്മിച്ചിട്ടുള്ള റോഡാണ് ഇപ്പോള്‍ കഴക്കൂട്ടം- കാരോട് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തെ തുടര്‍ന്ന് തകര്‍ന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top