Tuesday, 27 Oct, 3.20 am കേരളകൗമുദി

പ്രാദേശികം
അരങ്ങൊരുങ്ങിയിട്ടും ആളൊരുങ്ങിയില്ല...

 ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ തിരക്കില്ല

തിരുവനന്തപുരം:വിനോദസഞ്ചാര മേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ രണ്ടാഴ്ച പിന്നിട്ടിട്ടും ആളൊഴിഞ്ഞ് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ചുരുക്കം സഞ്ചാരികള്‍ മാത്രമാണ് ഇവിടെയെത്തുന്നത്. അവധി ദിനങ്ങളില്‍ പോലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഒഴിവുസമയം ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ചെലവിടാന്‍ ആളുകള്‍ മടിക്കുന്നതാണ് തിരക്ക് കുറയ്ക്കുന്നതെന്നാണ് വിലയിരുത്തല്‍. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊവിഡ‌് പ്രോട്ടോക്കോള്‍ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയ ശേഷമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ഹില്‍ സ്റ്റേഷനുകള്‍, സാഹസിക വിനോദകേന്ദ്രങ്ങള്‍, കായലോര ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചത്. നവംബര്‍ ഒന്ന് മുതല്‍ ബീച്ചുകളിലും പ്രവേശനം അനുവദിക്കും. ബീച്ചുകള്‍ തുറക്കുന്നതോടെ വിനോദസഞ്ചാരമേഖല കൂടുതല്‍ സജീവമാകുമെന്നാണ് ടൂറിസംവകുപ്പ് പ്രതീക്ഷിക്കുന്നത്. അതേസമയം ബീച്ചുകളില്‍ കൂടുതല്‍ ആളുകളെത്തിത്തുടങ്ങിയാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനാകുമോയെന്ന ആശങ്കയുമുണ്ട്. ആറ് മാസത്തിലധികമായി അടഞ്ഞുകിടക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നിട്ടും ആളുകളെത്താതായത് കച്ചവടം നടത്തിയിരുന്നവരുടെ പ്രതീക്ഷകളെ ഇല്ലാതാക്കി. പ്രതിസന്ധി മറികടക്കാമെന്ന് കരുതിയ ടാക്‌സി ഡ്രൈവര്‍മാരും ദുരിതത്തിലായി.

കൊവിഡില്‍ വലഞ്ഞ് ടൂറിസം

------------------------------------------------

ജില്ലയില്‍ ആക്കുളം ചില്‍ഡ്രന്‍സ് പാര്‍ക്ക്,​ കാപ്പില്‍ ബോട്ട് ക്ലബ്,​ പൂവാര്‍,​ നെയ്യാര്‍ ബോട്ട് ക്ലബ് എന്നീ സ്ഥലങ്ങളാണ് തുറന്നിട്ടുള്ളത്. തദ്ദേശീയരായ ചുരുക്കം പേരൊഴിച്ചാല്‍ മറ്റാളുകളൊന്നും എത്തിത്തുടങ്ങിയില്ല. പണി പൂര്‍ത്തിയാക്കാനുള്ളതിനാല്‍ വേളി ടൂറിസ്റ്റ് വില്ലേജ് അടച്ചിട്ടിരിക്കുകയാണ്. നെയ്യാര്‍ഡാം തുറന്ന് പ്രവര്‍ത്തിക്കാന്‍ ജലവിഭവ വകുപ്പ് അനുമതിയായില്ല. ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന പൊന്മുടി തുറക്കാന്‍ വനസംരക്ഷണ സമിതിയുടെ അനുമതി ആവശ്യമാണ്. പ്രദേശവാസികള്‍ക്ക് കൊവിഡ് ബാധിക്കുമോയെന്ന പേടി നിലനില്‍ക്കുന്നതിനാല്‍ പ്രവേശനം എന്ന് മുതല്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായില്ല.

''

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ചുരുക്കം ആളുകള്‍ മാത്രമാണെത്തുന്നത്. മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തിത്തുടങ്ങിയിട്ടില്ല. തലസ്ഥാനവാസികള്‍ കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന്റെ തെളിവാണ് ഈ തിരക്ക് കുറവ്.

- ബിന്ദുമണി,​ ‌ഡി.ടി.പി.സി സെക്രട്ടറി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top