Sunday, 25 Aug, 3.46 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
അരുണ്‍ ജയ്‌റ്റ്‌ലിയുടെ ഓര്‍മകള്‍ യമുനയുടെ തീരത്തില്‍ ലയിച്ചു, പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

ന്യൂഡല്‍ഹി:അന്തരിച്ച മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജയ്‌റ്റ്‌ലിയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹിയിലെ യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ സംസ്‌ക്കരിച്ചു. രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകള്‍ ജയ്‌റ്റ്‌ലിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഇവിടെ എത്തിയിരുന്നു. ഈ മാസം ഒമ്ബതിന് അനാരോഗ്യത്തെ തുടര്‍ന്ന് ഈ മാസം ഒമ്ബതിന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അരുണ്‍ ജയ്‌റ്റ്‌ലി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇന്ന് ബി.ജെ.പി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം സംസ്‌ക്കരിക്കാനായി നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുവന്നത്.

ഭൂരിഭാഗം കേന്ദ്രമന്ത്രിമാരും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, കപില്‍ സിബല്‍ തുടങ്ങിയവര്‍ സംസ്‌ക്കാര ചടങ്ങിന് എത്തിയിരുന്നു. വിദേശസന്ദര്‍ശത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിനെത്തിയില്ല. ഇന്ന് പാരീസില്‍ നടക്കുന്ന ജി 7ഉച്ചകോടി ഒഴിവാക്കി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സന്നദ്ധത അറിയിച്ച പ്രധാനമന്ത്രിയെ ബന്ധുക്കള്‍ തടയുകയായിരുന്നു.

ഒന്നാം മോദി മന്ത്രിസഭയില്‍ ജയ്റ്റ്ലി ധനമന്ത്രിയായിരുന്ന കാലത്താണ് നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങിയവ നടപ്പായത്. സുപ്രീംകോടതിയില്‍ അഭിഭാഷകനായും രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും ശോഭിച്ചു. അധികാരത്തിന്റെ തലക്കനം ഒരിക്കല്‍പ്പോലും പൊതുവേദിയില്‍ പ്രകടിപ്പിച്ചിട്ടില്ലാത്ത ജയ്റ്റ്ലി അക്കാര്യത്തില്‍ ബി.ജെ.പിയിലെ തികച്ചും വേറിട്ട മുഖമായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പും, ഒന്നാം മോദി സര്‍ക്കാരില്‍ ധനകാര്യം, പ്രതിരോധം തുടങ്ങിയ നിര്‍ണായക വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു. യു.പി.എ ഭരിച്ച പത്തുവര്‍ഷം രാജ്യസഭാ പ്രതിപക്ഷ നേതാവായി തിളങ്ങിയ ജയ്റ്റ്ലി മറുപക്ഷത്തുള്ള നേതാക്കള്‍ക്കും സ്വീകാര്യനായിരുന്നു. കടുത്ത പ്രമേഹം അടക്കം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ജയ്റ്റ്ലിയെ നിരന്തരം അലട്ടിയിരുന്നു. 2014ല്‍ കൊഴുപ്പുകുറയ്‌ക്കാനുള്ള ശസ്‌ത്രക്രിയയ്‌ക്കും 2018 മേയില്‍ വൃക്കമാറ്റിവയ്‌ക്കലിനും ശേഷം ആരോഗ്യം കൂടുതല്‍ വഷളായി. ഇക്കൊല്ലമാദ്യം തൊലിപ്പുറത്തെ കാന്‍സറിന് യു.എസില്‍ ചികിത്സ തേടിയിരുന്നു. ധനമന്ത്രിയായിരുന്ന അദ്ദേഹത്തിന് ആരോഗ്യകാരണങ്ങളാല്‍ മോദിസര്‍ക്കാരിന്റെ അവസാന ബഡ്‌ജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം മോദി മന്ത്രിസഭയില്‍ ചേരാതെ മാറി നിന്ന് ദക്ഷിണ ഡല്‍ഹിയിലെ സ്വവസതിയില്‍ വിശ്രമത്തില്‍ കഴിയുമ്ബോഴും നിര്‍ണായക രാഷ്ട്രീയ തീരുമാനങ്ങളോട് ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top