Tuesday, 03 Aug, 7.45 pm കേരളകൗമുദി

സോഷ്യല്‍ മീഡിയ
അത് താലിബാന്റെ ഇന്ത്യന്‍ വേര്‍ഷന്‍, ബാബരി മസ്ജിദ് പൊളിച്ച ഭീകരരും ബാമിയാനിലെ പ്രതിമകള്‍ തകര്‍ത്ത ഭീകരരും സംസാരിക്കുന്നത് ഒരേ വൈകാരികതയെന്ന് ബഷീര്‍ വളളിക്കുന്ന്

തിരുവനന്തപുരം: ബാബരി മസ്ജിദ് പൊളിച്ചു മാറ്റിയ ഭീകരരും ബാമിയാനിലെ പ്രതിമകള്‍ തകര്‍ത്ത ഭീകരരും സംസാരിക്കുന്നത് ഒരേ വൈകാരികതയാണെന്ന് സാമൂഹിക നിരീക്ഷകനും ബ്ലോ​ഗറുമായ ബഷീര്‍ വളളിക്കുന്ന്. അത്തരം വൈകാരികതകളെ വളരാന്‍ അനുവദിക്കരുത്, അവയ്ക്ക് വെള്ളവും വളവും നല്‍കരുത്. നല്‍കിയാല്‍ അത് ആ രാജ്യത്തെ ജനതയുടെ സ്വസ്ഥതയും ജീവശ്വാസവും ഇല്ലാതാക്കിയിട്ടേ അവസാനിക്കൂ. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പഠിക്കേണ്ട ആദ്യ പാഠം അതാണെന്നും ബഷീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബാമിയാനിലെ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ത്തപ്പോള്‍ അതിനെ ന്യായീകരിച്ചവരും താത്വിക മാനം നല്‍കിയവരേയും ഇവിടെ കണ്ടിരുന്നു. നാസര്‍ മുഹമ്മദിനെ കൊന്നതിന് കാല്പനിക മാനം നല്‍കുന്നവരും കണ്ടേക്കും. തത്ക്കാലം നാട്ടുകാരെ പേടിച്ച്‌ പുറത്ത് പറയാത്തതാവാം. അവസരം വരുമ്ബോള്‍ രൂപം മാറാവുന്ന പൊട്ടന്‍ഷ്യന്‍ താലിബാനികള്‍ നമുക്കിടയിലൊക്കെ ഉണ്ടാകും, ഉണ്ട്... അത്തരക്കാരെ കരുതിയിരിക്കുകയും കഴിയുന്നത്ര പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ഒരു മതേതര സമൂഹത്തിന് ചെയ്യാനുള്ളതെന്നും ബഷീര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫ്രീസറില്‍ ഇറച്ചി വെച്ചിട്ടുണ്ട് എന്ന് ആക്രോശിച്ച്‌ അഖ്‌ലാഖിനെ അടിച്ചു കൊന്ന ആള്‍ക്കൂട്ടവും താലിബാന്റെ ഇന്ത്യന്‍ വേര്‍ഷനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഷീര്‍ വളളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അഫ്‌ഗാനിസ്ഥാന്‍ പൂര്‍ണ്ണമായും താലിബാന്റെ പിടിയിലേക്ക് വീഴുകയാണ്. കാബൂളടക്കം അവശേഷിക്കുന്ന ഏതാനും ഇടങ്ങള്‍ കൂടി അവരുടെ കയ്യിലെത്താന്‍ ഇനിയെത്ര ദിവസം ബാക്കിയുണ്ട് എന്ന ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു ജനത സമ്ബൂര്‍ണ്ണമായി മത തീവ്രവാദികളുടെ ആയുധക്കരുത്തിന് മുന്നില്‍ ഒരു നിവൃത്തിയുമില്ലാതെ കീഴടങ്ങാന്‍ പോകുന്ന ദുരന്തമാണ് നാം കാണാന്‍ പോകുന്നത്.

ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ദാനിഷ് സിദ്ദിഖിയുടെ കൊല നാം കണ്ടു. ഹാസ്യ താരം നസര്‍ മുഹമ്മദ് കൊല്ലപ്പെട്ടത് നാം കണ്ടു. മൃഗീയമായ കൊലകള്‍. മതത്തിന്റെ പേരിലാണ്. ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പതാകയും വഹിച്ചു കൊണ്ട് ചെയ്യുന്ന പണിയാണ്. അധിനിവേശ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചക്കൊപ്പം, സംഗീതവും സിനിമയും ഫോട്ടോയുമൊക്കെ നിഷിദ്ധമാക്കി മതത്തെ വിചാരശൂന്യതയുടെ ഒരു നേര്‍രേഖയിലേക്ക് വലിച്ചു കൊണ്ട് വരുന്നതിന്റെ ബാക്കിപത്രം കൂടിയാണിത്. ബുദ്ധിയും ചിന്തയും ലവലേശമില്ലാത്ത ഏതാനും വികാരജീവികളുടെ കയ്യിലെ ആയുധമായി മതം മാറുമ്ബോള്‍ ഇതും ഇതിലധികവും സംഭവിക്കും. ഇത്തരം ചിന്താധാരകള്‍ പൊട്ടിമുളക്കുന്ന വേളയിലും അവ പതിയെ പടരുന്ന സമയത്തും ഒട്ടും പ്രതിരോധിക്കാതെ നോക്കി നിന്നാല്‍ ഇതുപോലുള്ള ദുരന്തങ്ങളില്‍ അത് പര്യവസാനിക്കും. അവ മണ്ണില്‍ കൂടുതല്‍ വേരുകളാഴ്ത്തി സമ്ബൂര്‍ണ്ണമായി പിടിമുറുക്കി കഴിഞ്ഞാല്‍ പിന്നെ പ്രതിരോധമില്ല, അനുഭവിക്കുക തന്നെ..

ബാമിയാനിലെ ബുദ്ധപ്രതിമകള്‍ താലിബാന്‍ തകര്‍ത്തപ്പോള്‍ അതിനെ ന്യായീകരിച്ചവരും താത്വിക മാനം നല്കിയവരേയും ഇവിടെ കണ്ടിരുന്നു. നാസര്‍ മുഹമ്മദിനെ കൊന്നതിന് കാല്പനിക മാനം നല്‍കുന്നവരും കണ്ടേക്കും. തത്ക്കാലം നാട്ടുകാരെ പേടിച്ച്‌ പുറത്ത് പറയാത്തതാവാം.
അവസരം വരുമ്ബോള്‍ രൂപം മാറാവുന്ന പൊട്ടന്‍ഷ്യന്‍ താലിബാനികള്‍ നമുക്കിടയിലൊക്കെ ഉണ്ടാകും, ഉണ്ട്.. അത്തരക്കാരെ കരുതിയിരിക്കുകയും കഴിയുന്നത്ര പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ഒരു മതേതര സമൂഹത്തിന് ചെയ്യാനുള്ളത്. കൈവിട്ട് പോകുന്നതിന് മുമ്ബേ ചെയ്യേണ്ട പ്രതിരോധങ്ങള്‍. ഇനിയൊന്നും ചെയ്യാനില്ല എന്ന നിസ്സഹായതയിലേക്ക് എത്തുന്നതിന് മുമ്ബ് കൈക്കൊള്ളേണ്ട സൂക്ഷ്മതയും ജാഗ്രതയും.

തീവ്രവാദം അതേത് മതത്തിന്റെ പേരിലായാലും മനുഷ്യരുടെ സ്വസ്ഥത ഇല്ലാതാക്കിയേ അവസാനിക്കൂ.. ഫ്രീസറില്‍ ഇറച്ചി വെച്ചിട്ടുണ്ട് എന്ന് ആക്രോശിച്ച്‌ അഖ്‌ലാഖിനെ അടിച്ചു കൊന്ന ആള്‍ക്കൂട്ടവും താലിബാന്റെ ഇന്ത്യന്‍ വേര്‍ഷനാണ്. ബാബരി മസ്ജിദ് പൊളിച്ചു മാറ്റിയ ഭീകരരും ബാമിയാനിലെ പ്രതിമകള്‍ തകര്‍ത്ത ഭീകരരും സംസാരിക്കുന്നത് ഒരേ വൈകാരികതയാണ്. അത്തരം വൈകാരികതകളെ വളരാന്‍ അനുവദിക്കരുത്, അവയ്ക്ക് വെള്ളവും വളവും നല്‍കരുത്. നല്‍കിയാല്‍ അത് ആ രാജ്യത്തെ ജനതയുടെ സ്വസ്ഥതയും ജീവശ്വാസവും ഇല്ലാതാക്കിയിട്ടേ അവസാനിക്കൂ.

അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പഠിക്കേണ്ട ആദ്യ പാഠം അതാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top