Monday, 22 Jul, 1.51 am കേരളകൗമുദി

പ്രാദേശികം
അവഗണനയുടെ ചുഴിയില്‍ വെറ്റക്കടത്തീരം

വര്‍ക്കല: ഇടവ വെറ്റക്കട തീരത്തെ ഫിഷിംഗ് ഹാര്‍ബറിനുള്ള സാദ്ധ്യത അധികൃതര്‍ അവഗണിക്കുന്നതായി പരാതി. ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ക്കും ബന്ധപ്പെട്ട വകുപ്പിനും നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ഇതേക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും അവര്‍ മെനക്കെടാറില്ലെന്നാണ് ആക്ഷേപം. ഇടവ വെറ്റക്കട അനുബന്ധ തീരങ്ങള്‍ കേന്ദ്രീകരിച്ച്‌ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന പരമ്ബരാഗത തൊഴിലാളികള്‍ നിരവധിയാണ്. ചിലക്കൂര്‍ മുതല്‍ കാപ്പില്‍ തെക്കുംഭാഗം വരെ നീളുന്ന ഏകദേശം 8 കിലോമീറ്റര്‍ മേഖലയില്‍ നിലവില്‍ മൂവായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ കൊല്ലം,ചവറ, നീണ്ടകര, കരുനാഗപളളി തുടങ്ങിയ തീരങ്ങളില്‍ നിന്നുള്ള യന്ത്രവത്കൃത യാനങ്ങളാണ് ഈ തീരത്തെ മത്സ്യസമ്ബത്ത് കൊണ്ടുപോകുന്നത്. ഇത് ഈ പ്രദേശത്തെ പരമ്ബരാഗത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഫിഷിംഗ് ഹാര്‍ബറിന് വേണ്ടിയുളള ആവശ്യം ശക്തമാകുന്നത്. കാപ്പില്‍ പടിഞ്ഞാറേ പൊഴിമുഖം അഴിയാക്കി മാറ്റി ഫിഷിംഗ് ഹാര്‍ബര്‍ രൂപ കല്പന ചെയ്താല്‍ നിര്‍മ്മാണ ചെലവ് പത്തിരട്ടിയോളം കുറയുമെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ നീണ്ടകര കഴിഞ്ഞാല്‍ വിഴിഞ്ഞത്ത് മാത്രമാണ് ഫിഷിംഗ് ഹാര്‍ബറുള്ളത്. സുസ്ഥിര തീരമായിരുന്ന ഇടവ - വെറ്റക്കട - കാപ്പില്‍ തീരപ്രദേശങ്ങള്‍ കാലവര്‍ഷക്കെടുതിയും അനധികൃത മണലൂറ്റും അവിചാരിതമായി ഉണ്ടാകുന്ന കടല്‍ക്ഷോഭവും അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണവും കാരണം നിത്യേന ശോഷിക്കുന്നതായി പഠനങ്ങള്‍ വെളിവാക്കുന്നു .തീര ശോഷണത്തെ അതിജീവിക്കാന്‍ ഹാര്‍ബര്‍ നിര്‍മ്മാണത്തിനു മുന്നോടിയായി നിശ്ചിത ദൂര പരിധിക്കുളളില്‍ പുലിമൂട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തിനും ഒരു വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. യാനങ്ങളുടെ ഏറ്റിറക്കങ്ങള്‍ക്കിടെ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്.

നാളിതുവരെ

കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.എ. മജീദ് ഹാ‌ര്‍ബര്‍ നിര്‍മ്മാണത്തിന് മുന്‍കൈയെടുത്തിരുന്നു

 ഹാര്‍ബര്‍ നിര്‍മ്മാണം സംബന്ധിച്ച്‌ ചില പഠനങ്ങള്‍ നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു

 അന്ന് ഇവിടങ്ങളില്‍ സജീവമായിരുന്ന കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളില്‍ കുരുങ്ങി പദ്ധതി പാളി.

പില്‍ക്കാലത്ത് കയര്‍വ്യവസായം നിലയ്ക്കുകയും മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ തീരത്തെ അവഗണിക്കുകയുമായിരുന്നു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top