Dailyhunt
ബംഗാളില്‍ നിന്ന്  മമത  പടിയിറങ്ങുന്നതില്‍ സന്തോഷം ബംഗ്ളാദേശിന്; ഏറെ നാളായി കണ്ണുവച്ചിരുന്ന കരാര്‍ ഇനി മോദി നടപ്പിലാക്കുമെന്ന് പ്രതീക്ഷ

ബംഗാളില്‍ നിന്ന് മമത പടിയിറങ്ങുന്നതില്‍ സന്തോഷം ബംഗ്ളാദേശിന്; ഏറെ നാളായി കണ്ണുവച്ചിരുന്ന കരാര്‍ ഇനി മോദി നടപ്പിലാക്കുമെന്ന് പ്രതീക്ഷ

കൊല്‍ക്കത്ത: 15 വർഷത്തെ ഭരണത്തിനുശേഷം അതിദയനീയമായ പരാജയമാണ് മമതാ ബാനർജി സർക്കാർ ഏറ്റുവാങ്ങിയത്. 200ലധികം സീറ്റുമായി ആധികാരിക വിജയം നേടി ബിജെപി ബംഗാളില്‍ അധികാരത്തിലേറാനൊരുങ്ങുകയാണ്.

തൃണമൂലിന് 81 സീറ്റിലൊതുങ്ങേണ്ടി വന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വോട്ടുകൊള്ള നടത്തിയാണ് ബിജെപി ജയിച്ചതെന്നാണ് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിക്കുന്നത്. തോല്‍വി അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കില്ലെന്നും അതിനാല്‍തന്നെ ഭരണഘടനപരമായി ഗവർണറെ കണ്ട് രാജി നല്‍കില്ലെന്നും മമത പറയുന്നു. നിലവിലെ നിയമസഭയുടെ കാലാവധി എട്ടിന് അവസാനിക്കുന്നതോടെ മമത സർക്കാരിന്റെ അധികാരം സ്വാഭാവികമായി ഇല്ലാതാകും. ചരിത്രവിജയം നേടിയ ബംഗാളിലെ ആദ്യ ബിജെപി സർക്കാർ ഒൻപതിന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.

ഇതിനിടെ ബിജെപിയുടെ വിജയത്തില്‍ ആശംസകളറിയിച്ചിരിക്കുകയാണ് ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി). ഇരു രാജ്യങ്ങളും തമ്മിലുള്ള ടീസ്റ്റ നദീജല പങ്കിടല്‍ കരാർ തടസപ്പെടുത്തിയതിന് മമത ബാനർജിയെ വിമർശിച്ചുകൊണ്ടാണ് ബിഎൻപി ബിജെപിക്ക് കൈയടിച്ചത്. ബിജെപിയുടെ വിജയം പശ്ചിമബംഗാളും ബംഗ്ലാദേശും തമ്മിലെ ബന്ധം നിലനി‌ർത്താനും ശക്തിപ്പെടുത്താനും സഹായിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

സുവേന്ദു അധികാരിയുടെ കീഴില്‍ ബിജെപിയുടെ പ്രകടനത്തെ ബിഎൻപി ഇൻഫർമേഷൻ സെക്രട്ടറി അസീസുള്‍ ബാരി ഹെലാല്‍ പ്രശംസിച്ചു. ദീർഘകാലമായി നിലനില്‍ക്കുന്ന ടീസ്റ്റ ജലവിഭജന വിഷയത്തില്‍ നീക്കങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു. മമത ബാനർജിയുടെ കീഴിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സർക്കാർ ടീസ്റ്റ ബാരേജ് കരാറിന് തടസമായി നിന്നിരുന്നു. പശ്ചിമ ബംഗാളില്‍ സുവേന്ദുവിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ബംഗ്ലാദേശ് ദീർഘകാലമായി ആഗ്രഹിക്കുന്ന കരാറുമായി സഹകരിക്കുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശ് സർക്കാരും മോദി സർക്കാരും വളരെയധികം ആഗ്രഹിച്ചിരുന്ന കരാറിനെ സുവേന്ദു സഹായിക്കുമെന്ന് കരുതുന്നു. ബംഗാളിലെ അധികാരമാറ്റം ധാക്കയും കൊല്‍ക്കത്തയും ഉള്‍പ്പെടുന്ന ദീർഘകാല അതിർത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ സഹായിക്കുമെന്നും ഇതിലൂടെ ബംഗ്ലാദേശും പശ്ചിമ ബംഗാളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യത തുറന്നിട്ടതായും അസീസുള്‍ ബാരി ഹെലാല്‍ പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ജലം പങ്കിടുന്നതില്‍ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളില്‍ ഒന്നാണ് ടീസ്റ്റ തർക്കം. 1996ലെ ഗംഗാ ജല ഉടമ്പടി പ്രകാരം പശ്ചിമബംഗാളിലൂടെ ഒഴുകുന്ന ഗംഗാനദിയിലെ അണക്കെട്ടായ ഫറാക്കയിലെ ജലം വരള്‍ച്ചാ സമയങ്ങളില്‍ ബംഗ്ലാദേശുമായി പങ്കിടണം. എന്നാല്‍ ഇന്ത്യ ആവശ്യത്തിന് വെള്ളം തുറന്നുവിടുന്നില്ലെന്നും ഇത് കൃഷിയെയും താഴ്ന്ന പ്രദേശങ്ങളിലെ ഉപജീവനമാർഗത്തെയും ബാധിക്കുന്നുവെന്നും ബംഗ്ലാദേശ് പറയുന്നു.

കരാർ ഈ വർഷം അവസാനത്തോടെ അവസാനിക്കുന്നതിനാല്‍ ടീസ്റ്റ ജലത്തിന്റെ ന്യായമായ വിഹിതമാണ് ബംഗ്ലാദേശ് ആവശ്യപ്പെടുന്നത്. സ്വന്തം ജല ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പശ്ചിമ ബംഗാള്‍ സർക്കാർ കരാറിനെ ഇതുവരെ എതിർത്തിരുന്നത്. 2011ല്‍ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ബംഗ്ലാദേശ് സന്ദർശിച്ചപ്പോള്‍ ടീസ്റ്റ ജലത്തിന്റെ 37.5 ശതമാനം ബംഗ്ളാദേശിനും 42.5 ശതമാനം ഇന്ത്യക്കും ലഭ്യമാക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചു. പശ്ചിമ ബംഗാള്‍ സർക്കാരിന്റെ എതിർപ്പിനെത്തുടർന്ന് ആ പദ്ധതി നടപ്പായില്ല. സംസ്ഥാനത്തിന്റെ കാർഷിക താല്‍പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിർപ്പ്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാക്ക സന്ദർശനം കരാറിന് പുതുജീവൻ നല്‍കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു.

ഇന്ത്യയും ബംഗ്ലാദേശും 54 നദികളാണ് പങ്കിടുന്നത്. എന്നാല്‍ ഇതുവരെ രണ്ട് കരാറുകളില്‍ മാത്രമാണ് ഒപ്പുവച്ചിട്ടുള്ളത്. ഗംഗാ ജല ഉടമ്പടി, കുഷിയാര നദി ഉടമ്പടി എന്നിവയാണിത്. ടീസ്റ്റയും ഫെനിയും ഉള്‍പ്പെടെയുള്ള മറ്റ് നദികള്‍ ഇപ്പോഴും ചർച്ചയിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi