Saturday, 12 Oct, 2.06 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഭക്ഷണമൊന്നും വേണ്ട സാറെ...ഞാനിപ്പോകുറച്ച്‌ എലി വിഷം അടിച്ചതേയുള്ളൂ, മാലക്കള്ളന്റെ വാക്കുകേട്ട് നെട്ടോട്ടമോടി പൊലീസ്, ഒടുവില്‍

കൊച്ചി: എന്താ ഒരു ക്ഷീണം, ഒന്നും കഴിച്ചിട്ടില്ലെങ്കില്‍ പുറത്ത് പോയി കഴിച്ചിട്ട് വരൂ... മാലപൊട്ടിക്കല്‍ പതിവായതോടെ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് എത്തിയ ഇടപ്പള്ളി സ്വദേശിയായ അജിത്തിനോട് വിശാല മനസിനുടമായ പൊലീസുകാരന്‍ പറഞ്ഞു. തലകുലുക്കി പുറത്ത് പോയ അജിത് കുറച്ച്‌ കഴിഞ്ഞ് തിരിച്ചെത്തി. കണ്ടപാടെ പൊലീസുകാരന്‍ വീണ്ടും ചോദിച്ചു എന്താടോ ഒന്നും കഴിച്ചില്ലേ ? ഉടന്‍ മറുപടിയെത്തി. വിശപ്പില്ല സാര്‍, ഞാന്‍ എലിവിഷം കഴിച്ചിട്ടാ വന്നേ ! എസ്.ഐ അടക്കം ഞെട്ടാന്‍ വേറെന്തുവേണം. പിന്നെ സ്റ്റേഷന്‍ ആകെ ജഗപൊകയായിരുന്നു.

ഉടന്‍ തന്നെ അജിത്തുമായി ജീപ്പ് കളമശ്ശേരി ആശുപത്രിയിലേക്ക് പാഞ്ഞു. അജിത്തിന്റെ മൊഴിയെടുത്തു. പിന്നീട് ഇയാളെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്ത അജിത് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്നലെയാണ് കൊച്ചി സിറ്റി പൊലീസിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. മാല പൊട്ടിക്കല്‍ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയിലെ മാല കവര്‍ച്ചക്കാരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അന്വേഷിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത്തിനെ വിളിപ്പിച്ചത്. തുടര്‍ന്നാണ് സ്റ്റേഷനില്‍ എത്തിയ അജിത് നാടകീയ അന്തരീക്ഷം സൃഷ്ടിച്ചത്. എന്നാല്‍, വിളിപ്പിച്ച സ്റ്റേഷനിലല്ല ഇയാള്‍ എത്തിയെന്നതാണ് കൗതുകം. ഇയാളുടെ പേരില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചോളം കേസുള്ളതായി പൊലീസ് പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top