കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെത്തുടർന്ന് തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിയുടെ വലിപ്പം വർദ്ധിക്കുകയാണ്.
പാർട്ടി ടിക്കറ്റില്‍ ജയിച്ച 80 എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും ഇപ്പോള്‍ മമതയ്‌ക്കെതിരാണ്. ഇതിനിടെ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി പാർട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ഇതോടൊപ്പം പാർട്ടിയുടെ എല്ലാ പോഷകസംഘടനകളും പിരിച്ചുവിട്ടതായും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
'പാർട്ടി അതിന്റെ എല്ലാ തലത്തിലും സമഗ്രമായ ആത്മപരിശോധനയും പ്രകടനത്തെകുറിച്ച് അവലോകനവും നടത്തും. ഈ അവലോകനങ്ങളുടെ അടിസ്ഥാനത്തില്‍ മാതൃസംഘടനയെയും മറ്റ് പോഷകസംഘടനകളെയും പുനഃസംഘടിപ്പിക്കും.' പാർട്ടി അതിന്റെ സംഘടനാശക്തിയെ മെച്ചപ്പെടുത്താനും ഭാവിയിലുണ്ടാകുന്ന വെല്ലുവിളികളെ കൂടുതല്‍ വീര്യത്തോടെ നേരിടാനും സജ്ജമാകുമെന്നും അതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പാർട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
80 തൃണമൂല്‍ എം.എല്‍.എമാരില്‍ 50 പേരും മമതാ ബാനർജിക്കെതിരെ തിരിഞ്ഞതാണ് പാർട്ടിയില്‍ വലിയ പ്രതിസന്ധിയാണ് നേതൃതലത്തില്‍ ഉണ്ടാക്കിയത്. വിമത എം.എല്‍.എമാർ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നീക്കം ആരംഭിച്ചു. ശോഭൻദേവ് ചതോപാദ്ധ്യായയെയാണ് മമതാ ബാനർജി പ്രതിപക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാല്‍ വിമത പക്ഷം റിതബ്രത ബാനർജിയെ പിന്തുണയ്ക്കുന്നു. മഹാരാഷ്ട്രയിലുണ്ടായ ശിവസേന മോഡല്‍ പിളർപ്പാണ് ബംഗാളില്‍ നടക്കാൻ പോകുന്നതെന്ന് സസ്‌പെൻഷനിലായ തൃണമൂല്‍ നേതാവ് റിജു ദത്തയും പറഞ്ഞു.

