Monday, 21 Oct, 7.14 pm കേരളകൗമുദി

തിരുവനന്തപുരം
ബിവറേജസ് : സമരസമിതി നേതാക്കളെ കോടതി വെറുതേവിട്ടു

ആറ്റിങ്ങല്‍: ചെറുവള്ളിമുക്കിലെ ജനവാസകേന്ദ്രത്തില്‍ തുറന്ന് പ്രവര്‍ത്തിച്ച ബിവറേജസ് ഔട്ട് ലെറ്റ് അടച്ചുപൂട്ടുന്നതിന് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം തീര്‍ത്തതിനെതിരെ കോടതി നടപടികള്‍ നേരിടേണ്ടിവന്ന നേതാക്കള്‍ കുറ്റക്കാരല്ലെന്നുകണ്ട് ആറ്റിങ്ങല്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതേവിട്ടു.2017 ല്‍ സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല കിഴുവിലം പഞ്ചായത്തിലെ ജനവാസകേന്ദ്രമായ ചെറുവള്ളിമുക്കിലേക്ക് മാറ്റി പ്രവര്‍ത്തനമാരംഭിച്ചതിനെതിരെയാണ് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മനുഷ്യമതില്‍ തീര്‍ത്ത്‌ 113 ദിവസം ഉപരോധം നടത്തിയത്.

ഹൈക്കോടതി ഉത്തരവ് ലംഘച്ചുവെന്നും മദ്യശാല ജീവനക്കാര്‍ക്ക് തൊഴില്‍ തടസം ഉണ്ടാക്കി എന്നും കാട്ടിയാണ് സമരസമിതി കണ്‍വീനറെ ഒന്നാംപ്രതിയാക്കിയും, പതിനൊന്നോളം ജനപ്രതിനിധികളെയും പൊതുപ്രവര്‍ത്തകരെയും മറ്റുപ്രതികളാക്കിയും പൊലീസ് കേസ് ചാര്‍ജ് ചെയ്തത്.

ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടായിരുന്നിട്ടും ജനകീയ സമരസമിതിയുടെ പ്രക്ഷോഭത്തിലൂടെ ഒരു മദ്യശാല അടച്ചുപൂട്ടിയ സംഭവം കേരളത്തില്‍ ഇതാദ്യമായിട്ടാണെന്ന് സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ ജനങ്ങള്‍ നയിച്ച സമരമായതിനാലാണ് അന്തിമ വിജയം തങ്ങള്‍ക്കനുകൂലമായതെന്ന് സമരസമിതി കണ്‍വീനറും ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എ.എസ്. ശ്രീകണ്ഠന്‍ പറഞ്ഞു. സമരസമിതി ചെയര്‍മാനും ഒന്നാം വാര്‍ഡ് മെമ്ബറുമായ ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ. അന്‍സാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപകുമാര്‍, ജനപ്രതിനിധികളായ ചന്ദ്രശേഖരന്‍ നായര്‍, ബി.എസ്. ബിജുകുമാര്‍, ഷാജഹാന്‍, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മഞ്ജു പ്രദീപ്, പൊതുപ്രവര്‍ത്തകരായ ചെറുവള്ളിമുക്ക് ബിജു, ആര്‍.എസ്. രാജീവ്, ദഞ്ചു ദാസ് ചെറുവള്ളിമുക്ക്, ജയദേവന്‍ പിള്ള എന്നിവരാണ് പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടത്. കോടതി വിധി തങ്ങള്‍ക്കനുകൂലമായതില്‍ സമരസമിതി അംഗങ്ങള്‍ കോടതിക്ക് പുറത്ത്‌ ആഹ്ളാദ പ്രകടനം നടത്തുകയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top