Monday, 04 Dec, 12.26 pm കേരളകൗമുദി

ദേശീയം
ടിഫാനി ബ്രാര്‍ റോള്‍ മോഡല്‍ അവാര്‍ഡ് ഏറ്റുവാങ്ങി

ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്കിടയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിനുള്ള അംഗീകാരമായി കേന്ദ്ര ദിവ്യാംഗന്‍ വകുപ്പ് ഏര്‍പ്പെടുത്തിയ റോള്‍ മോഡല്‍ അവാര്‍ഡ് സാമൂഹ്യ പ്രവര്‍ത്തക ടിഫാനി ബ്രാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ഏറ്റുവാങ്ങി. കാഴ്ചശക്തി കുറഞ്ഞ ജീവനക്കാരുടെ വിഭാഗത്തില്‍ ഇടുക്കി മൂലമറ്റം വളവിങ്കല്‍ വീട്ടില്‍ ആര്‍. ബിജു മോനും അവാര്‍ഡ് സ്വീകരിച്ചു. പ്രശസ്തി പത്രവും കാഷ് അവാര്‍ഡും അടങ്ങിയതാണ് അവാര്‍ഡ്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി 52 അവാര്‍ഡുകള്‍ വിതരണം ചെയ്തു.

ജന്‍മം കൊണ്ട് മലയാളി അല്ലെങ്കിലും തിരുവനന്തപുരം കേന്ദ്രമായി നടത്തുന്ന ജ്യോതിര്‍ഗമയ ഫൗണ്ടേഷന്റെ പ്രവര്‍ത്തനമാണ് ടിഫാനി ബ്രാറിനെ ഭിന്നശേഷിക്കാര്‍ക്കിടയിലെ റോള്‍ മോഡല്‍ അവാര്‍ഡിന് അര്‍ഹയാക്കിയത്. ജന്‍മനാ അന്ധയായ ടിഫാനിയുടെ ജ്യോതിര്‍ഗമയ കാഴ്ച ശേഷി ഇല്ലാത്തവര്‍ക്കും മറ്റു ഭിന്നശേഷിക്കാര്‍ക്കുമായി കംപ്യൂട്ടര്‍ പരിശീലനം, തൊഴില്‍ പരിശീലനം, പി.എസ്.സി പരിശീലനം എന്നിവ നല്‍കുന്നു. വീട്ടിലെത്തി പഠിപ്പിക്കുന്ന മൊബൈല്‍ സ്കൂളും ടിഫാനിയുടെ മറ്റൊരു സംരംഭമാണ്.

ഭിന്നശേഷിയുള്ള കാഴ്ച്ച കുറവുള്ള വിഭാഗത്തില്‍ മികച്ച ജീവനക്കാരനുള്ള അവാര്‍ഡാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ ബിജുമോന് ലഭിച്ചത്. റവന്യൂജീവനക്കാരുടെ സംഘടനയായ കെ.ആര്‍. ഡി.എസ്.എയുടെ ഇടുക്കി ജില്ലാ ജോയിന്റ് സെക്രട്ടറിയും ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.
Dailyhunt
Top