Tuesday, 22 Sep, 12.46 am കേരളകൗമുദി

ഒപ്പീനിയന്‍
എ.കെ.ആന്റണിയുടെ രാജിയും , കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവും

കാലം

2004 മേയ് 13.

രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സഖ്യം ബി.ജെ.പിയില്‍ നിന്ന് അധികാരം പിടിച്ചെടുത്തപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിട്ടു. എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭയാണ് അന്ന് ഭരിച്ചിരുന്നത്. മുന്നണിയില്‍ ലീഗിനാണ് പൊന്നാനിയില്‍ ആകെ ഒരു സീറ്റ് ലഭിച്ചത്. മത്സരിച്ച എല്ലാ സീറ്റിലും കോണ്‍ഗ്രസ് തോറ്റു. 18 സീറ്റുകള്‍ എല്‍.ഡി.എഫിന് ലഭിച്ചപ്പോള്‍ എന്‍.ഡി.എ മുന്നണിയില്‍ മത്സരിച്ച പി.സി.തോമസ് മൂവാറ്റുപുഴയില്‍ 529 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം നേടി. സി.പി.എമ്മിന്റെ പി.എം.ഇസ്മായിലാണ് രണ്ടാമത് വന്നത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ്.കെ.മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ.ആന്റണി മുഖ്യമന്ത്രിപദം രാജിവയ്‌ക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത് .

" ഇതൊരു ഷോക്ക് ട്രീറ്റ്മെന്റാണ്........... ജനവിധി മാനിക്കുന്നു. എന്റെ രാജിക്ക് തിടുക്കമെന്തിന് ? " -ഇതായിരുന്നു ആ ദിവസം എ.കെ.ആന്റണിയില്‍ നിന്നുണ്ടായ പ്രതികരണം. സത്യത്തില്‍ ആന്റണി അന്ന് പാര്‍ട്ടി അദ്ധ്യക്ഷയ്‌ക്ക് രാജിക്കത്തയച്ചിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്തത് കേരളകൗമുദി മാത്രവും.

ഫലം പുറത്തുവന്ന ആ ദിവസം ഓഫീസ് നിയോഗിച്ചതിനുസരിച്ച്‌ ഇതെഴുതുന്നയാള്‍ ഡല്‍ഹിക്ക് പോയി. ഉച്ചതിരിഞ്ഞ് തിരുവനന്തപുരത്തു നിന്നുള്ള വിമാനത്തിലായിരുന്നു യാത്ര. മുംബൈയില്‍ രണ്ട് മണിക്കൂറോളം ഹാള്‍ട്ടുണ്ട്. അവിടെ നിന്ന് ഡല്‍ഹിക്ക് പോകാനുള്ള യാത്രക്കാരില്‍ കോണ്‍ഗ്രസിന്റെ കര്‍ണാടകത്തില്‍ നിന്നുള്ള ഒരു പ്രമുഖ ദേശീയ നേതാവുണ്ടായിരുന്നു. മലയാളികള്‍ക്ക് പരിചിതന്‍. ഭാഗ്യവശാല്‍ എന്റെ അടുത്ത സീറ്റായിരുന്നു. നല്ല നീളമുള്ളയാളായതിനാല്‍ നടുക്കിരിക്കാനുള്ള ബുദ്ധിമുട്ട് പറഞ്ഞപ്പോള്‍ ഞാന്‍ ആ സീറ്റിലേക്ക് മാറി .

പരിചയപ്പെട്ടു. പത്രപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പരാജയത്തെക്കുറിച്ചായി സംഭാഷണം. ആള് സരസന്‍. ഇടയ്‌ക്കിടെ കേരളത്തിലെ ചില നേതാക്കളെക്കുറിച്ച്‌ കൗതുകകരമായ കമന്റ് അടിക്കുന്നുമുണ്ട്. നിറുത്താതെയുള്ള സംസാരം. സമയം പോയതറിഞ്ഞില്ല. വിമാനം ലാന്‍ഡ് ചെയ്യാറായപ്പോള്‍ അദ്ദേഹം ഒരു കാര്യം പറഞ്ഞു. ഒരു ചൂട് വാര്‍ത്ത തരാം. " നിങ്ങളുടെ മുഖ്യമന്ത്രി രാജിക്കത്ത് അയച്ചിട്ടുണ്ട്. എന്നെ ക്വോട്ട് ചെയ്യരുത്. ഫാക്സ് സന്ദേശമാണ്. പക്ഷേ സോണിയാജി അംഗീകരിച്ചിട്ടില്ല." വെറുതെ തള്ളിയാതാകുമോയെന്നും, ആദ്യമായി പരിചയപ്പെടുന്നയാളിനോട് ഇങ്ങനെ ഒരു വിവരം പറയുമോയെന്നുമുള്ള സംശയം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെപ്പോലെ ഒരു നേതാവ് കള്ളം പറയില്ലെന്ന് വിശ്വസിച്ചു. രാത്രി എട്ടരയോടെ വിമാനം ലാന്‍ഡ് ചെയ്തു. ഉടന്‍ തന്നെ ഞാനത് വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം കൗമുദിയുടെ

( മേയ് 14 ) ഒന്നാം പേജില്‍ ആ വാര്‍ത്ത വന്നു.

." എ.കെ.ആന്റണി രാജിവച്ചേക്കും " എന്ന തലക്കെട്ടില്‍ വന്ന ആ വാര്‍ത്ത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. തുടക്കം ഇങ്ങനെയായിരുന്നു.-

" കേരള മുഖ്യമന്ത്രി എ.കെ.ആന്റണി രാജിവച്ചേക്കുമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വക്താക്കള്‍ സൂചന നല്‍കി. കേരളത്തില്‍ കോണ്‍ഗ്രസിന് ഒരൊറ്റ സീറ്റ്പോലും നേടാനാവാതെ പരാജയപ്പെടേണ്ടി വന്നതിന്റെ ധാ‌ര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് എ.കെ.ആന്റണി ഇതിനകം സൂചിപ്പിച്ചതായി ഈ കേന്ദ്രങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷ ഇതുവരെ കൈക്കൊണ്ടിട്ടില്ല....." ഇങ്ങനെ പോകുന്നു ആ വാര്‍ത്ത.. അന്ന് സ്വീകരിക്കാതിരുന്ന രാജി രണ്ട് മാസം കഴിഞ്ഞ് സ്വീകരിച്ചു. ആ പ്രഖ്യാപനം വന്നത് നാടകീയമായിട്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ആന്റണിയുടെ രാജി സംബന്ധിച്ച്‌ കര്‍ണാടക നേതാവ് പറഞ്ഞത് ശരിയായിരുന്നു,കൗമുദി വാര്‍ത്തയും. ആ വാര്‍ത്ത വന്ന് ഒരാഴ്ച കഴിഞ്ഞ് ഡല്‍ഹി കേരള ഹൗസില്‍ വച്ച്‌ കണ്ടപ്പോള്‍ കൈപിടിച്ചമര്‍ത്തി ആന്റണി ചിരിച്ചു. താനിപ്പോഴും മുഖ്യമന്ത്രിയാണെന്ന് പറഞ്ഞു. കള്ളം പറയാത്ത ആന്റണി ആ വാര്‍ത്ത നിഷേധിച്ചില്ല. ഇതിപ്പോള്‍ ഇവിടെ എഴുതാന്‍ കാരണം ഉമ്മന്‍ചാണ്ടി നിയമസഭാംഗമായതിന്റെ അമ്ബതാം വാര്‍ഷികത്തില്‍ ആന്റണിയുടെ രാജി സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ എന്ന നിലയില്‍ ചില വാര്‍ത്തകള്‍ വന്നതിനാലാണ്

2004 ലെ ആ തിരഞ്ഞെടുപ്പില്‍ ഏറ്റവും നഷ്ടം സംഭവിച്ചത് വി.എം.സുധീരനായിരുന്നു. ജയിച്ചിരുന്നെങ്കില്‍ സുധീരന്‍ ഉറപ്പായും അന്ന് കേന്ദ്ര കാബിനറ്റ് മന്ത്രിയാകുമായിരുന്നു. ആലപ്പുഴയില്‍ 1009 വോട്ടിനായിരുന്നു സുധീരന്റെ പരാജയം. സുധീരനോടൊപ്പം മത്സരിച്ച അപരന്‍ വി.എസ്. സുധീരന്‍ 8000 വോട്ട് പിടിച്ചു. സി.പി.എം. ആ തിരഞ്ഞെടുപ്പില്‍ കണ്ടെത്തിയ ഡോ.കെ.എസ്.മനോജ് ആയിരുന്നു സുധീരനെ തോല്‍പ്പിച്ചത്. 2009 ല്‍ കെ.സി വേണുഗോപാലിനോട് പരാജയപ്പെട്ട മനോജ് കുറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഗള്‍ഫിലേക്ക് പോയി.

കോണ്‍ഗ്രസിലെ ഉള്‍പ്പോരും ,സര്‍ക്കാര്‍ ജീവനക്കാരിലും പൊലീസിലുമുണ്ടായ അസ്വാരസ്യങ്ങളും കോണ്‍ഗ്രസിന്റെ അന്നത്തെ തോല്‍വിയുടെ കാരണങ്ങളായിരുന്നു. സുധീരന്‍ പിന്നീട് പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് വന്നതേയില്ല. ആന്റണി കേരള രാഷ്ട്രീയത്തിലേക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top