Thursday, 29 Jul, 11.41 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഈ അബദ്ധത്തിന് നാളെ അമേരിക്ക ദു:ഖിക്കേണ്ടി വരും, അഫ്ഗാനിസ്ഥാനില്‍ താലിബാനുമായി കൈകോര്‍ത്ത് ചൈന, ഇടയില്‍ പാലമിട്ട് പാകിസ്ഥാനും

ബീജിംഗ് : അഫ്ഗാനിസ്ഥാനില്‍ ഇരുപത് വര്‍ഷം നീണ്ട സൈനിക ഇടപെടലിന് അറുതി വരുത്തി അമേരിക്കന്‍ സൈന്യം മടങ്ങുന്നത് താലിബാനെ വേരോടെ പിഴുതെറിയാതെയാണ്. അമേരിക്ക പിന്‍മാറ്റം ആരംഭിച്ചത് മുതല്‍ വര്‍ദ്ധിത വീര്യത്തോടെ അഫ്ഗാന്‍ പിടിച്ചെടുക്കാനുള്ള പടപ്പുറപ്പാടിലാണ് താലിബാന്‍ ഭീകരര്‍. ഇവര്‍ക്ക് ആയുധവും, മറ്റ് സൗകര്യങ്ങളും നല്‍കുന്നത് പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയാണെന്നുള്ളതിന് ധാരാളം തെളിവുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തിലേക്ക് താലിബാന് പിന്തുണയുമായി ഒരു രാജ്യം കൂടി കടന്നു വരികയാണ്. അമേരിക്കയ്ക്ക് തലവേദനായി മുന്നിലുള്ള ചൈനയാണ് ആ രാജ്യം.

കഴിഞ്ഞ ദിവസം ചൈനയില്‍ സന്ദര്‍ശനം നടത്തിയ താലിബാന്‍ പ്രതിനിധി സംഘം വിദേശകാര്യ മന്ത്രി വാങ് യിയെ സന്ദര്‍ശിച്ചിരുന്നു. തങ്ങളുടെ മണ്ണില്‍ നിന്നും ചൈന വിരുദ്ധമായ ഒന്നും നടത്താന്‍ അനുവദിക്കില്ലെന്ന ഉറപ്പാണ് ഇവര്‍ വാങ് യിക്ക് നല്‍കിയിരിക്കുന്നത്. ഇതോടെ താലിബാനെ വിശുദ്ധരായി കാണാനുള്ള ഒരുക്കത്തിലാണ് ചൈന. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തില്‍ താലിബാന് പ്രധാന പങ്കുണ്ടെന്ന് ചൈന സന്ദര്‍ശനത്തിന് പിന്നാലെ വ്യക്തമാക്കി. സമാധാന പ്രക്രിയയും സുരക്ഷാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്തതായി താലിബാന്‍ വക്താവ് അറിയിച്ചു. വടക്കന്‍ ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്.

ഒരു വെടിക്ക് പക്ഷികള്‍ പലത്

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക പിന്‍മാറുന്നതോടെ റഷ്യ കണ്ണുവയ്ക്കുമെന്ന കണക്കുകൂട്ടല്‍ നയതന്ത്ര വിദഗ്ദ്ധര്‍ക്ക് മേലുണ്ട്. റഷ്യയുടെ മുന്നേറ്റത്തെ തടയിടാന്‍ താലിബാനുമായുള്ള സഖ്യം സഹായിക്കുമെന്ന് തന്നെയാണ് ചൈന കണക്കുകൂട്ടുന്നത്. രണ്ടാമതായി അമേരിക്കയ്ക്ക് വീണ്ടും അഫ്ഗാനിസ്ഥാനിലേക്കുള്ള വഴി കൊട്ടിയടക്കുക എന്ന ലക്ഷ്യവുമുണ്ട്.

ഇരുപത് വര്‍ഷമായി അമേരിക്ക ഏഷ്യന്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനുള്ള പ്രധാന കാരണമാണ് അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടല്‍. ഏഷ്യയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള അമേരിക്കന്‍ പ്രതിരോധ പദ്ധതിയുടെ മുനയൊടിക്കാനും ഇതിലൂടെ ചൈന ലക്ഷ്യമിടുന്നുണ്ട്. ഇതിനു പുറമേ അഫ്ഗാനിസ്ഥാനില്‍ നേരിട്ട് ഇടപെടേണ്ട ആവശ്യവും ചൈനയ്ക്കില്ല. പാകിസ്ഥാനിലൂടെ അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കി എടുക്കാനാവും.

മുസ്ലീം ന്യൂനപക്ഷങ്ങളുടെ മേല്‍ സ്വന്തം രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ചൈനയ്ക്ക് നേരെ അഫ്ഗാന്‍ പിടിച്ചെടുത്താല്‍ താലിബാന്‍ തിരിയുമെന്ന് കരുതിയവര്‍ക്കുള്ള പ്രഹരവുമാണ് ചൈന താലിബാന്‍ ചര്‍ച്ച. പാകിസ്ഥാനിലൂടെ ചൈന നടപ്പിലാക്കുന്ന വ്യാപാര ഇടനാഴി അടക്കമുള്ള പദ്ധതികളില്‍ താലിബാന്‍ ഭീഷണി ഒഴിവാക്കാനും ചൈനയ്ക്ക് ചുവടു മാറ്റത്തിലൂടെ ആകും. ഇതിനെല്ലാം പുറമേ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പാദമുദ്ര പതിയാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് ചൈനയുടെ ഈ നീക്കം.

അതേസമയം അന്താരാഷ്ട്ര വേദിയില്‍ കൂടുതല്‍ അംഗീകാരം നേടാന്‍ ചൈനയിലൂടെ താലിബാനാകും. ചൈനയുടെ ക്ഷണം സ്വീകരിച്ചാണ് കൂടിക്കാഴ്ച നടന്നതെന്ന് താലിബാന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top