Friday, 02 Oct, 4.50 am കേരളകൗമുദി

പ്രാദേശികം
ഈ കിണറിനുമുണ്ട് ഒരു കഥപറയാന്‍

• ആലുവ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കിണര്‍

എസ്.ഐ മുഹമ്മദ് കബീര്‍ സ്വന്തം പണം മുടക്കി നവീകരിച്ച കഥ

ആലുവ: ആലുവ പൊലീസ് കണ്‍ട്രോള്‍ റൂമിലെ എസ്.ഐ മുഹമ്മദ് കബീറിന് ഇനി രണ്ട് വര്‍ഷം കൂടിയാണ് സര്‍വീസില്‍ ബാക്കി. മൂന്നര പതിറ്റാണ്ടത്തെ സേവനം. ജീവിതമേകിയ സേനക്ക് തിരിച്ചെന്ത് നല്‍കിയെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പൊലീസ് ക്വാര്‍ട്ടേഴ്സ് വളപ്പിലെ ഉറവവറ്റാത്ത കിണര്‍.

ക്വാര്‍ട്ടേഴ്സിന് പിന്നില്‍ കാടുമൂടി കിടന്ന കിണര്‍ 1.15 ലക്ഷം രൂപ സ്വന്തം പോക്കറ്റില്‍ നിന്നും ചെലവഴിച്ചാണ് മുഹമ്മദ് കബീര്‍ നവീകരിച്ചത്. 2018ലെ മഹാപ്രളയത്തില്‍ ആലുവ ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ കുടിവെള്ളം ഇല്ലാതെ പൊലീസുകാര്‍ ദുരിതത്തിലായി. അന്ന് ആലുവ ട്രാഫിക്ക് എസ്.ഐയായിരുന്നു മുഹമ്മദ് കബീര്‍. ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രളയ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എന്‍.ഡി.ആര്‍.എഫ് സംഘവുമുണ്ട്. എല്ലാവരും വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ക്കുള്ള ജലവിതരണ ചുമതല എസ്.ഐ കബീറിനായിരുന്നു.

നേതാജി റോഡില്‍ താമസിക്കുന്ന പരിസരവാസിയായ വൃദ്ധനാണ് ക്വാര്‍ട്ടേഴ്സിന് പിന്നിലെ കിണറിനെക്കുറിച്ച്‌ കബീറിനെ അറിയിച്ചത്. പൊലീസുകാര്‍ കാട് വെട്ടിത്തെളിച്ച്‌ കിണര്‍ കണ്ടെത്തി. കൈവരിയില്ലെങ്കിലും രണ്ട് ചെറിയ കോണ്‍ക്രീറ്റ് തൂണുകള്‍ ഉണ്ടായിരുന്നു. പലഘട്ടങ്ങളിലായി കിണര്‍ നവീകരിച്ചു. മാലിന്യങ്ങള്‍ നീക്കി, 14 റിംഗുകള്‍ കൂടി പുതിയതായി ഇറക്കി. ചുറ്റും ടൈലും കോണ്‍ക്രീറ്റ് കട്ടകളും വിരിച്ച്‌ മനോഹരമാക്കി. 'കിണറ്റിങ്കര' എന്ന പേരുമിട്ടു.

പൊലീസ് ലൈബ്രറിക്ക് മുമ്ബിലായതിനാല്‍ സായാഹ്നങ്ങളില്‍ വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങളുമുണ്ട്. മാസങ്ങള്‍ക്ക് മുമ്ബ് ഡി.ജി.പി ഉദ്ഘാടനത്തിന് സന്നദ്ധമായെങ്കിലും കൊവിഡ് മുടക്കി.

ഇന്ന് രാവിലെ ഒമ്ബതിന് ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് കിണര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കബീര്‍ അദ്ധ്യക്ഷത വഹിക്കും. എ.എസ്.പി ഇ.എന്‍. സുരേഷ്, ഡിവൈ.എസ്.പിമാരായ ആര്‍. റാഫി, ജി. വേണു, മധുബാബു, എം.കെ. മുരളി, അജിത്ത് കുമാര്‍, കെ.എം. ഷെമീര്‍ എന്നിവര്‍ സംബന്ധിക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top