പ്രാദേശികം
'ഈ തിലകം മണ്ണിനെ പ്രണയിച്ച സിബിച്ചേട്ടന്റെ ഓര്‍മ്മയ്‌ക്ക്...'

തൃശൂര്‍: ' സിബിച്ചേട്ടനില്ലായിരുന്നെങ്കില്‍ ഞാനെന്ന കര്‍ഷകയില്ല... മണ്ണിനെയും കൃഷിയെയും ജീവനുതുല്യം പ്രണയിച്ച അദ്ദേഹത്തിനുളളതാണ് ഈ നേട്ടം, ഇതൊന്നും കാണാനാവാതെ, ഇല്ലാതെ പോയല്ലോ...'
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷകവനിതയ്ക്കുളള കര്‍ഷകതിലകം പുരസ്‌കാരം നേടിയ ഒല്ലൂക്കര പാണഞ്ചേരി കല്ലിങ്കല്‍ വീട്ടില്‍ സ്വപ്നയ്ക്ക് വാക്കുകളിടറി. പന്ത്രണ്ടേക്കര്‍ ഭൂമിയില്‍ സ്വപ്നയുടെ ഭര്‍ത്താവ് സിബി കല്ലിങ്കല്‍ ചെയ്യാത്ത കൃഷികളില്ലായിരുന്നു, തെങ്ങ്, കവുങ്ങ്, ജാതി, കുരുമുളക്, മഞ്ഞള്‍, കൊടമ്ബുളി, ഏലം, ഗ്രാമ്ബൂ, പശു, കുതിര, നായ, മുയല്‍, കോഴി, വാത്ത, താറാവ്, അലങ്കാരമത്സ്യങ്ങള്‍, ചെടികള്‍, ഫലവൃക്ഷങ്ങള്‍... സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ കര്‍ഷകോത്തമ അവാര്‍ഡും 2018ലെ ജഗ് ജീവന്‍ റാം ദേശീയ കര്‍ഷകപുരസ്‌കാരവും അടക്കം നിരവധി ബഹുമതികളുമായി സിബി, യുവാക്കള്‍ക്ക് മാതൃകയാവുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ എല്ലാ ഉത്തരവാദിത്വങ്ങളും സ്വപ്നയ്ക്ക് കൈമാറി ഒന്നരവര്‍ഷം മുന്‍പ് സിബി (49) വിട പറഞ്ഞു. ഇടുക്കി നരിയമ്ബാറയിലെ ഏലത്തോട്ടത്തില്‍ ദേഹത്തേക്ക് മരം ഒടിഞ്ഞുവീണായിരുന്നു മരണം. സുഹൃത്തുക്കളോടൊപ്പം കൃഷിയിടത്തിലേക്ക് ഏലത്തട്ടകള്‍ വാങ്ങാനെത്തിയതായിരുന്നു.
പുരോഗമന കാര്‍ഷികാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ജഗ് ജീവന്‍ റാം ദേശീയ പുരസ്‌കാരം ലഭിച്ച ആദ്യ മലയാളിയായിരുന്നു സിബി. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ പ്‌ളാന്റ് ജെനോം സേവിയര്‍ അവാര്‍ഡ്, തൃശൂര്‍ ജില്ലയിലെ മികച്ച കര്‍ഷകനുള്ള നബാര്‍ഡിന്റെ മിക്‌സഡ് ക്രോപ്പ് അവാര്‍ഡ് തുടങ്ങിയവയും തേടിയെത്തി. ആ നേട്ടങ്ങളിലെല്ലാം പ്രചോദനമായി സ്വപ്നയുമുണ്ടായിരുന്നു.
അച്ഛന്‍ വര്‍ഗീസ് കല്ലിങ്കലിന്റെ വഴിയിലൂടെയാണ് ബിരുദധാരിയായ സിബി കൃഷിയിലേക്കെത്തിയത്. സ്വയം വികസിപ്പിച്ച 12 ഇനം ജാതിയും കൃഷി ചെയ്തിരുന്നു. ജൈവകൃഷിരീതിയിലുളള തോട്ടം കാണാന്‍ വിദ്യാര്‍ത്ഥികളും ഗവേഷകരും വിദേശികളുമടക്കമെത്തി. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദധാരിയായ സ്വപ്നയ്ക്കും കൃഷി ആവേശമായത് സിബിയുടെ വഴിയിലൂടെ നടന്നാണ്.
വന്യമൃഗങ്ങളോട് പൊരുതി...
സിബിയുടെ മരണശേഷം സ്വപ്ന തളര്‍ന്നില്ല. ഭര്‍ത്താവിന്റെ സ്വപ്നങ്ങളും മോഹങ്ങളും സഫലമാക്കാന്‍ രാപ്പകല്‍ മണ്ണിലിറങ്ങി. ബി ആര്‍ക്കിന് പഠിക്കുന്ന മകള്‍ ടാനിയയും ആറാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ മകന്‍ തരുണുമുണ്ട് കൂട്ടിന്.
കാട്ടുപന്നിയും മലയണ്ണാനുമെല്ലാം തേങ്ങയും വാഴയും ജാതിക്കയുമെല്ലാം തിന്നൊടുക്കുമ്ബോഴും നിരാശപ്പെട്ടില്ല. സ്വര്‍ണ്ണമെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും അമ്ബതിനായിരം രൂപയും അടങ്ങുന്ന പുരസ്‌കാരം, കഠിനാദ്ധ്വാനത്തിനു മാത്രമല്ല, ഈ നിശ്ചയദാര്‍ഢ്യത്തിനു കൂടിയാണ്...
സ്ത്രീകള്‍ കൃഷിയിടങ്ങളിലിറങ്ങണം
'' വീടും പറമ്ബും കൊണ്ടുനടക്കാന്‍ സമയം കിട്ടുന്നില്ലെന്നും കഷ്ടപ്പാടുണ്ടെന്നും പറഞ്ഞ് വീട്ടമ്മമാര്‍ കൃഷി ചെയ്യാതിരിക്കരുത്. സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നുവന്നാല്‍ മാത്രമേ, കാര്‍ഷികമേഖലയില്‍ മാറ്റമുണ്ടാകൂ... ''
- സ്വപ്ന