Dailyhunt
'എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കും', മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഓടിയൊളിച്ച്‌ എം വി ഗോവിന്ദൻ

'എല്ലാവര്‍ക്കും പറയാനുള്ളത് കേള്‍ക്കും', മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഓടിയൊളിച്ച്‌ എം വി ഗോവിന്ദൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമെന്ന് പ്രതികരിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

പാർട്ടിയുടെ എല്ലാ ഘടകങ്ങളെയും വിളിച്ചുചേർത്ത് പാർട്ടി അംഗങ്ങള്‍ക്കും എല്ലാവർക്കും പറയാനുള്ളത് കേള്‍ക്കുമെന്നും തിരുത്തല്‍ വരുത്തി തിരിച്ചുവരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഈ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് 37.6 ശതമാനം വോട്ട് കിട്ടി. താരതമ്യേന കുറഞ്ഞ വോട്ടിംഗ്‌ ശതമാനമാണിത്. 2019ലെ തിരഞ്ഞെടുപ്പില്‍ 35.1 ശതമാനവും 2024ല്‍ 35.29 ശതമാനവുമാണ് വോട്ട് ലഭിച്ചത്. ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തില്‍ തിരഞ്ഞെടുപ്പ് പ്രാഥമിക പരിശോധന മാത്രമാണ് നടത്തുന്നത്. മേയ്, ജൂണ്‍ മാസങ്ങളില്‍ പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർത്ത് എല്ലാ അംഗങ്ങള്‍ക്കും പറയാനുള്ളത് കേള്‍ക്കാനാണ് ആലോചിക്കുന്നത്. പാർട്ടി സഖാക്കള്‍ക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ സാധിക്കണം.

ഇത്തരത്തില്‍ എല്ലാ ഘടകങ്ങളുടെയും യോഗം ചേർന്നാകും പാർട്ടി തിരഞ്ഞെടുപ്പ് റിവ്യു തയ്യാറാക്കുക. ഇതിന് പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും അഭിപ്രായം മുഖവിലക്കെടുക്കും. എല്ലാവിധ തിരുത്തലും വരുത്തി പാർട്ടി മുന്നേറും. എം വി ഗോവിന്ദൻ വ്യക്തമാക്കി. എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച്‌ പറഞ്ഞുവച്ചതല്ലാതെ മാദ്ധ്യമങ്ങള്‍ ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം നല്‍കാതെ അദ്ദേഹം അതിവേഗം വാർത്താസമ്മേളനം പൂർത്തിയാക്കി മടങ്ങുകയാണ് ഉണ്ടായത്. ആരാണ് പ്രതിപക്ഷ നേതാവ് എന്നതിന്റെ ഒരു സൂചനയും അദ്ദേഹം നല്‍കിയില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi