വാണിജ്യം
എം.വി.ആര്‍ പകര്‍ന്നുനല്‍കിയ കരുത്തുമായി എം.കെ. കണ്ണന്‍

കണ്ണൂര്‍: സഹകരണമന്ത്രിയും സി. എം.പി ജനറല്‍ സെക്രട്ടറിയുമായിരുന്ന എം.വി. രാഘവനില്‍ നിന്ന് നേടിയ സഹകരണപാഠത്തിന്റെ ആത്മവിശ്വാസത്തിലാണ് എം.കെ. കണ്ണന്‍ കേരള ബാങ്ക് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 1964 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന കണ്ണന്‍ 1986ലാണ് സി.എം.പിയില്‍ ചേരുന്നത്.
1998ല്‍ തൃശൂര്‍ എം.എല്‍.എയായി. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, തൃശൂര്‍ അര്‍ബന്‍ ഡവലപ്പ്മെന്റ് അതോറിറ്റി ചെയര്‍മാന്‍, സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തൃശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍, തൃശൂര്‍ ജില്ലാ സഹകരണ ആയുര്‍വേദ ആശുപത്രി പ്രസിഡന്റ്, സി. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്, സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
കെ. ആര്‍. അരവിന്ദാക്ഷന്റെ നിര്യാണത്തെ തുടര്‍ന്നാണ് സി.എം.പി ജനറല്‍ സെക്രട്ടറിയായത്. സി.പി.എമ്മുമായി അടുപ്പം പുലര്‍ത്തിയിരുന്ന കണ്ണന്‍ സംഘടനയെ സി.പി.എമ്മില്‍ ലയിപ്പിക്കാനുള്ള ചര്‍ച്ചയിലും സജീവമായിരുന്നു. ഇതിനിടെയാണ് കോടതിവിലക്ക് നിലനില്‍ക്കെ, കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സി.എം.പി കണ്ണന്‍ വിഭാഗം സി.പി.എമ്മില്‍ ലയിച്ചത്. കൊല്ലത്ത് നടന്ന ലയനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.
സി.എം.പി സ്ഥാപകനായ എം.വി രാഘവന്റെ മകന്‍ എം.വി രാജേഷിന്റെ ഹര്‍ജിയിലാണ് സി.എം.പി-സി.പി.എം ലയനം എറണാകുളം മുന്‍സിഫ് കോടതി വിലക്കിയത്. എന്നാല്‍, ലയനസമ്മേളനവുമായി കണ്ണന്‍ മുന്നോട്ട് പോവുകയായിരുന്നു.
തൃശൂര്‍ പൂങ്കുന്നം സ്വദേശിയാണ്. കാര്‍ഷിക വികസന ബാങ്കില്‍ നിന്ന് വിരമിച്ച രമണി ഭാര്യയും മൃദുല, മൃദേഷ് എന്നിവര്‍ മക്കളുമാണ്.