Sunday, 20 Oct, 12.14 am കേരളകൗമുദി

തിരുവനന്തപുരം
എങ്ങുമെത്താതെ കൊപ്പം - വിതുര നടപ്പാത നിര്‍മ്മാണം

വിതുര: തൊളിക്കോട്- വിതുര പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിതുര- ചായം റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച്‌ റോഡിന്റെ ഉദ്ഘാടനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനിശ്ചിതമായി നീളുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതിയുണ്ട്. ടാറിംഗ് ഉള്‍പ്പടെയുള്ള പണികള്‍ ഏറകുറെ പൂര്‍ത്തീകരിച്ചെങ്കിലും കൊപ്പം മുതല്‍ വിതുര വരെയുള്ള റോഡിന്റെ നടപ്പാത നിര്‍മ്മാണം മാസങ്ങളായി തടസപ്പെട്ടുകിടക്കുകയാണ്. നടപ്പാത നിര്‍മ്മിക്കുന്നതിനായി റോഡരികില്‍ ഇറക്കിയ സാധനങ്ങള്‍ കാരണം ഗതാഗത തടസവും അപകടങ്ങളും ഉണ്ടാക്കുന്നതായും പരാതിയുണ്ട്. മാത്രമല്ല ചിലമേഖലകളില്‍ പുറംപോക്ക് ഒഴിപ്പിച്ച്‌ റോഡിന്റെ വീതി കൂട്ടിയില്ലെന്നും ആക്ഷേപമുണ്ട്.

വിതുര- കലുങ്ക് ജംഗ്ഷന്‍ മുതല്‍ ചായം ജംഗ്ഷന്‍ വരെയുള്ള ഒന്നരക്കിലോമീറ്റര്‍ റോഡ് 2.40 കോടി ചെലവാക്കിയാണ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ ആവശ്യമായ ഓടകളും സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കുകയും ചായം മുതല്‍ കൊപ്പം വരെയുള്ള ഭാഗത്തെ പുറംപോക്ക് ഇടിച്ചു നിരത്തി വീതി കൂട്ടുകയും ചെയ്തിരുന്നു. ആദ്യം വേഗത്തില്‍ നടന്ന നിര്‍മ്മാണം മാസങ്ങള്‍ പിന്നിട്ടതോടെ ഒച്ചിഴയും വേഗത്തിലായി. ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചമട്ടാണ്. റോഡിന്റെ നിര്‍മ്മാണ പ്രവത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. റോഡിന്റെ തകര്‍ച്ച ചൂണ്ടിക്കാട്ടി കേരളകൗമുദി തുടരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതോടെ കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ മന്ത്രി കെ. സുധാകരനെ കണ്ട് കത്ത് നല്‍കി. തുടര്‍ന്നാണ് റോഡ് ടാറിംഗ് നടത്താനായി ഫണ്ട് അനുവദിച്ചത്.

നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന വെള്ളനാട്- ചെറ്റച്ചല്‍ സ്പെഷ്യല്‍ പാക്കേജ്റോഡിനെയും നെടുമങ്ങാട് പൊന്‍മുടി സംസ്ഥാനപാതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണ് ചായം-വിതുര റോഡ്. മാത്രമല്ല വിതുര ഗവ. ഹൈസ്കൂള്‍, ഗവ. യു.പി.എസ്, സബ്ട്രഷറി, താലൂക്ക് ആശുപത്രി, മൃഗാശുപത്രി, പഞ്ചായത്ത്‌ഓഫീസ്, കമ്മ്യൂണിറ്റിഹാള്‍, എന്നിവിടങ്ങളിലേക്കും പൊന്‍മുടിയിലേക്കും മറ്രുമായി ആയിരങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡുകൂടിയാണ് ഇത്.

ചായം മുതല്‍ വിതുര വരെയുള്ള റോഡ് മൂന്ന് വര്‍ഷങ്ങളായി ശോചനീയാവസ്ഥയില്‍ കിടക്കുകയായിരുന്നു. റോഡ് തകര്‍ന്നതോടെ ലോഡുമായി വന്ന ലേറികളും മറിയുകയും ചായത്ത് നിന്നും വിതുരയിലെ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥി ബസിടിച്ച്‌ മരിക്കുകയും ചെയ്തിരുന്നു. അനവധി ബൈക്കപകടങ്ങളും അരങ്ങേറി. റോഡിന്റെ തകര്‍ച്ച മൂലം സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും നിറുത്തിവച്ചു. കുഴികള്‍ വലുതായതേടെ നാട്ടുകാര്‍ കുഴികളില്‍ മണ്ണും കല്ലും മറ്റും നിരത്തി ഗതാഗതം പലതവണ പുനഃസ്ഥാപിച്ചിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top