Monday, 20 Jan, 2.31 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ കേസ് കൊടുത്തതിന് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയ കേരള ഗവര്‍ണര്‍ ഭരണഘടനയുടെ 131ാം അനുച്ഛേദം വായിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഗവര്‍ണര്‍പദവി ആര്‍ഭാടമാണ്. സ്വതന്ത്ര ഇന്ത്യയില്‍ അത്തരമൊരു പദവി ആവശ്യമാണോയെന്ന ചര്‍ച്ച പുനരാരംഭിക്കണം. ഗവര്‍ണര്‍ പദവി തന്നെ നിറുത്തലാക്കേണ്ടതാണെന്നും ദശാബ്ദങ്ങള്‍ക്ക് മുമ്ബേ ഇടതുപാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു യെച്ചൂരി.

സുപ്രീംകോടതിയില്‍ കേസ് നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിന് ആരുടെയും അനുമതി തേടേണ്ടതില്ല. സംസ്ഥാനത്തിന്റെ അവകാശം ലംഘിച്ചെന്നോ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ചട്ടം ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുമെന്നോ തോന്നിയാല്‍ ഏത് സംസ്ഥാനത്തിനും കോടതിയെ സമീപിക്കാമെന്നാണ് 131ാം അനുച്ഛേദം പറയുന്നത്. എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും ഭരണഘടനാപരമായ അവകാശമാണത്. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണെന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദത്തില്‍. ദിവസേന പരസ്യപ്രസ്താവന നടത്തുന്നതിന് മുമ്ബ് സംസ്ഥാനസര്‍ക്കാരുകളുടെയും തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെയും അധികാരമെന്തെന്നറിയാന്‍ ഗവര്‍ണര്‍ ഭരണഘടന ഒന്നുകൂടി വായിക്കണം. ഇതുപോലുള്ള പ്രവൃത്തികള്‍ കാരണമാണ് പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരുടെ നടപടികള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജ്യങ്ങള്‍ റീജന്റുമാരെ നിയമിച്ചിരുന്നു. ഇന്ന് നമ്മള്‍ അവരുടെ പ്രജകളല്ല. ഭരണഘടന നിലവില്‍ വന്നശേഷം അതിന്റെ ആവശ്യമില്ല. ഒരു സംസ്ഥാനത്തെ പിരിച്ചുവിടാന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയെന്ന ജോലിയേ ഗവര്‍ണര്‍ക്കുള്ളൂ. ആ അവകാശവും എടുത്തുകളയേണ്ടതാണ്. സഭയില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെയും പിരിച്ചുവിടാനാവില്ല. രാജ്യം ഭരിക്കേണ്ടത് എങ്ങനെയെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ട്. ഭരണഘടന പുനര്‍വായന നടത്തേണ്ട സമയമാണിതെന്നും യെച്ചൂരി പറഞ്ഞു.

യു.എ.പി.എ: സംസ്ഥാനത്തിന് ഇടപെടാനാവില്ല

യു.എ.പി.എ ചുമത്തിയ കേസുകള്‍ എന്‍.ഐ.എക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് അത് തടയാനാവില്ലെന്നും സി.പി.എം പ്രവര്‍ത്തകരായ അലനും താഹയ്ക്കുമെതിരായ കേസ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു. എല്‍.ഡി.എഫ് ഭരിക്കുന്ന സംസ്ഥാനത്ത് പൊലീസെന്തിന് യു.എ.പി.എ ചുമത്തിയെന്ന് ചോദിച്ചപ്പോള്‍, അത് പൊലീസിനോട് ചോദിക്കണമെന്ന് പറഞ്ഞ് യെച്ചൂരി ഒഴിഞ്ഞുമാറി. ഭീകരനാക്കി യു.എ.പി.എ ചുമത്തിയാല്‍ നിരപരാധിയെന്ന് തെളിയിക്കേണ്ടത് അയാളുടെ മാത്രം ഉത്തരവാദിത്വമാണ്. യു.എ.പി.എയെ തങ്ങള്‍ എതിര്‍ത്തതും ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ വോട്ട് ചെയ്തതും അതിനാലാണ്. ഭേദഗതി പാസായതോടെ ദൗര്‍ഭാഗ്യവശാല്‍ അത് രാജ്യത്തിന്റെ നിയമമായി. ഇപ്പോള്‍ എല്ലാ യു.എ.പി.എ കേസുകളും എന്‍.ഐ.എ ഏറ്റെടുക്കുകയാണ്. പുതിയ ഭേദഗതിയനുസരിച്ച്‌ ഒരാള്‍ ഭീകരനാണെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നിയാല്‍ സംസ്ഥാനത്തോട് ആലോചിക്കാതെ അയാളുടെ സ്വത്ത് ഏറ്റെടുക്കാം. നിയമസംഹിതയില്‍ ഒരാള്‍ കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയാണ്. എന്നാലിപ്പോള്‍ മോദി-ഷാ കൂട്ടുകെട്ടിന് കീഴില്‍ നിരപരാധിയെന്ന് തെളിയിക്കുന്നത് വരെ കുറ്റവാളിയാണ് എന്നായിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top