Tuesday, 27 Aug, 12.36 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഗുരുദര്‍ശനം ആഗോളതലത്തില്‍ പ്രചരിപ്പിക്കണം:എം.ഐ. ദാമോദരന്‍

ഡാളസ്: ശിവഗിരി മഠത്തിന്റെ ശാഖയായി അമേരിക്കയില്‍ സ്ഥാപിക്കുന്ന ശിവഗിരി ആശ്രം ഓഫ് നോര്‍ത്ത് അമേരിക്കയിലൂടെ ഗുരുവിന്റെ ഏകലോക ദര്‍ശനം ലോകമെങ്ങും പ്രചരിപ്പിക്കണമെന്ന് ശ്രീനാരായണ മന്ദിരസമിതി ചെയര്‍മാനും ശിവഗിരി ആശ്രം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇന്റര്‍നാഷണല്‍ കമ്മിറ്റി ചെയര്‍മാനുമായ എം.ഐ ദാമോദരന്‍ പറഞ്ഞു.

ടെക് സാസിലെ ഡാളസ് നഗരത്തോട് ചേര്‍ന്ന് ഗ്രാന്റ് പ്രയറില്‍ മൂന്നര ഏക്കറില്‍ സ്ഥാപിക്കുന്ന ശിവഗിരി ആശ്രം ഓഫ് നോര്‍ത്ത് അമേരിക്കയുടെ ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരു ദര്‍ശന പ്രചാരണത്തിന് അന്താരാഷ്ട്ര തലത്തിലുള്ള സെമിനാറുകളും പഠനങ്ങളും ഈ ആശ്രമത്തിലൂടെ നടത്തുമെന്ന് എം.ഐ. ദാമോദരന്‍ പറഞ്ഞു

ഗുരുധര്‍മ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം ഗുരുദേവ ഭക്തര്‍ പങ്കെടുത്തു. സ്വാമി മുക്താനന്ദയതി, അശോകന്‍ കൃഷ്ണന്‍, മനോജ് കുട്ടപ്പന്‍, സുജി വാസവന്‍, അരിസോണ ,ജി.ഡി.പി.എസ് സെക്രട്ടറി ശ്രീനി പൊന്നച്ചന്‍, മനോജ് തങ്കച്ചന്‍, വിവിധ സംസ്ഥാനങ്ങളിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളായ പ്രസന്ന ബാബു ( ന്യൂയോര്‍ക്ക് ), ബിന്ദു സജീവ് (വാഷിംഗ്‌ടണ്‍ ഡി.സി എസ് .എന്‍.എ പ്രസിഡന്റ് ), കോമളന്‍ കുഞ്ഞുപിള്ള (ഫിലാഡല്‍ഫിയ എസ് . എന്‍. എ പ്രസിഡന്റ് ), പ്രസാദ് കൃഷ്ണന്‍, രാജന്‍കുട്ടി, രേണുക സുരേഷ് (ന്യൂയോര്‍ക്ക് എസ്. .എന്‍.എ പ്രസിഡന്റ് ), കണ്ണന്‍ (കാലിഫോര്‍ണിയ എസ് .എന്‍.എ പ്രസിഡന്റ്, അനൂപ് എന്നിവര്‍ പങ്കെടുത്തു.

ഗുരുദേവന് കാര്‍ വാങ്ങി സമര്‍പ്പിക്കുകയും ശിവഗിരിയില്‍ വനജാക്ഷി മന്ദിരം, വനജാക്ഷി മണ്ഡപം എന്നിവ പണിത് സമര്‍പ്പിക്കുകയും ചെയ്ത ആലുംമൂട്ടില്‍ ചാന്നാരുടെ പിന്മുറക്കാനും ഗുരുവിന്റെ തിരുശേഷിപ്പായ ദിവ്യദന്തം നിധി പോലെ അമേരിക്കയില്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഡോ .ശിവദാസന്‍ മാധവന്‍ ചാന്നാര്‍ മുഖ്യാതിഥിയായി. ശിവഗിരി മഠത്തില്‍ ഗുരുദേവ റിക്ഷ കമനീയമായി സൂക്ഷിക്കുന്നതിന് റിക്ഷാ മണ്ഡപം സംഭാവനയായി പണിതുനല്‍കിയ വ്യവസായി ചന്ദ്രബാബു, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ആന്‍ഡ് ആസ്റ്റിനിലെ മലയാളം പ്രൊഫസര്‍ ദര്‍ശന മനയത്ത് ശശി എന്നിവര്‍ സംസാരിച്ചു. ആശ്രമ സമുച്ചയത്തിന്റെ ഒന്നാം ഘട്ടമായ ഗുരുധ്യാന മന്ദിരവും കോണ്‍ഫറന്‍സ് ഹാളും അതിഥി മന്ദിരവും ഉള്‍പ്പെടെ ആറായിരം സ്‌ക്വയര്‍ ഫീറ്റ് മന്ദിരം 2020 ഒക്ടോബറില്‍ ഗുരുദേവന് സമര്‍പ്പിക്കും. ഇന്ത്യയിലെയും അമേരിക്കയിലെയും പൊതുജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്ന് സ്വാമി ഗുരുപ്രസാദ് അഭ്യര്‍ത്ഥിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top