Monday, 21 Oct, 8.36 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഹരിയാന-മഹാരാഷ്ട്ര വോട്ടെടുപ്പ് ആരംഭിച്ചു, ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്ര-ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മഹാരാഷ്ട്രയില്‍ 288 മണ്ഡലങ്ങളും ഹരിയാനയില്‍ 90 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് പോളിംഗ് ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

'ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുകയാണ്. രാജ്യത്തെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്. എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യുവാക്കളാണ് ഇത്തവണ വോട്ട് ചെയ്യാന്‍ കൂടുതലായി എത്തുകയെന്നാണ് പ്രതീക്ഷ'-പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടെ രാജ്യത്തെ 18 സംസ്ഥാനങ്ങളിലായുള്ള 51 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുക. വ്യാഴാഴ്ചയാണ് ഫലപ്രഖ്യാപനം. ബീഹാറിലെ സമസ്തിപുര്‍, മഹാരാഷ്ട്രയിലെ സത്ര എന്നിവയാണ് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. കേന്ദ്രമന്ത്രി രാംവിലാസ് പാസ്‌വാന്റെ സഹോദരനും എല്‍.ജെ.പി നേതാവുമായ രാമചന്ദ്രപാസ്‌വാന്റെ നിര്യാണത്തെ തുടര്‍ന്നാണ് സമസ്തിപുരില്‍ ഉപതിരഞ്ഞെടുപ്പ്. എന്‍.സി.പി എം.പിയായിരുന്ന ഉദയന്‍രാജെ ബോസ്‌ലെ രാജിവച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് സത്രയില്‍ വീണ്ടും തിരഞ്ഞെടുപ്പ്.

ബോസ്‌ലെ തന്നെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. മുന്‍ സിക്കിം ഗവര്‍ണറായ ശ്രീനിവാസ് പാട്ടീലിനെയാണ് എന്‍.സി.പി മത്സരിപ്പിക്കുന്നത്. വിമത കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് ഒഴിവുവന്ന കര്‍ണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മാറ്റി. സുപ്രീംകോടതിയില്‍ വിമതര്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെയാണ് നീട്ടിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top