Monday, 15 Jan, 1.57 am

പ്രാദേശികം
ഐ.വി. ശശി ചിത്രങ്ങളിലെ പാട്ടുകളുമായി 'ഓര്‍മ്മപ്പൂക്കള്‍

തൃശൂര്‍: അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി. ശശിയുടെ സിനിമകളില്‍ നിന്നും തിരഞ്ഞെടുത്ത ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ ഫിലിം മേക്കേഴ്സ് ഫോറം (ഡി.എഫ്.എം.എഫ്) ട്രസ്റ്റ് 'ഓര്‍മ്മപ്പൂക്കള്‍' ഗാനസ്മൃതി നടത്തി. പഴയ ഗാനങ്ങളുമായി പുതിയ തലമുറയിലെ ഗായകര്‍ വേദിയിലെത്തി. കൊമേഡിയന്‍ സജീഷ് കുട്ടനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വാക്കുകള്‍ കൊണ്ട് പറയാനാകാത്ത ഉയരത്തിലാണ് ഐ.വി. ശശിയെന്ന കലാകാരന്റെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു.

ട്രസ്റ്റിന്റെ മുഖ്യരക്ഷാധികാരിയും തൃശൂരിലെ രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. കെ.ബി. ഉണ്ണിത്താന്‍ അനുസ്മരണം നോവലിസ്റ്റ് പാങ്ങില്‍ ഭാസ്കരന്‍ നിര്‍വഹിച്ചു. ഒന്നാം നിരയിലെ സിനിമാതാരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും നടത്തുന്ന നിയമലംഘനങ്ങളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും കലാലോകത്തെ മലിനപ്പെടുത്തിയെന്നും യാതൊരു സ്ഥാനമാനങ്ങളും മോഹിക്കാത്ത സാംസ്കാരിക- രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു പ്രൊഫ. കെ.ബി. ഉണ്ണിത്താനെന്നും അദ്ദേഹം പറഞ്ഞു.

ഡി.എഫ്.എം.എഫ് ചെയര്‍മാന്‍ സതീഷ് കളത്തില്‍ ആമുഖപ്രഭാഷണം നടത്തി. ഡി.എഫ്.എം.എഫ് ട്രസ്റ്റി ഡോ. ബി. ജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുനിത വിനോദ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഗാനരചയിതാവ് സി. രാമചന്ദ്രമേനോന്‍, സാംസ്കാരിക പ്രവര്‍ത്തകനായ സത്യന്‍ ലാലൂര്‍, ഗായകന്‍ ബാബുരാജ് പുത്തൂര്‍, ബി. അശോക് കുമാര്‍, അഡ്വ. പി.കെ. സജീവ്, ട്രഷറര്‍ സാജു പുലിക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. വൈസ് ചെയര്‍മാന്‍ കെ.ബി. സുനില്‍കുമാര്‍ സ്വാഗതവും അജീഷ് എം. വിജയന്‍ നന്ദിയും പറഞ്ഞു. ഗായകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Dailyhunt
Top