തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്‌ഡിന് പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ മുൻ നഗരസഭാ കൗണ്‍സിലർ ഐ.പി ബിനു കീഴടങ്ങി .
പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
വ്യാഴാഴ്ച രാത്രി ബിനുവിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഐ.പി. ബിനു അടക്കമുള്ളവർ ഒളിവില്‍ പോയത്. പിന്നാലെ പൊലീസ് നഗരത്തില്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. കേസിലെ പ്രതികളായ മുൻ കൗണ്‍സിലർമാടക്കമുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐപി ബിനു കീഴടങ്ങിയത്.. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൂടിയാണ് ബിനു.
മ്യൂസിയം പൊലീസിന് മുന്നില്‍ കീഴടങ്ങുന്നുവെന്ന് ഐ.പി ബിനു തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടു എന്ന് ആരോപിച്ചുള്ള കേസിലാണ് ഞാൻ പോലീസിന് മുന്നില്‍ എത്തുന്നത്, പിടിച്ചതല്ല പിടി കൊടുക്കുന്നതാണ്- ബിനു ഫേസ്ബുക്കില്‍ കുറിച്ചു
കേസില്‍ നേരത്തെ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. വധശ്രമം ഉള്‍പ്പെടെ അതീവ ഗുരുതര വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. കേസില്‍ 16 പേരാണ് പിടിയിലായത്. കേസില്‍ പ്രതികളായ ആറ്റുകാല്‍ ഉണ്ണിയും പാളയം സന്തോഷും ഒളിവിലാണ്.

