ചെന്നൈ: തമിഴ്നാട്ടില്‍ തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
സർക്കാർ രൂപീകരണത്തിന്റെ ഭാഗമായി വിജയ് ഗവർണർ രാജേന്ദ്ര അർലേക്കറെ നേരില്‍കണ്ട് തനിക്ക് പിന്തുണ നല്‍കുന്ന എംഎല്‍എമാരുടെ പട്ടിക കൈമാറി. രാജ്ഭവനിലെത്തിയാണ് വിജയ് ഗവർണറെ കണ്ടത്. കൂടികാഴ്ചയില്‍ വിജയ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
നാളെ രാവിലെ 11:30-ന് ചെന്നൈയിലെ ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക എന്നാണ് റിപ്പോർട്ട്. വിജയ്‌ക്കൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് സൂചന. തമിഴ്നാട് മന്ത്രിസഭയില്‍ പരമാവധി 34 മന്ത്രിമാരാണുള്ളത്. കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നും സൂചനകളുണ്ട്. സ്ഥാനാർത്ഥി പട്ടികയിലെതിന് സമാനമായി ഓട്ടോ തൊഴിലാളികള്‍, ദളിത് വിഭാഗങ്ങള്‍, സ്ത്രീകള്‍ എന്നിവർക്ക് മന്ത്രിസഭയിലും അർഹമായ പരിഗണന ലഭിക്കാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 108 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് ടിവികെ. ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ഡിഎംകെ - കോണ്‍ഗ്രസ് സഖ്യത്തിന് അവസാനമാകുകയാണ്. കൂടാതെ, എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎല്‍എമാരും വിജയ് യെ പിന്തുണയ്ക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

