Sunday, 15 Sep, 12.56 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 ഇന്ന്

ധര്‍മ്മശാല: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്ബരയിലെ ആദ്യ മത്സരം ഇന്ന് ധര്‍മ്മശാലയില്‍ നടക്കും രാത്രി 7 മുതലാണ് മത്സരം. ഏറെ നാളുകള്‍ക്ക് ശേഷമാണ് ടീം ഇന്ത്യ നാട്ടില്‍ കളിക്കാനിറങ്ങുന്നത്. ലോകകപ്പ് സെമിയില്‍ തോറ്രെങ്കിലും തുടര്‍ന്ന് നടന്ന കിരീബിയന്‍ പര്യടനത്തില്‍ എല്ലാ ഫോര്‍മാറ്രിലും സമ്ബൂര്‍ണ ജയം നേടാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. മറുവശത്ത് ഏകദിന ലോകകപ്പില്‍ അപ്രതീക്ഷിത തകര്‍ച്ച നേരിട്ടതിന്റെ ആഘാതത്തില്‍ നിന്നുള്ള തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.

പരീക്ഷണ പരമ്ബര

അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി - 20 ലോകകപ്പ് മുന്‍നിര്‍ത്തിയുള്ള പരീക്ഷണ വേദിയായാണ് രണ്ട് ടീമുകളും ഈ പരമ്ബരയെ കാണുന്നത്.

ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് എന്നിവര്‍ക്ക് മദ്ധ്യനിരയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള മികച്ച അവസരമാണ് ഈ പരമ്ബര. പരിമിത ഓവര്‍ ഫോര്‍മാറ്റിലെ പ്രധാന സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യൂസ്‌വേന്ദ്ര ചഹാലിനും പകരം ടീമിലുള്‍പ്പെടുത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവര്‍ക്കും കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണിത്.

ഹഷിം അംല, ഇമ്രാന്‍ താഹിര്‍, ജെ.പി. ഡുമിനി,​ ഡേല്‍ സ്റ്രൈയിന്‍,​ ഫാഫ് ഡുപ്ലെസിസ് എന്നിവരൊന്നും ഇല്ലാതെ ഡി കോക്കിന്റെ നേതൃത്വത്തില്‍ പുതുമുഖങ്ങളുമായാണ് ദക്ഷിണാഫ്രിക്കയുടെ പടപുറപ്പാട്. ടെംബ ബവുമ, ബോണ്‍ ഫോര്‍ടുയ്ന്‍, ആന്‍റിച്ച്‌ നോര്‍ട്ട്ജെ എന്നിവര്‍ ദക്ഷിണാഫ്രിക്കയ്‌ക്കായി ട്വന്റി-20യില്‍ തങ്ങളുടെ കന്നി മത്സരത്തിനാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ എ ടീമിനെതിരായ ഏകദിന പരമ്ബരയില്‍ കളിച്ച ദക്ഷിണാഫ്രിക്കന്‍ എ ടീമിലുണ്ടായിരുന്ന മികച്ച താരങ്ങളും സീനിയര്‍ ടീമിലുണ്ട്.

ഡേവിഡ് മില്ലറും കഗിസോ റബാഡയും റസ്സി വാന്‍ ഡുസനും ആന്‍ഡിലെ പെ‌ഹ്‌ലുക്വായോയുമാണ് ഡി കോക്കിനെക്കൂടാതെ ദക്ഷിണാഫ്രിക്കന്‍ ടീമിലുള്ള പരിചയസമ്ബന്നര്‍.

ജയിക്കാന്‍ ഇന്ത്യ

മികച്ച ഫോമിലുള്ള ഇന്ത്യയ്ക്ക് തന്നെയാണ് കടലാസില്‍ മുന്‍ തൂക്കം. വിന്‍ഡീസ് പര്യടനത്തില്‍ ഇല്ലാതിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ന് കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഹിത് ശര്‍മ്മയ്ക്കൊപ്പം ഓപ്പണറുടെ റോളില്‍ ശിഖര്‍ ധവാനൊ, കെ.എല്‍. രാഹുലൊ എന്നതാണ് ആകാംഷയുണര്‍ത്തുന്നത്. ഇന്ത്യ എയ്ക്കൊപ്പം ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്ബരയിലെ അവസാനത്തെ രണ്ട് മത്സരങ്ങളില്‍ രണ്ട് അര്‍ദ്ധ സെഞ്ച്വറിയുമായി ധവാന്‍ ഫോം വീണ്ടെടുത്തിട്ടുണ്ട്. രാഹുലിനെക്കാള്‍ ധവാന് തന്നെയാണ് സാധ്യത കൂടുതല്‍. ടെസ്റ്ര് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട രാഹുല്‍ ഫോം കണ്ടെത്താനാകാതെ പരുങ്ങലിലാണ്.

സാധ്യതാ ടീം: രോഹിത്, ധവാന്‍/രാഹുല്‍, കൊഹ്‌ലി, മനീഷ്, പന്ത്,ഹാര്‍ദ്ദിക്, ക്രുണാല്‍,ജഡേജ/രാഹുല്‍ ചഹര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, നവദീപ് സെയ്നി.

തിരിച്ചുവരവിന് ദക്ഷിണാഫ്രിക്ക

ലോകകപ്പിലെ ദയനീയ പ്രകടനത്തില്‍ നിന്നൊരു തിരിച്ചുവരവാണ് ദക്ഷിണാഫ്രിക്ക പുതുമുഖ താരങ്ങള്‍ക്കൊപ്പം ലക്ഷ്യം വയ്ക്കുന്നത്. ദക്ഷിണാഫ്രിക്ക എ ടീമിനെ ഏകദിന പരമ്ബരയില്‍ നയിച്ച ടെംബ ബൗമ ഇന്ന് ദക്ഷിണാഫ്രിക്കന്‍ ജേഴ്സിയില്‍ ട്വന്റി-20യില്‍ അരങ്ങേറിയേക്കും. ആള്‍ റൗണ്ടര്‍മാരായ ആന്‍ഡിലെ പെ‌ഹ്‌ലുക്വായോയും ഡ്വെയിന്‍ പ്രിട്ടോറിയസും ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മുതല്‍ക്കൂട്ടാണ്.

സാധ്യതാ ടീം: ഡി കോക്ക്, റിസ്സ ഹെന്‍ഡ്രിക്കസ്, ബൗമ, ഡുസന്‍, മില്ലര്‍, ന്‍ഡിലെ പെ‌ഹ്‌ലുക്വായോ,പ്രിട്ടോറിയസ്, ഫോര്‍ടുയ്ന്‍/ലിന്‍ഡെ, റബാഡ, ഡാല/നോര്‍ട്ട്ജെ, ഷംസി.

നോട്ട് ദ പോയിന്റ്

മത്സരത്തിന് മഴയുടെ ഭീഷണിയുണ്ട്. ധര്‍മ്മശാലയില്‍ ഇന്ന് പകല്‍ ഇടവിട്ട് മഴപെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം രാത്രി മഴയ്ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ മത്സരത്തിന് തടസമുണ്ടാകില്ലെന്നാണ് പ്രതീക്ഷ.

ധര്‍മ്മശാല വേദിയ ആദ്യ ട്വന്റി-20 മത്സരത്തിലും ഇന്ത്യുയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്രുമുട്ടിയത്. 2015ലായിരുന്നു അത്.

സ്റ്രാര്‍ സ്പോര്‍ട്സ് ചാനലുകളിലും ഹോട്ട് സ്റ്രാറിലും തത്സമയം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top