ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ തമിഴകത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ വിജയ്‌യുടെ പാര്‍ട്ടി ടിവികെ.
സര്‍ക്കാര്‍ രൂപീകരിക്കാൻ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഐയോടും സിപിഎമ്മിനോടും പിന്തുണ തേടി വിജയ് കത്തയച്ചിട്ടുണ്ട്.
ഉപാധികളോടെയാണ് കോണ്‍ഗ്രസ് ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സഖ്യത്തില്‍ വര്‍ഗീയ ശക്തികളുണ്ടാകരുതെന്നും മാറ്റിനിര്‍ത്തണമെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റിയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയും (സിഎല്‍പി) ടിവികെക്ക് സർക്കാർ രൂപീകരിക്കുന്നതിന് പൂർണ പിന്തുണ നല്‍കാൻ തീരുമാനിച്ചതായി തമിഴ്‌നാടിന്റെ ചുമതലയുള്ള എഐസിസി ഗിരീഷ് ചോദങ്കർ പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയില്‍ വിശ്വസിക്കാത്ത ഏതെങ്കിലും വർഗീയ ശക്തികളെ ഈ സഖ്യത്തില്‍ നിന്ന് ടിവികെ ഒഴിവാക്കണം എന്ന നിബന്ധനയോടെയായിരിക്കും പിന്തുണയെന്ന് എഐസിസി തമിഴ്‌നാട് ചുമതലയുള്ള ഗിരീഷ് ചോദങ്കർ അറിയിച്ചു. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം പരസ്പര ബഹുമാനത്തിലും ഭരണത്തിലെ ഉത്തരവാദിത്തം പങ്കിടുന്നതിലും അധിഷ്ഠിതമായിരിക്കുമെന്നും ഗിരീഷ് ചോദങ്കർ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകള്‍ തികയ്ക്കാൻ തമിഴക വെട്രി കഴകം നിർണ്ണായകമായ കരുനീക്കങ്ങളാണ് അണിയറയില്‍ നടത്തുന്നത്. 107 സീറ്റുകള്‍ നേടിയ വിജയ്‌ക്ക് സർക്കാർ രൂപീകരിക്കാൻ 11 എംഎല്‍എമാരുടെ കൂടി പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന്‍റെ 5 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നതോടെ സീറ്റ് നില 112 ആയി ഉയരും. ഭൂരിപക്ഷം തെളിയിക്കാൻ 6 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം. സഖ്യകക്ഷികളെ തേടി വിജയ് വിസികെ, സിപിഐ, സിപിഎം എന്നിവരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ 119 എംഎല്‍എമാരുടെ ബലത്തില്‍ ടിവികെയ്ക്ക് അധികാരമുറപ്പിക്കാം.

