Dailyhunt
ഇറാൻ - യുഎസ് യുദ്ധം തുടരും; സൂചന നല്‍കി  ഇറാൻ സായുധസേന, നേരിടാൻ സജ്ജമെന്നും മുന്നറിയിപ്പ്

ഇറാൻ - യുഎസ് യുദ്ധം തുടരും; സൂചന നല്‍കി ഇറാൻ സായുധസേന, നേരിടാൻ സജ്ജമെന്നും മുന്നറിയിപ്പ്

ടെഹ്റാൻ : അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാൻ സാദ്ധ്യതയുണ്ടെന്ന സൂചന നല്‍കി ഇറാൻ. വെടിനിറുത്തല്‍ പേരിന് മാത്രം നിലനില്‍ക്കുന്നതിനാല്‍ യു,എസുമായും ഇസ്രയേലുമായും യുദ്ധം പുനരാരംഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന അറിയിച്ചു.

യു.എസ് ഒരു കരാറുകളും പാലിക്കുന്നില്ലെന്ന് ഇറാൻ ആരോപിച്ചു. നയതന്ത്ര ചർച്ചകള്‍ സ്തംഭിച്ചിരിക്കുകയും വ്യക്തമായ സമാധാന കരാറിലേക്ക് നീങ്ങുന്നതിനും പകരം ഇരുപക്ഷവും രാഷ്ട്രീയമായ വാക്പോര് തുടരുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇറാന്റെ പ്രസ്താവന.

യു.എസിന്റെ ഉദ്ദേശ്യത്തെ കുറിച്ച്‌ ഇറാൻ ഉദ്യോഗസ്ഥർ പരസ്യമായി സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ പ്രസ്താവനകള്‍ മാദ്ധ്യമ ശ്രദ്ധയ്ക്കായുള്ളതാണെന്നും എണ്ണ വില കുറയുന്നത് തടയാനുള്ള മാദ്ധ്യമ നാടകങ്ങളാണ് യു.എസ് ഉദ്യോഗസ്ഥർ നടത്തുന്നതെന്നും ഇറാന്റെ മിലിട്ടറി ആസ്ഥാനത്തെ ഡെപ്യുട്ടി മുഹമ്മദ് ജാഫർ പറഞ്ഞു. അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള ഏത് നീക്കത്തെയും നേരിടാൻ തങ്ങളുടെ സേന പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇറാനെ ആക്രമിക്കില്ലെന്ന് പറയുമ്പോഴും നാവിക ഉപരോധ ഉള്‍പ്പെടെയുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് ട്രംപ്. സമാധാന കരാറിനായി ഇറാൻ മുന്നോട്ടു വച്ച പുതിയ നിർദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ് സമ്മതിച്ചെങ്കിലും പ്രശ്നങ്ങള്‍ വിശദീകരിച്ചില്ല. തനിക്ക് അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകളാണ് ഇറാൻ ആവശ്യപ്പെടുന്നതെന്നും ചർച്ചകളുടെ ഭാവി വ്യക്തമല്ലെന്നും വൈറ്റ് ഹൗസില്‍ വാർത്താസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞിരുന്നു. ഇറാന്റെ കാര്യത്തില്‍ രണ്ട് വഴികള്‍ മാത്രമേ ഉള്ളൂവെന്നും ട്രംപ് പറഞ്ഞു. ഒന്നുകില്‍ ഇറാനെ പൂർണമായി നശിപ്പിക്കുക, അല്ലെങ്കില്‍ ഒരു കരാറിലെത്തുക. മാനുഷിക പരിഗണന മുൻനിറുത്തി ഇറാനെ തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi