Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാനുമായുള്ള സമാധാനക്കരാറില്‍ അന്തിമ തീരുമാനം ഉടൻ; വൈറ്റ് ഹൗസില്‍   നിര്‍ണായക യോഗമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാനുമായുള്ള സമാധാനക്കരാറില്‍ അന്തിമ തീരുമാനം ഉടൻ; വൈറ്റ് ഹൗസില്‍ നിര്‍ണായക യോഗമെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സമാധാനക്കരാറില്‍ ഏർപ്പെടണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് കടക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

തന്റെ സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ച ദീർഘമായ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ ഒരിക്കലും ആണവായുധങ്ങള്‍ നിർമ്മിക്കില്ലെന്ന് സമ്മതിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂർണമായും തുറന്നുനല്‍കണമെന്നും ട്രംപ് വ്യവസ്ഥയായി മുന്നോട്ട് വച്ചിട്ടുണ്ട്.

ഹോർമുസ് കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള മൈനുകള്‍ (കടല്‍ ബോംബുകള്‍) ഇറാൻ ഉടനടി നീക്കം ചെയ്യണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനിയൻ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പിൻവലിക്കുമെന്നും, ഇതോടെ എണ്ണ ടാങ്കറുകള്‍ ഉള്‍പ്പെടെയുള്ള കപ്പലുകള്‍ക്ക് സർവീസ് പുനരാരംഭിക്കാൻ സാധിക്കുമെന്നും ട്രംപ് പ്രസ്താവനയില്‍ സൂചിപ്പിച്ചു. എന്നാല്‍, ട്രംപിന്റെ നിബന്ധനകളോട് ഇറാൻ ഔദ്യോഗികമായി യോജിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും യുഎസ് പ്രസിഡന്റിന്റെ അന്തിമ തീരുമാനത്തിന് മുന്നോടിയായി അമേരിക്കൻ ഉപരോധം യഥാർത്ഥത്തില്‍ നീക്കിയിട്ടുണ്ടോ എന്നതിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

11 മാസങ്ങള്‍ക്ക് മുൻപ് യുഎസിന്റെ കരുത്തുറ്റ ബി2 ബോംബർ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ തകർന്നടിഞ്ഞ മലനിരകള്‍ക്ക് താഴെ ഇറാന്റെ ഭൂഗർഭ അറകളില്‍ സൂക്ഷിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പുറത്തെടുത്ത് നശിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു. തകർന്ന മലനിരകള്‍ക്കിടയില്‍ നിന്ന് ഇത് സുരക്ഷിതമായി പുറത്തെടുക്കാൻ ആധുനിക യാന്ത്രിക ശേഷിയുള്ളത് അമേരിക്കയ്ക്കും ചൈനയ്ക്കും മാത്രമാണ്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ മേല്‍നോട്ടത്തില്‍ ഇരുരാജ്യങ്ങളും ചേർന്ന് ഇത് പൂർണ്ണമായി നശിപ്പിക്കും. ഈ പ്രക്രിയകള്‍ക്ക് നിലവില്‍ യാതൊരുവിധ സാമ്പത്തിക ഇടപാടുകളും നടത്തില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.

വിഷയത്തില്‍ അന്തിമ തീരുമാനത്തില്‍ എത്തിച്ചേരുന്നതിനായി വൈറ്റ് ഹൗസിലെ അതിസുരക്ഷാ യോഗം ചേരുന്ന 'സിറ്റുവേഷൻ റൂമില്‍' തന്റെ നയതന്ത്ര ഉപദേശകരുമായി ട്രംപ് കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi