Monday, 31 Jul, 10.25 am കേരളകൗമുദി

എറണാകുളം
ഐസിനും ജി.എസ്.ടി: മത്സ്യവില പൊള്ളിക്കും

കൊച്ചി: മീനില്ലാതെ എന്ത് ഊണെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ ജി.എസ്.ടി മത്സ്യവിപണിയിൽ വില വർദ്ധനവിന് കളമൊരുക്കിയിരിക്കുകയാണ്. മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഐസിന്റെ നികുതി ഒരു ശതമാനത്തിൽ നിന്ന് അഞ്ചായി വർദ്ധിച്ചിതോടെ മത്സ്യവിലയും കൂടും. ഇന്ന് മുതൽ ഒരു ഐസ് ബ്ലോക്കിന് 10 രൂപ അധികം നൽകണം. ഇതുമൂലം മത്സ്യവിഭവങ്ങൾക്കും വിലയേറും.
കഴിഞ്ഞ അഞ്ച് വർഷമായി 50 മുതൽ 60 രൂപ വരെ നിരക്കിലാണ് ഐസ് ബ്ലോക്കുകൾ വിറ്റഴിയ്ക്കുന്നത്. പ്രതിദിനം ഒരു പ്ലാന്റിൽ നിന്ന് പരമാവധി 300 വീതമെന്ന കണക്കിൽ ഒന്നര ലക്ഷം ഐസ് ബ്ലോക്കുകളാണ് സംസ്ഥാനത്ത് മത്സ്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നത്. മത്സ്യലഭ്യതയ്ക്കനുസരിച്ച് ഉപഭോഗം ഏറിയും കുറഞ്ഞുമിരിക്കും. നികുതി കൂടാതെ മറ്റ് അസംസ്കൃത വസ്തുക്കളുടെ വിലയിൽ വർഷങ്ങളായുള്ള വർദ്ധനവ് കൂടി കണക്കിലെടുത്താണ് വില വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്.
വിപണിയിൽ തീവിലയുള്ള മത്സ്യങ്ങൾക്ക് ട്രോളിംഗ് നിരോധനം അവസാനിക്കുന്നതോടെ വില കുറയുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ മത്തിയുടെ വില കിലോയ്ക്ക് 170 രൂപയിലെത്തി. അയലയ്ക്ക് 220 രൂപ വരെ വിലയുണ്ട്. നെയ്‌മീനിന്റെ വില കിലോയ്ക്ക് 800 രൂപയാണ്. കഴിഞ്ഞവർഷം ഇതേ സമയം 60- 70 രൂപ വരെയായിരുന്നു മത്തിയുടെ വില. അയലയ്ക്ക് 120 മുതലായിരുന്നു വില.

 വ്യവസായം കനത്ത ബാദ്ധ്യതയിൽ
''കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഐസിന്റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. മത്സ്യമേഖലയെ ആശ്രയിക്കുന്ന വ്യവസായമായതിനാൽ വിലക്കയറ്റം കാര്യമായി ഏശിയില്ല. ഇക്കാലയളവിൽ വൈദ്യുതി നിരക്ക്, അസംസ്കൃത വസ്തുക്കൾ, തൊഴിലാളികളുടെ ശമ്പളം എന്നിവയിൽ വർദ്ധനവുണ്ടായി. ഇത് കൂടി കണക്കിലെടുത്താണ് വില കൂട്ടാനുള്ള തീരുമാനം. സീഫുഡ് മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട പ്ലാന്റുകൾക്കും നികുതി ബാധകമാണെങ്കിലും അവർക്ക് കയറ്റുമതിയിലൂടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാവാനുള്ള സാദ്ധ്യതയുണ്ട്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 486 ചെറുകിട ഐസ് പ്ലാന്റുകൾക്ക് നികുതി വർദ്ധനവ് കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും.''

കെ. ഉത്തമൻ
സംസ്ഥാന ജനറൽ സെക്രട്ടറി
കേരള സ്റ്റേറ്റ് ഐസ് മാനുഫാക്ചേഴ്സ് അസോസിയേഷൻ
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top