Saturday, 12 Aug, 1.14 am കേരളകൗമുദി

തിരുവനന്തപുരം
ജലസമൃദ്ധി പദ്ധതി പ്രദേശങ്ങള്‍ ജപ്പാന്‍ സംഘം സന്ദര്‍ശിച്ചു

മലയിന്‍കീഴ്: ജലസമൃദ്ധി പദ്ധതി പ്രദേശങ്ങള്‍ ജപ്പാനില്‍ നിന്നെത്തിയ പത്തംഗ സംഘം സന്ദര്‍ശിച്ചു. ജപ്പാന്‍ നിഹോണ്‍ - ഫുക്കുഷി യൂണിവേഴ്സിറ്റിയില്‍ നിന്ന് എത്തിയ സംഘത്തെ നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ ഐ.ബി. സതീഷ് എം.എല്‍.എ സ്വീകരിച്ചു. വറ്റാത്ത ഉറവയ്ക്കായ് പദ്ധതിയുടെ ഭാഗമായുള്ള മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘം പഠനവിധേയമാക്കും. മണ്ഡലത്തിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിവരണം കേരള ലാന്‍ഡ് യൂസ് കമ്മിഷണര്‍ എ. നിസാമുദ്ദീന്‍ നല്‍കി. മാറനല്ലൂര്‍ ഗ്രാമ പഞ്ചായത്തിലെ കണ്ടല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആര്‍ട്ടിഫിഷ്യല്‍ റീച്ചാര്‍ജ്, ജൈവ പച്ചക്കറി കൃഷി, കാട്ടാക്കട പഞ്ചായത്തിലെ കയര്‍ഭൂവസ്ത്രമുള്ള കൊല്ലാട് ചിറക്കുഴി കുളം, വിളപ്പില്‍ പഞ്ചായത്തിലെ പേയാട് സെന്റ് സേവിയേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജലക്ലബിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുള്ള ജലശുദ്ധി പരിശോധനാ ലാബ്, കയര്‍ ഭൂവസ്ത്രം അണിഞ്ഞു കഴിഞ്ഞ വിളപ്പില്‍ മിണ്ണംകോട് കുളം, വിളപ്പില്‍ യു.പി.എസിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ജൈവ പച്ചക്കറിത്തോട്ടം, കിണര്‍ റീചാര്‍ജ്, ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മാലിന്യ വിമുക്തമാക്കിയ വിളപ്പിലെ ഇരട്ടക്കുളം എന്നീ സ്ഥലങ്ങള്‍ ജപ്പാന്‍ സംഘം സന്ദര്‍ശിച്ചു. സന്ദര്‍ശന കേന്ദ്രങ്ങളിലെല്ലാം പദ്ധതിയുടെ ഭാഗമായി രൂപീകരിച്ചിട്ടുള്ള ജലമിത്രങ്ങളുടെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. ലോകത്തിനാകെ മാതൃകയാണ് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളെന്ന് സംഘത്തലവന്‍ പ്രൊഫ. സെയ്റ്റോ ചിഹിറോ പറഞ്ഞു. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. ശകുന്തള കുമാരി, വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, വിളപ്പില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍. വിജയരാജ്, ജനപ്രതിനിധികളും ശാസ്ത്രസാഹിത്യ പരിക്ഷത്ത് പ്രവര്‍ത്തകരുമായ ഹരിലാല്‍, വേണു തോട്ടുംകര, എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.

Dailyhunt
Top