Sunday, 16 Feb, 11.06 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ജനങ്ങളെ പൊട്ടന്‍ കളിപ്പിക്കുകയാണവര്‍, യഥാര്‍ത്ഥ മുഖം ഞങ്ങള്‍ ജനങ്ങളിലെത്തിക്കും: കേരളത്തിലെ ആക്ഷന്‍പ്ലാന്‍ വെളിപ്പെടുത്തി കെ.സുരേന്ദ്രന്‍

അഴിമതിക്കെതിരായ പ്രക്ഷോഭങ്ങളിലൂടെ യുവാക്കളുടെ മനസില്‍ ഇടംനേടിയ കെ.സുരേന്ദ്രന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട സമരത്തിലൂടെയും ജയില്‍വാസത്തിലൂടെയുമാണ്. ബി.ജ.പി സംസ്ഥാന പ്രസിഡന്റായി നിയമിക്കപ്പെട്ട കെ.സുരേന്ദ്രന്‍ കേരള കൗമുദിയോട് സംസാരിക്കുന്നു.

കേരളം ബി.ജെ.പിക്ക് ബാലികേറാ മലയാണോ?

ഒരിക്കലുമല്ല. കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ദ്വി മുന്നണി രാഷ്ട്രീയത്തിന് അറുതി വന്നിരിക്കുന്നു. ഒ.രാജഗോപാല്‍ കേരള നിയമസഭയിലേക്ക് ഭാഗ്യംകൊണ്ടു മാത്രം കടന്നുവന്നതല്ല. സംസ്ഥാനത്തൊട്ടാകെ ഇരുമുന്നണികള്‍ക്കും ബദലായി ബി.ജെ.പിയില്‍ ജനം വിശ്വാസമര്‍പ്പിച്ചു വരികയാണ്. നേമത്ത് ഞങ്ങള്‍ക്കത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. മറ്റ് പലയിടങ്ങളിലും ഞങ്ങള്‍ തൊട്ടുപിറകിലുണ്ടായിരുന്നു. അന്തിമമായ വിജയം ഞങ്ങള്‍ക്ക് തന്നെയാണ്. ചിലരെ കുറച്ചു കാലത്തേക്ക് പറ്റിക്കാം. എല്ലാവരെയും എല്ലാകാലത്തും പറ്റിക്കാന്‍ കഴിയില്ല.

 എന്താണ് താങ്കളുടെ ആക് ഷന്‍ പ്ലാന്‍?

കളക്റ്റീവ് ലീഡര്‍ഷിപ്പ് ആണ് ബി.ജെ.പിയുടെ പ്രത്യേകത. ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തിയല്ല അത് മുന്നോട്ട് പോകുന്നത്. അതേ സമയം പാര്‍ട്ടി നേതൃത്വത്തിലേക്ക് വരാന്‍ കുടുംബമഹിമയോ പണസ്വാധീനമോ ആവശ്യവുമില്ല. പ്രതിബദ്ധതയും സമര്‍പ്പണമനോഭാവവുമാണ് വേണ്ടത്. ജനങ്ങളെ പൊട്ടന്‍ കളിപ്പിക്കുന്ന ഇരുമുന്നണികളുടെയും യഥാര്‍ത്ഥ മുഖം ഞങ്ങള്‍ ജനങ്ങളിലെത്തിക്കും. അതാണ് ആക്ഷന്‍ പ്ലാന്‍.നെഗറ്റീവ് വോട്ടുകൊണ്ടാണ് കേരളത്തില്‍ ഇവര്‍ അധികാരത്തില്‍ തുടരുന്നത്. രണ്ടുപേരും പരസ്പരം സഹകരിച്ച്‌ മാറി മാറി ഭരിക്കുകയാണ്. ശരിക്കും ഇത് അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സ് ആണ്.ഇവര്‍ക്ക് ബദലാവാന്‍ ഞങ്ങള്‍ക്ക് കഴിയുമോ എന്ന സംശയം ജനങ്ങള്‍ക്കുണ്ടായിരുന്നു. ഇന്നത് മാറി. ‌ഞങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. പണ്ട് ‌ഞങ്ങള്‍ക്കപേക്ഷ അയ്ക്കാനുള്ള പ്രായവും യോഗ്യതയുമുണ്ടായിരുന്നില്ല . ഇന്ന് ഞങ്ങള്‍ എഴുത്ത് പരീക്ഷ പാസ്സായി. നാളെ ഞങ്ങള്‍ അഭിമുഖത്തിലും ജയിക്കും.

കേന്ദ്രം അവഗണിക്കുകയാണെന്നാണല്ലോ പറയുന്നത്?

പച്ചക്കള്ളമാണത്. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷമുള്ള കേന്ദ്രസഹായത്തിന്റെയും അതിനു മുമ്ബുള്ളതിന്റെയും കണക്ക് തോമസ് ഐസക് ഹാജരാക്കട്ടെ. പതിനാലാം ധനകാര്യ കമ്മിഷനാണ് കേന്ദ്രസഹായ വിതരണം 42 ശതമാനമാക്കിയത്. അത് നടപ്പാക്കിയത് ബി.ജെ.പി സര്‍ക്കാരും. കഴിഞ്ഞ പദ്ധതിക്കാലത്ത് ആദ്യത്തെ മൂന്നുവര്‍ഷങ്ങളിലുമായി 9000 കോടി രൂപ റവന്യൂ കമ്മി നികത്താന്‍ കേരളത്തിന് കിട്ടിയപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ ഈ വര്‍ഷം മാത്രം 15333 കോടി രൂപകൊടുത്തു. ഇതിനെക്കുറിച്ച്‌ കേരള ധനകാര്യ മന്ത്രി കമ എന്നൊരക്ഷരം പറയുന്നില്ല.

ബി.ജെ.പിയില്‍ ഗ്രൂപ്പുകള്‍ സജീവമാണോ?

ബി.ജെ.പിയില്‍ ഗ്രൂപ്പുകളില്ല. അതെല്ലാം ചിലരുടെ ഭാവനാ സൃഷ്ടിയാണ്. ഞങ്ങളെല്ലാം ഒരു ഗ്രൂപ്പാണ്. എന്താണ് ഗ്രൂപ്പിനടിസ്ഥാനം എന്നെങ്കിലും അതിനെക്കുറിച്ച്‌ പറയുന്നവര്‍ വിശദമാക്കണം.

നേതൃത്വത്തിലേക്ക് കൂടുതല്‍ ചെറുപ്പക്കാര്‍ വരുമോ?

-ഇപ്പോള്‍ തന്നെ നേതൃത്വത്തില്‍ ധാരാളം ചെറുപ്പക്കാരുണ്ട്. മിക്ക ജില്ലാ പ്രസിഡന്റുമാരും ചെറുപ്പമാണ്. എല്ലാവര്‍ഷവും 30 ശതമാനം ഭാരവാഹികള്‍ മാറി പുതുതലമുറയെ ഉള്‍പ്പെടുത്തും അതൊക്കെ ‌‌ഞങ്ങളുടെ പാര്‍ട്ടിയില്‍ സ്വാഭാവികമായി നടക്കുന്നതാണ്. യുവരക്തത്തിന് പ്രാധാന്യം നല്‍കുന്നതൊടൊപ്പം അനുഭവ സമ്ബത്തിന് പരിഗണനയും നല്‍കും.

 ആര്‍.എസ്. എസ് താങ്കളെ തിരഞ്ഞെടുക്കുന്നതില്‍ ഇടപെട്ടിട്ടുണ്ടോ?

ആ‌ര്‍.എസ്.എസ് ബി.ജെ.പി ബന്ധത്തെക്കുറിച്ച്‌ അറിയാത്തവര്‍ പ്രചരിപ്പിക്കുന്നതാണത്. ആര്‍.എസ് എസില്‍ നിന്ന് ഞങ്ങള്‍ ദേശസ്നേഹവും പ്രതിബദ്ധതയും നിസ്വാര്‍ത്ഥ പ്രവര്‍ത്തനവുമാണ് മാതൃയാക്കുന്നത്. ദൈനം ദിന സംഘടനാ പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും ആര്‍.എസ്.എസ് ഇടപെടാറേയില്ല.

 വരുന്ന തിരഞ്ഞെടുപ്പുകള്‍ ബി.ജെ.പിക്ക് ഒരു വെല്ലുവിളിയാണോ

വെല്ലുവിളിയല്ല . അവസരമാണ്. അതുപയോഗിക്കാന്‍ ഞങ്ങള്‍ സംഘടനാ യന്ത്രത്തെ കൂടുതല്‍ കാര്യക്ഷമമാക്കും. ജനങ്ങളുമായി ഏറ്റവും സജീവമായ സംവദിക്കുന്ന പാര്‍ട്ടി ബി.ജെ.പിയാണ് . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് നല്ല നേട്ടം കൊയ്യാന്‍ കഴിയും.

 പൗരത്വ ബില്ലില്‍ ഇരുമുന്നണികളും ഒറ്റക്കെട്ടായി ബി.ജെ.പിക്കെതിരാണല്ലോ?

വളരെ അപകടകരമായ രാഷ്ട്രീയമാണ് ഇരുമുന്നണികളും കളിക്കുന്നത്. ഇത് ഇന്ത്യയിലെ മുസ്ലിങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടുന്ന നിയമ നിര്‍മാണമല്ല. മുസ്ലിം വോട്ട് ലക്ഷ്യമാക്കിയുള്ള വര്‍ഗീയ രാഷ്ട്രീയമാണ് ഇരുവരും കളിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ ഇന്നല്ലെങ്കില്‍ നാളെ അത് തിരിച്ചറിയും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top