Friday, 18 Oct, 10.36 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ജാതി സമവാക്യങ്ങളില്‍ നീറി മുന്നണി രാഷ്ട്രീയം, ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം​

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം നടക്കെ, ജാതി സമവാക്യങ്ങളെ ചൊല്ലിയുള്ള പോരിലാണ് മുന്നണികള്‍. എന്‍.എസ്.എസ് നേതൃത്വത്തിന്റെ ശരിദൂര പ്രഖ്യാപനത്തോടെയാണ് രാഷ്ട്രീയ വിഷയങ്ങള്‍ ജാതീയതയിലേക്ക് വഴിമാറിയത്. ജി. സുകുമാരന്‍ നായരുടെ ശരിദൂര പ്രഖ്യാപനത്തിന് പിന്നാലെ, വട്ടിയൂര്‍ക്കാവില്‍ സംഘടനാ നേതൃത്വം യു.ഡി.എഫിനായി പരസ്യ പ്രചാരണത്തിനിറങ്ങിയതും കോന്നിയില്‍ യു.ഡി.എഫിന് അനുകൂലമായി ലഘുലേഖ വിതരണം ചെയ്തതും വന്‍ ചര്‍ച്ചയായി.

ശരിദൂര പ്രഖ്യാപനത്തിന് ശേഷവും എന്‍.എസ്.എസിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ച ഇടത് നേതൃത്വം പക്ഷേ ഇന്നലെ രൂക്ഷ വിമര്‍ശനം തന്നെ നടത്തി. എന്‍.എസ്.എസിന്റെ വട്ടിയൂര്‍ക്കാവിലെ പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുകയും ചെയ്തതോടെ ഇനി വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് സി.പി.എം നല്‍കിയത്.

എന്‍.എസ്.എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്തെത്തി. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രസിഡന്റ് കൂടിയാണ് വെള്ളാപ്പള്ളി. പാലായിലെന്ന പോലെ, എസ്.എന്‍.ഡി.പി യോഗത്തിന്റെ അകമഴിഞ്ഞ പിന്തുണ അരൂരിലും കോന്നിയിലുമടക്കം പ്രതീക്ഷിക്കുന്നുണ്ട് എല്‍.ഡി.എഫ്. അതിനെ ഉത്തേജിപ്പിക്കാന്‍ പോന്നതായി വെള്ളാപ്പള്ളിയുടെ പ്രതികരണം.

അതിനിടെ, കോന്നിയില്‍ ഇടത്, വലത് കേന്ദ്രങ്ങളെ അമ്ബരപ്പിച്ചുകൊണ്ട് ഓര്‍ത്തഡോക്സ് സഭയിലെ ഒരു വിഭാഗം ബി.ജെ.പിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചത് മറ്റൊരു വഴിത്തിരിവായി. പൊതുവേ യു.ഡി.എഫിനെ തുണയ്ക്കുന്ന ഓര്‍ത്തഡോക്സ് സഭാ വിഭാഗത്തില്‍ നിന്ന് ഇങ്ങനെയൊരു ചുവടുമാറ്റം നേതൃത്വത്തിന് അപ്രതീക്ഷിതമായി. ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ പിന്തുണ ഇടതും പ്രതീക്ഷിക്കുന്നുണ്ട്.

ശബരിമല യുവതീപ്രവേശന വിവാദം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രധാന ആയുധമാക്കിയിരുന്നെങ്കില്‍ ഇത്തവണ അത് യു.ഡി.എഫാണ് നന്നായി ഉപയോഗിച്ചത്. ശബരിമല വിഷയമുയര്‍ത്തിയാണ് എന്‍.എസ്.എസ് ഇടതിനും ബി.ജെ.പിക്കുമെതിരെ രംഗത്ത് വന്നത്. അതിനാല്‍ ബി.ജെ.പിക്ക് ഇക്കുറി അവിടെ പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. എങ്കിലും വിശ്വാസികള്‍ക്കൊപ്പം തങ്ങളാണെന്ന് സ്ഥാപിക്കാനവര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തി.

രാഷ്ട്രീയ, ജനകീയ വിഷയങ്ങള്‍ പ്രചാരണഗോദയില്‍ നിന്ന് വഴിമാറിപ്പോയെങ്കിലും മാര്‍ക്ക്ദാന വിവാദത്തില്‍ പ്രതിപക്ഷനേതാവും മന്ത്രി ജലീലും തമ്മിലെ വാക്പോര് പ്രചാരണത്തിന് എരിവേകി. ചില സ്ഥാനാര്‍ത്ഥികള്‍ക്കെതിരായ വ്യക്തിഗത പരാമര്‍ശങ്ങളും വിവാദത്തിനിടയാക്കി.

നിര്‍ണായകം ഈ സെമി

ഒന്നര വര്‍ഷത്തിനപ്പുറം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും ഒരു വര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനും മുമ്ബുള്ള സെമിഫൈനലെന്ന് വിലയിരുത്താവുന്ന ഉപതിരഞ്ഞെടുപ്പുകള്‍ മുന്നണികള്‍ക്ക് നിര്‍ണായകമാണ്. അഞ്ചില്‍ ഏക സിറ്റിംഗ് സീറ്റായ അരൂര്‍ നിലനിറുത്തിയാല്‍ ഇടതിന് വലിയ നഷ്ടം പറയാനില്ലെങ്കിലും ഒന്നോ രണ്ടോ സീറ്റുകള്‍ അധികം നേടി ആത്മവിശ്വാസമുയര്‍ത്തുക അവരുടെ ലക്ഷ്യമാണ്.

അതേസമയം, പാലായിലുണ്ടായ ക്ഷീണം മറികടക്കേണ്ടത് യു.ഡിഎഫിന് അനിവാര്യം. അരൂര്‍ കൂടി പിടിച്ചെടുത്ത് കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമെന്ന് സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. സംഘടനാ തിരഞ്ഞെടുപ്പിലേക്ക് ഉടന്‍ നീങ്ങുന്ന ബി.ജെ.പി നേതൃത്വത്തിനും ഉപതിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കേണ്ടതുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top
// // // // $find_pos = strpos(SERVER_PROTOCOL, "https"); $comUrlSeg = ($find_pos !== false ? "s" : ""); ?>