Tuesday, 03 Aug, 1.15 am കേരളകൗമുദി

ഇടുക്കി
ജീവനൊടുക്കുന്ന കൗമാരം

 ഒരു മാസത്തിനിടെ ജില്ലയില്‍ ആത്മഹത്യ ചെയ്തത് അഞ്ച് കുട്ടികള്‍

തൊടുപുഴ: ജില്ലയില്‍ ആത്മഹത്യ ചെയ്യുന്ന കുരുന്നുകളുടെ എണ്ണം ആശങ്കാജനകമാംവിധം വര്‍ദ്ധിക്കുന്നു. ഒരു മാസത്തിനിടെ അഞ്ച് കുട്ടികളാണ് ഇടുക്കിയില്‍ ജീവനൊടുക്കിയത്. ഒന്നരവര്‍ഷത്തിനിടെ ഇത്തരത്തില്‍ നിസാര കാര്യങ്ങള്‍ ജീവിതം അവസാനിപ്പിച്ച കുട്ടികളുടെ എണ്ണം 25 ആണെന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്. ഈ പട്ടികയിലെ അവസാനത്തെ കുട്ടിയാണ് ഞായറാഴ്ച മരിച്ച 12കാരനായ കുമളി ചക്കുപള്ളം പളിയക്കുടി സ്വദേശി സുരേഷിന്റെ മകന്‍ ശ്യാം. ഏഴാം ക്ലാസുകാരനെ വൈകിട്ടായിട്ടും കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവം പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷിതാക്കള്‍ക്ക് നിസാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍ പോലും കുട്ടികള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ അനവധിയാണ്. ജൂണ്‍ 30ന് കട്ടപ്പന കല്യാണത്തണ്ട് സ്വദേശിയായ ഗര്‍ഷോം (14) ജീവനൊടുക്കിയത് വലിയ തുകയ്ക്ക് മൊബൈല്‍ റീചാര്‍ജ് ചെയ്ത് ഗെയിം കളിച്ചത് അച്ഛന്‍ ചോദ്യം ചെയ്തതിനായിരുന്നു. ജൂലായ് നാലിനാണ് മുരിക്കാശേരിയില്‍ പൂമാംകണ്ടം പാറസിറ്റി വെട്ടിമലയില്‍ സന്തോഷിന്റെയും ഷീബയുടെയും പത്താം ക്ലാസുകാരിയായ മകള്‍ സോനയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങളുമായി ടെലിവിഷന്‍ കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 19നാണ് തൊടുപുഴ മണക്കാട് കുന്നത്തുപ്പാറ കൃഷ്ണനിവാസില്‍ സുദീപ്കുമാര്‍- ലക്ഷ്മി ദമ്ബതികളുടെ മൂത്ത മകള്‍ നിവേദിത (11) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. 22ന് കട്ടപ്പന കുന്തളംപാറയില്‍ ആത്മഹത്യ ചെയ്ത പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലു (14) ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്റ്സ് പൊലീസിന്റെ സഹകരണത്തോടെ 'ചിരി" എന്ന പേരില്‍ കുട്ടികള്‍ക്കായി മാനസിക ഉല്ലാസ പരിപാടി നടത്തുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. കുരുന്നുകളുടെ ആത്മഹത്യ ജില്ലയില്‍ തുടര്‍ക്കഥയായിട്ടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റോ ശിശുക്ഷേമസമിതിയോ ബാലാവകാശ കമ്മിഷനോ പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും വിഷയം ഗൗരവമായി കാണുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഗെയിമോ മരണക്കളിയോ

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണ്‍ നല്‍കി ജോലിക്ക് പോയി തിരികെയെത്തിയ അമ്മ കണ്ടത് മകന്റെ ചേതനയറ്റ ശരീരമാണ്. ക്ലാസുകളെല്ലാം ഓണ്‍ലൈന്‍ മാത്രമായപ്പോള്‍ കുട്ടികളുടെ നിയന്ത്രണത്തിലായി ഫോണും കമ്ബ്യൂട്ടറും. ലോക്ക് ഡൗണ്‍ മൂലം പുറത്തുള്ള കളികള്‍ കുറഞ്ഞതോടെ കുട്ടികള്‍ ഫുള്‍ടൈം ഓണ്‍ലൈന്‍- മൊബൈല്‍ ഗെയിമുകളുടെ ലോകത്തായി. പതിയെ മറ്റുള്ളവരുമായുള്ള ഇടപഴകല്‍ തന്നെ കുറയ്ക്കും. ഇങ്ങനെ ഗെയിമുകള്‍ക്കായി ജീവിതം സമര്‍പ്പിക്കുന്ന കുട്ടികള്‍ നിസാര കാര്യങ്ങള്‍ക്ക് വേണ്ടി ജീവനൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്.

രക്ഷിക്കാം കുരുന്ന് ജീവന്‍

കുടുംബത്തിലെ പ്രശ്‌നങ്ങള്‍, അച്ഛനമ്മമാരുടെ ശകാരം, അപകര്‍ഷതാ ബോധം, പഠനത്തിലെ പിന്നാക്കാവസ്ഥ, മൊബൈലിന്റെ സ്വാധീനം എന്നിവയാണ് ജില്ലയില്‍ കുട്ടികളുടെ മരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിഷമങ്ങള്‍ മനസിലാക്കാനും തുറന്നു ചര്‍ച്ച ചെയ്യാനും കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള മുതിര്‍ന്നവരുടെ അഭാവവും കുട്ടികളില്‍ നിരാശ ജനിപ്പിക്കുന്നു. വിഷാദ രോഗവും കുട്ടികളില്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെറുപ്പം മുതല്‍ വീട്ടിലെ സാഹചര്യങ്ങള്‍ അറിഞ്ഞ് കുട്ടികളെ വളര്‍ത്തണം. കുട്ടികളെ സുഹൃത്തുക്കളായി കണ്ട് അവരുടെ പ്രശ്‌നങ്ങളും വിഷമതകളും മനസിലാക്കണം. അവരെ കുറ്റപ്പെടുത്താതെ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ പ്രാപ്തരാക്കണമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top