Monday, 28 Aug, 1.22 am

കേരളം
ജോസഫ് പാണേങ്ങാടന്‍ നിര്യാതനായി

തൃശൂര്‍: ചലച്ചിത്ര നിര്‍മാതാവും നടനുമായ ജോസഫ് പാണേങ്ങാടന്‍ (48) നിര്യാതനായി. പത്തോളം സിനിമകളില്‍ അഭിനയിച്ച ജോസഫ് 'ഭഗവതിപുരം' സിനിമയുടെ നിര്‍മാണത്തിലൂടെയാണ് മേഖലയില്‍ സജീവമാകുന്നത്. തുടര്‍ന്ന് തമിഴില്‍ 'സന്ധിത്തൈ ഉന്നൈ' എന്ന സിനിമയില്‍ റിട്ട. കേണല്‍ വേഷത്തിലും തിളങ്ങി. പൂര്‍ണ്ണിമ ജയറാമിന്റെ മകനായിരുന്നു ആ സിനിമയിലെ നായകന്‍. പിന്നീട് മലയാളത്തില്‍ 'ഏഴുദേശങ്ങള്‍ക്കും അകലെ'യിലെ നന്‍മ നിറഞ്ഞ നായാടിയുടെ വേഷം ശ്രദ്ധേയമാക്കി.
സ്കൂള്‍ പഠനകാലത്ത് നാടകം സ്വന്തമായി എഴുതി അഭിനയിച്ച്‌ സഹനടനുള്ള പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയാണ് ജോസഫ് പാണേങ്ങാടന്‍ കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. കവി പി. ഭാസ്കരന്റെ ജീവിതം ആസ്പദമാക്കിയുള്ള 'ഒറ്റക്കമ്ബി നാദം' എന്ന ഒന്നരമണിക്കൂര്‍ ചിത്രത്തില്‍ കവിയായി വേഷമിട്ട് വെള്ളിത്തിരയിലെത്തി. മിന്നുകെട്ട്, മന്ത്രകോടി, ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയ സീരിയലുകളിലും മേഘവര്‍ണ്ണപ്പൂക്കള്‍ എന്ന ആല്‍ബത്തിലും അഭിനയിച്ചു. ഗുരുവായൂര്‍ കേശവന്റെ നിര്‍മാതാവുമായിരുന്നു.

അന്തരിച്ച നടന്‍ മുരളി അഭിനയിച്ച 'ചൈതന്യം' എന്ന സിനിമയിലും 'സ്പര്‍ശം' എന്ന മറ്റൊരു സിനിമയിലും വേഷമിട്ടു.
ലാലൂര്‍ മാലിന്യപ്രശ്നത്തെക്കുറിച്ച്‌ സതീഷ് കളത്തില്‍ സംവിധാനം ചെയ്ത ഡോക്യുഫിക്ഷന്റെ നിര്‍മാതാവായിരുന്നു. സാമൂഹിക പ്രസക്തിയുള്ള ഡോക്യുഫിക്ഷന്റെ നിര്‍മാണത്തിന് ശക്തന്‍ തമ്ബുരാന്‍ അവാര്‍ഡ് ലഭിച്ചു. പറപ്പൂര്‍ പാണേങ്ങാടന്‍ വീട്ടില്‍ ആന്റണിയുടെയും റോസയുടെയും മകനാണ്.

ഇപ്പോള്‍ തൃശൂര്‍ മുണ്ടൂരിലാണ് താമസം. ഭാര്യ: റീജ ജോസഫ്. മക്കള്‍: ക്ലിന്റണ്‍ ജോസഫ്, ഹിന്റ മരിയ.
Dailyhunt
Top