Monday, 22 Jul, 2.14 am കേരളകൗമുദി

തിരുവനന്തപുരം
കടലാക്രമണത്തിന് ശമനമില്ല​ അരക്ഷിതരായി തീരദേശവാസികള്‍

തിരുവനന്തപുരം: കാലവര്‍ഷത്തെ തുടര്‍ന്ന് ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ഭീതിയുടെ നിഴലിലാണ് തീരദേശവാസികള്‍. തിരുവനന്തപുരം, ചിറയിന്‍കീഴ് താലൂക്കുകളുടെ തീരപ്രദേശത്താണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഇവിടങ്ങളില്‍ 143 കുടുംബങ്ങളിലെ 603 പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്ബുകളുടെ മേല്‍നോട്ടത്തിനായി ചാര്‍ജ് ഓഫീസര്‍മാരെയും ജില്ലാഭരണകൂടം നിയോഗിച്ചു. വലിയതുറയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കടലാക്രമണം തുടരുകയാണ്. വീടുകളില്‍ വെള്ളം കയറിയതിനാല്‍ അവിടങ്ങളിലുള്ള 80 ഓളംപേര്‍ സ്ഥലത്തെ പള്ളിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലേക്ക് മാറി. പലരും ഒറ്റമുറിയില്‍ തറയില്‍ പായ വിരിച്ചാണ് കിടക്കുന്നത്. തങ്ങള്‍ക്ക് മതിയായ സൗകര്യം ഒരുക്കി നല്‍കിയില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു. വീട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് മാസമായി പള്ളി ഗോഡൗണില്‍ കഴിയുന്നവരുമുണ്ട്.

ദുരിതാശ്വാസ ക്യാമ്ബുകളില്‍

കടല്‍ക്ഷോഭ മേഖലകളില്‍നിന്ന് 143 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറ ബഡ്‌സ് സ്‌കൂളില്‍ 16 കുടുംബങ്ങളിലെ 58 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. വലിയതുറ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ക്യാമ്ബില്‍ 65 കുടുംബങ്ങളിലെ 282 പേരും ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ ഒരു കുടുംബത്തിലെ മൂന്നു പേരുമുണ്ട്. വലിയതുറ ഫിഷറീസ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാമ്ബില്‍ എട്ട് കുടുംബങ്ങളിലായി 32 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ ഇവിടെ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി ഇവിടേക്ക് മാറ്റിയവരടക്കം ആകെ 27 കുടുംബങ്ങളിലെ 109 പേരാണ് ഈ ക്യാമ്ബിലുള്ളത്. പേട്ട സെന്റ് റോച്ചസ് സ്‌കൂളിലെ ക്യാമ്ബില്‍ 30 കുടുംബങ്ങളിലെ 148 പേരും വെട്ടുകാട് സെന്റ് മേരീസ് എല്‍.പി സ്കൂളിലെ ക്യാമ്ബില്‍ 23 കുടുംബങ്ങളിലെ 80 പേരും കഴിയുന്നുണ്ട്.

ജാഗ്രതൈ

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശംഖുംമുഖവും തകര്‍ന്നു

കഴിഞ്ഞ നാല് ദിവസമായുള്ള കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ശംഖുംമുഖത്തെ 15 മീറ്ററോളം കര കടലെടുത്തു കഴിഞ്ഞു. ശംഖുംമുഖത്തിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഇപ്പോള്‍ കല്‍മണ്ഡപത്തില്‍ നിന്ന് മാത്രമാണ് കടല്‍ കാണാനാകുന്നത്. ഒരു വര്‍ഷത്തിനിടെ ഏതാണ്ട് നൂറ് മീറ്ററോളം കര കടലെടുത്തുകഴിഞ്ഞു. സംരക്ഷണഭിത്തികളും തകര്‍ന്നു. അപകടസാദ്ധ്യത കണക്കിലെടുത്ത് സന്ദര്‍ശര്‍കര്‍ക്ക് ഒരാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്ബ് തകര്‍ന്ന ശംഖുംമുഖം റോഡ് കടലാക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ അപകടാവസ്ഥയിലായി. വലിയതോപ്പ് - ലേലാ റോഡ് ഏറക്കുറെ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും റോഡ് പൂര്‍ണമായി കടലെടുക്കാവുന്ന സ്ഥിതിയാണ്. മൂന്ന് മാസത്തിനിടെ മൂന്നാം തവണയാണ് ഈ മേഖലയില്‍ കടലാക്രമണം ഉണ്ടാകുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top