Tuesday, 23 Jul, 12.31 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കര്‍ണാടക: രാത്രിയിലും അനിശ്ചിതത്വം വിശ്വാസ വോട്ടെടുപ്പ് നീളുന്നു; രാജി ഭീഷണിയുമായി സ്പീക്കര്‍

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലിയുള്ള അനിശ്ചിതത്വവും നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബഹളവും ഇന്നലെ രാത്രി വൈകിയും തുടര്‍ന്നതിനിടെ, രാജി ഭീഷണയുമായി സ്പീക്കര്‍ രമേശ് കുമാര്‍ രംഗത്തെത്തിയത് പ്രശ്നങ്ങള്‍ പുതിയ വഴിത്തിരിവിലെത്തിച്ചു.

ചര്‍ച്ച പൂര്‍ത്തിയാക്കി ബുധനാഴ്ച വോട്ടെടുപ്പ് നടത്താമെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെയും കോണ്‍ഗ്രസിന്റെയും നിര്‍ദേശം തള്ളിയ സ്പീക്കര്‍ എത്രവൈകിയാലും ഇന്നലെ രാത്രിതന്നെ വോട്ടെടുപ്പ് നടത്തണമെന്ന നിലപാടില്‍ ഉറച്ചുനിന്നു. വോട്ടെടുപ്പ് ഇന്ന് നടത്താമെന്ന മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിര്‍ദേശവും സ്പീക്കര്‍ അംഗീകരിച്ചില്ല. അനിശ്ചിതത്വം നീളുന്നതിനിടെ രാത്രി മുഖ്യമന്ത്രിയെ കണ്ടാണ് സ്പീക്കര്‍, ഇങ്ങനെയാണെങ്കില്‍ താന്‍ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് നിലപാടെടുത്തത്. രാജിക്കത്ത് അദ്ദേഹം മുഖ്.മന്ത്രിക്ക് കൈമാറിയതായും പറയുന്നു.വിശ്വാസവോട്ടെടുപ്പിന് മുമ്ബായി മുഖ്യമന്ത്രി കുമാരസ്വാമി വൈകിട്ട് ഏഴിന് ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കുമെന്ന് അബ്യൂഹം പരന്നെങ്കിലും കോണ്‍ഗ്രസും സ്പീക്കറും ഇത് നിഷേധിച്ചു. അതേസമയം, കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും വിമത എം.എല്‍.എമാരോട് ഇന്ന് രാവിലെ 11ന് മുമ്ബ് നേരിട്ട് ഹാജരാകാണമെന്നും അല്ലാത്തപക്ഷം അയോഗ്യരാക്കുമെന്നും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിധാന്‍ സൗധയില്‍ നിയമസഭാ സമ്മേളനത്തിനിടെ തങ്ങളുടെ വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും നിയമസഭാ കക്ഷിനേതാക്കന്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയച്ചത്.

: അതിനിടെ, കുമാരസ്വാമി സര്‍ക്കാര്‍ ഇന്നലെ വൈകിട്ട് 5ന് മുന്‍പ് വിശ്വാസവോട്ട് തേടാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് , സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ഇന്നലെ രാവിലെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്ക് മുന്‍പാകെ ഉന്നയിച്ചെങ്കിലും അംഗീകരിച്ചില്ല. ഹര്‍ജി ഇന്ന് പരിഗണിച്ചേക്കും.

മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ സഭയില്‍ ചര്‍ച്ച തുടരവെയാണ് മുന്‍മന്ത്രിമാര്‍ കൂടിയായ എച്ച്‌. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവര്‍ കോടതിയിലെത്തിയത്. വോട്ടെടുപ്പ് വൈകിച്ച്‌ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുകയാണെന്നും ഇന്നലെ തന്നെ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. രാജി നല്‍കിയ 15 എം.എല്‍.എമാരെ സഭയിലെത്താന്‍ നിര്‍ബന്ധിക്കരുതെന്ന് നിര്‍ദ്ദേശിക്കുന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ വ്യക്തത തേടി ജെ.ഡി.എസും കോണ്‍ഗ്രസും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇവയും ഇന്ന് പരിഗണിച്ചേക്കും.

എന്നെ ബലിയാടാക്കരുത്

'എല്ലാവരും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താമെന്ന് ഞാന്‍ വാക്കുകൊടുത്തതാണ്. ഇന്ന് ആറുമണിക്ക് മുമ്ബ് വോട്ടിംഗ് നടക്കണം. എന്നെ ബലിയാടക്കരുത്'- ഇന്നലെ നിയമസഭാസമ്മേളനത്തിനിടെ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ വ്യക്തമാക്കി. എന്തുവിലകൊടുത്തും ഇന്നലെ തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സ്പീക്കര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും രാത്രി വൈകുവോളം ഫലമുണ്ടായില്ല. സമ്മേളനം തുടരുകയാണ്. വെള്ളിയാഴ്ച തന്നെ വോട്ടിംഗ് നടത്താന്‍ ഗവര്‍ണര്‍ സ്പീക്കറോട് നിര്‍ദ്ദേശിച്ചെങ്കിലും പാലിക്കാനായില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top