കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമായ വിളത്തകര്‍ച്ചയും ആഗോളവത്കരണത്തിന്റെ ഭാഗമായ വിലതകര്‍ച്ചയും നാണ്യവിളകളുടെ നട്ടെല്ലൊടിച്ചപ്പോള്‍ ആകെയുള്ള ഭൂമിയില്‍ പകുതിഭാഗം ഭക്ഷ്യവിളകള്‍ക്ക് മാറ്റിവച്ചാണ് മലയോര കര്‍ഷകര്‍ അതിജീവനത്തിന് ശ്രമിക്കുന്നത്.
കുട്ടമ്ബുഴ, കോട്ടപ്പടി, കവളങ്ങാട്, പിണ്ടിമന പ്രദേശങ്ങളിലെ കര്‍ഷകര്‍ ഇന്ന് അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണ്. നിസഹായാവസ്ഥയിലാണ് കര്‍ഷകര്‍. ഒരുവശത്ത് ഇരുളിന്റെ മറവില്‍ നിലത്തുകൂടിവരുന്ന ആനയും കാട്ടുപന്നിയും മാനുമാണെങ്കില്‍ മറുവശത്ത് പകല്‍വെളിച്ചത്തില്‍ മരംചാടി വരുന്ന കുരങ്ങും മലയണ്ണാനും പറന്നുവരുന്ന മയിലുമാണ് ആക്രമണം നടത്തുന്നത്.
നട്ടുവളര്‍ത്തുന്ന കൃഷിയൊന്നും വിളവെടുത്ത് അനുഭവിക്കാന്‍ യോഗമില്ലെന്ന് മാത്രമല്ല തെങ്ങില്‍ നിന്ന് കൊഴിഞ്ഞുവീഴുന്ന തേങ്ങപോലും കര്‍ഷകര്‍ക്ക് കിട്ടാറില്ല. അത് കാട്ടുപന്നിയും ആനയും ശാപ്പിടും. മലയണ്ണാനും കുരങ്ങും തെങ്ങില്‍ കയറി തേങ്ങയും കരിക്കും വെള്ളയ്ക്കയും വരെ നശിപ്പിക്കും. കൂട്ടമായി വരുന്ന മയിലുകളുടെ വിളയാട്ടം പച്ചക്കറികൃഷിയിലാണ്. വന്യമൃഗശല്യം ഫലപ്രദമായി തടയുന്നതിനൊപ്പം കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരംകൂടി നല്കികിയാല്‍ മാത്രമെ ഈ പ്രശ്നം പരിഹരിക്കാനാകൂ.
കര്‍ഷകര്‍ എത്രവിചാരിച്ചാലും സ്വന്തംനിലയില്‍ വന്യമൃഗശല്യം തടയാനാവില്ല. അതിന് ഇച്ഛാശക്തിയുള്ള സര്‍ക്കാരും നയവുമുണ്ടാകണം. വനാതിര്‍ത്തിയില്‍ ശക്തമായ വൈദ്യുതവേലി, റെയില്‍ ഫെന്‍സിംഗ് അല്ലെങ്കില്‍ കിടങ്ങ് നിര്‍മ്മിച്ചാല്‍ മാത്രമെ മൃഗങ്ങളുടെ ശല്യം ശാശ്വതമായി ചെറുക്കാനാകു. കിടങ്ങ് നിര്‍മ്മാണത്തിന് പണ ചെലവ് കൂടുമെന്ന കാരണത്താല്‍ കേരളത്തില്‍ സൗരോര്‍ജവേലിയ്ക്കാണ് മുന്‍ഗണന. അതാകട്ടെ ആറ് മാസത്തിനകം നശിച്ചുപോവുകയും ചെയ്യും. ഇങ്ങനെയുള്ള സ്ഥലങ്ങളില്‍ കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം നല്കണമെന്ന് നിയമമുണ്ട്. അതാകട്ടെ തീരെ അപര്യാപ്തവുമാണ്.
സൗരോര്‍ജ്ജവേലിക്കു പിന്നിലെ കള്ളക്കളികള്‍
വന്യമൃഗങ്ങളെ പ്രതിരോധിക്കാനെന്ന പേരില്‍ നിര്‍മ്മിക്കുന്ന സൗരോര്‍ജ്ജവേലി വമ്ബന്‍ പരാജയമാണ്. വേലികെട്ടുമ്ബോഴുള്ള ശുഷ്കാന്തി പിന്നീട് കാണിക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതുകൊണ്ട് പലപ്പോഴും വേലിയില്‍ വൈദ്യുതി പ്രസരണവും ഉണ്ടാകാറില്ല. കഷ്ടിച്ച് ആറുമാസം കൊണ്ട് സോളാര്‍ പാനലും കേടാകും. പിന്നാലെ കാട്ടുവള്ളികളും മറ്റും പടര്‍ന്നുകയറി നോക്കുകുത്തിയാകുന്ന വേലി ചവിട്ടിപ്പൊളിച്ച് ആനകൂട്ടം നാട്ടിലിറങ്ങി വിലസും. ആന തുറന്നുകൊടുക്കുന്ന വഴിയിലൂടെ മറ്റ് വന്യമൃഗങ്ങളും കാടിറങ്ങിവരും.
വനംവകുപ്പിന്റെ സൗരോര്‍ജ്ജവേലി പരാജയപ്പെട്ടപ്പോള്‍ 'ഹാങ്ങിംഗ് ഫെന്‍സിംഗ് ' നിര്‍മ്മിച്ച് ആനയെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. വാവേലിമുതല്‍ പഴയ ഭൂതത്താന്‍കെട്ടുവരെ 12 കിലോമീറ്റര്‍ ദൂരത്തിലാണ് നാട്ടുകാരുടെ വക ജനകീയവേലി.
നഷ്ടപരിഹാരം നാമമാത്രം
വന്യമൃഗങ്ങള്‍ മൂലമുള്ള കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം കിട്ടാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ സംസ്ഥാനത്ത് നിലവിലുള്ള മാനദണ്ഡം കര്‍ഷകരെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. റബര്‍ മരം ഒന്നിന് ₹ 20, ഒരുമീറ്റര്‍ കയ്യാലയ്ക്ക് ₹ 10, 10 സെന്റിലെ കപ്പയ്ക്ക് ₹ 50, കായ്ഫലമുള്ള തെങ്ങിന് ₹ 70, വാഴ (കുലച്ചത്) ₹ 100.
ഇങ്ങനെ പോകും വനംവകുപ്പിന്റെ നക്കാപിച്ച നഷ്ടപരിഹാര കണക്ക്. സംസ്ഥാനത്ത് പ്രകൃതിക്ഷോഭം മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് കൃഷി, റവന്യു വകുപ്പുകളാണ്. വന്യമൃഗശല്യത്തിന് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് വനംവകുപ്പാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന വ്യക്തി ആരായാലും 10 ലക്ഷംരൂപയാണ് നഷ്ടപരിഹാരം. 5 ലക്ഷംരൂപ രൊക്കമായും ബാക്കി തുക പിന്നീട് എപ്പോഴെങ്കിലുമായി കൊടുക്കും.
കാലഹരണപ്പെട്ട വൈദ്യുതിവേലിയ്ക്ക് പകരം ഉറപ്പുള്ള റെയില്‍ ഫെന്‍സിങ്ങ് നിര്‍മ്മിച്ച് വന്യമൃഗങ്ങളെ ചെറുക്കുന്നതിനൊപ്പം കാര്‍ഷിക വിളകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും നല്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
( അവസാനിച്ചു)

