Tuesday, 22 Oct, 2.20 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കര്‍ത്താര്‍പൂര്‍: യാത്രാനുമതിക്കുള്ള കരാറില്‍ ഇന്ത്യ ഇന്ന് ഒപ്പുവയ്ക്കും, ഉദ്ഘാടനചടങ്ങില്‍ മന്‍മോഹന്‍ പങ്കെടുക്കില്ല

ന്യൂഡല്‍ഹി: പാക് പഞ്ചാബിലെ കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് കര്‍ത്താര്‍പൂര്‍ ഇടനാഴി വഴി സിക്ക് തീര്‍ത്ഥാടകരുടെ യാത്രയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കരാറില്‍ ഇന്ത്യ ഇന്ന് ഒപ്പുവയ്ക്കും. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ത്താര്‍പൂര്‍ ഇടനാഴി വഴിയുള്ള യാത്രയ്ക്ക് പാകിസ്ഥാന്‍ ഫീസിനത്തില്‍ 1400ഓളം രൂപ ഈടാക്കുന്നതില്‍ അസംതൃപ്തി ഉണ്ടെന്നും എന്നിരുന്നാലും കരാറുമായി മുന്നോട്ടുപോകുമെന്നും ഇന്ത്യ അറിയിച്ചു.

അടുത്തമാസം ഒമ്ബതിനാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വിസകൂടാതെ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്താമെന്ന് ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. യാത്രയ്ക്കായി തീര്‍ത്ഥാടകര്‍ തങ്ങളുടെ പാസ്പോര്‍ട്ട് മാത്രം കൈവശംവച്ചാല്‍ മതിയായിരുന്നു. എല്ലാദിവസവും 5000 തീര്‍ത്ഥാടകര്‍ക്കാണ് ഇടനാഴി വഴിയുള്ള യാത്രാനുമതി. പ്രത്യേക ദിവസങ്ങളില്‍ ഇത് വര്‍ദ്ധിപ്പിക്കും. അതേസമയം, പാകിസ്ഥാന്‍ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണെന്നും തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗും കേന്ദ്രമന്ത്രി ഹര്‍സിംരത് കൗര്‍ ബാദലും ആവശ്യപ്പെട്ടു.

ഉദ്ഘാടന ചടങ്ങില്‍ മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ക്ഷണം സ്വീകരിച്ച്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പ്രണവ് ഝാ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളോടൊപ്പം ഒരു തീര്‍ത്ഥാടകനായി സിംഗ് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കും. ഉദ്ഘാടന ചടങ്ങില്‍ സിംഗ് പങ്കെടുക്കണമെങ്കില്‍ ക്ഷണം ഇന്ത്യയില്‍ നിന്നുള്ളതാകണമെന്നും പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ ഒരിക്കല്‍ പോലും അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും ഝാ പറഞ്ഞു. ഉദ്ഘാടനത്തിന് മന്‍മോഹന്‍ സിംഗിനെ ക്ഷണിച്ചെന്നും അദ്ദേഹം സ്വീകരിച്ചെന്നും പാക് വിദേശകാര്യ മന്തി ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞതിനു പിന്നാലെയാണ് ഈ വിശദീകരണം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top