സി.എച്ച് .കുഞ്ഞിമുഹമ്മദ് കാളികാവ് : കഴിഞ്ഞ ദിവസം കരുവാരക്കുണ്ടില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചത് വനത്തില്‍ വച്ചാണെന്ന്വനം വകുപ്പിന്റെ പരിശോധനയില്‍ തെളിഞ്ഞെന്ന് ഡി.
എഫ്.ഒ ധനിക് ലാല്‍ കേരളകൗമുദിയോട് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ ചെരിപ്പടക്കമുള്ള വസ്തുക്കള്‍ വനത്തില്‍ നിന്ന് ലഭിച്ചു.സംഭവത്തിനു ശേഷം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ആളുകളില്‍ നിന്നുള്ള വിവരവും സംഭവം വനത്തിലാണെന്നതിന് തെളിവാണ്. ഇതുകാരണം വനം വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായം 10 ലക്ഷം രൂപ ലഭിക്കാനിടയില്ലെന്നും ഡി.എഫ്.ഒ പറഞ്ഞു. വന്യ ജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് അടിയന്തര സഹായം ഇനിയും ലഭിച്ചിട്ടില്ല.നാലു ലക്ഷം രൂപ ദുരന്ത നിവാരണ ഫണ്ടില്‍ ലഭിക്കേണ്ടതാണെങ്കിലും ഇതും ലഭിക്കുമോ എന്ന ആശങ്കയാണുള്ളത്.
നിരോധിത മേഖലയായ വനത്തില്‍ അതിക്രമിച്ചു കയറി എന്നതാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍.
സംഭവത്തിന് ശേഷം കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണീൻ കുട്ടിയുമായി ഡി. എഫ്.ഒ സംസാരിച്ചിരുന്നു.അടിയന്തര സഹായം ലഭ്യമാക്കുമെന്ന് ഡി.എഫ്.ഒ പറഞ്ഞതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ആക്രമണം രൂക്ഷം
കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ വന്യജീവിയാക്രമണത്തില്‍ സംസ്ഥാനത്ത് 1128 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ 197 പേർ കൊല്ലപ്പെട്ടത്കാട്ടാന ആക്രമണത്തിലാണ്.
കടുവയുടെ ആക്രമണത്തില്‍ 10ഉം പന്നിയുടെ ആക്രമണത്തില്‍ 53 പേരും മരിച്ചു.
കഴിഞ്ഞ അഞ്ചു വർഷം മാത്രം നഷ്ട പരിഹാരമായി 41.33 കോടി രൂപ വിതരണം ചെയ്തതില്‍ മരണപ്പെട്ടവർക്ക് 23.75 കോടിയും പരിക്കേറ്റവർക്ക് 17.59 കോടിയും കൊടുത്തതായാണ് കണക്ക്.
നാള്‍ക്കുനാള്‍ വന്യജീവി ആക്രമണം വർദ്ധിക്കുകയും ആളപായവും സ്വത്തു നാശവും കൂടുതല്‍ സംഭവിക്കുകയും ചെയ്യുന്നതിനിടെ കടുത്ത ഭീതിയിലാണ് മലയോരകർഷകർ കഴിയുന്നത്.
കൊല്ലപ്പെട്ട ജംഷീർ വനത്തിന് പുറത്ത് ജോലി ചെയ്യുന്നതിനിടെ കാട്ടാനയെ കണ്ട് ഓടിയാണ് വനത്തിനുള്ളിലെത്തിയത്. നഷ്ട പരിഹാരം കൊടുക്കാതിരിക്കാനുള്ള ശ്രമമാണ് വനംവകുപ്പിന്റേത്
മാത്യു സെബാസ്റ്റ്യൻ , കിഫ ജില്ലാ പ്രസിഡന്റ്
