Monday, 24 Jun, 1.14 am കേരളകൗമുദി

തിരുവനന്തപുരം
കാഴ്ചയും ചരിത്രവും കോര്‍ത്തിണക്കി മീന്‍മുട്ടി

കിളിമാനൂര്‍: മൂന്ന് വശങ്ങളിലും പുഴകളാല്‍ ചുറ്റപ്പെട്ടും വെള്ളച്ചാട്ടം കൊണ്ട് സഞ്ചാരികളെ ആകര്‍ഷിച്ചും ശ്രീനാരായണ ഗുരുവിന്റെ സന്ദര്‍ശനം കൊണ്ട് ചരിത്ര പ്രസിദ്ധവുമായ മീന്‍മുട്ടി തീര്‍ത്ഥാടന ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ വിളിച്ചോതുകയാണ്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സൗന്ദര്യവും ഐശ്വര്യവും സമന്വയിപ്പിക്കുന്ന മീന്‍മുട്ടി സൗന്ദര്യത്തിനൊപ്പം ചരിത്രത്തിന്റെയും ഭാഗം കൂടിയാണ്. കിളിമാനൂര്‍ സംസ്ഥാന പാതയില്‍ നിന്ന് ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുമ്മിള്‍, പഴയകുന്നുമ്മല്‍ പഞ്ചായത്തുകള്‍ക്ക് അതിരുകളില്‍ ഇരുന്നൂട്ടി എന്ന ഗ്രാമത്തിലാണ് മീന്‍മുട്ടി സ്ഥിതി ചെയ്യുന്നത്. കണ്ണീര്‍ പോലെ ശുദ്ധമായ കാട്ടരുവി ഇവിടെ പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ 50 അടിയോളം താഴ്ചയിലേക്ക് പതിക്കുന്ന ദൃശ്യ മനോഹര കാഴ്ച ഏതൊരാളിന്റെയും മനം കുളിര്‍പ്പിക്കുന്നതാണ്. വെള്ളച്ചാട്ടത്തിന് താഴെ മീനുകള്‍ പാറകളില്‍ മുട്ടിയുരുമ്മി നില്‍ക്കുന്ന കാഴ്ചയും ഇവിടെ കാണാം. അതുകൊണ്ടാണത്രേ മീന്‍മുട്ടിയെന്ന് വെള്ളച്ചാട്ടത്തിന് പേര് ലഭിച്ചത്.

ചരിത്രം

കൊല്ലവര്‍ഷം 1071ല്‍ ഗുരു ഇവിടെ സന്ദര്‍ശിക്കുകയും മൂന്ന് ദിവസം ഇവിടെ ധ്യാനനിരതനായി ഇരിക്കുകയും ചെയ്തതായി ചരിത്ര രേഖകളില്‍ പറയുന്നു. ഇവിടുള്ള പാറമുകളില്‍ ഇരുന്ന് ജാതീയ വേര്‍തിരിവില്ലാതെ നാട്ടുകാരെ ഊട്ടിയതിനാലാണ് ഗ്രാമത്തിന് ഇരുന്നൂട്ടിയെന്ന പേരുവരാന്‍ കാരണമായത്. കൊല്ലവര്‍ഷം 1118ല്‍ ഇവിടെ രൂപികരിച്ച ശ്രീചിത്രാ വ്രത സമാജത്തിന്റെ രേഖകളില്‍ ഗുരുവിന്റെ സന്ദര്‍ശനവും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടത്തിനുള്ളിലായി പാറക്കെട്ടിനിടയിലുള്ള ഗുഹയും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ദിവസേന നൂറുകണക്കിന് ആളുകളും, കര്‍ക്കടക വാവിന് ആയിരങ്ങളും എത്തുന്ന ഇവിടെ സമീപകാലത്ത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 35 ലക്ഷം രൂപ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതൊഴിച്ചാല്‍ വിനോദ സഞ്ചാരികള്‍ക്കോ ഗുരുഭക്തര്‍ക്കായോ യാതൊന്നും ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top