പത്തനംതിട്ട : ശബരിമല റോപ് വേ നിർമ്മാണത്തിന് കേന്ദ്ര വന്യജീവി ബോർഡിന്റെ അനുമതിക്കായി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും കാത്തിരിപ്പ് തുടങ്ങിയിട്ട് 17 മാസം.
അനുമതി ലഭിച്ചാലുടൻ ശബരിമല ഹൈപവർ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നിർമ്മാണം ആരംഭിക്കാൻ കഴിയും. നാലിന് ഹൈപവർ കമ്മിറ്റി യോഗം ചേരുന്നുണ്ട്. നിർമ്മാണത്തിനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കി കേന്ദ്ര അനുമതിക്കായി കഴിഞ്ഞവർഷം ജനുവരിയിലാണ് അപേക്ഷ നല്‍കിയത്. കേന്ദ്ര വന്യജീവി ബോർഡ് 2025 ഒക്ടോബർ 10ന് പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാല്‍ തുടർനടപടി ഉണ്ടായില്ല. 2011ല്‍ ആവിഷ്കരിച്ച റോപ് വേ പദ്ധതിക്ക് 2015ലാണ് കരാർ കമ്പനിയുമായി ദേവസ്വം ബോർഡ് ഒപ്പുവച്ചത്. 2023 മേയില്‍ സർവേ പൂർത്തിയാക്കി.
റോപ് വേയ്ക്കായി എടുക്കുന്ന വനഭൂമിക്ക് പകരംഭൂമി കണ്ടെത്തുന്നതായിരുന്നു ആദ്യതടസം. രണ്ടാം ഇടതുസർക്കാരിന്റെ കാലത്ത് വി.എൻ.വാസവൻ ദേവസ്വം മന്ത്രിയായതോടെ ഇതിനുള്ള നടപടികള്‍ തുടങ്ങി. കൊല്ലം ശെന്തുരുണി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റില്‍മെന്റിലെ 4.5336 ഹെക്ടർ റവന്യു ഭൂമി പകരമായി വനംവകുപ്പിന് കൈമാറി, ഹൈക്കോടതിയുടെ ഇടപെടലും തുടർ നടപടികള്‍ വേഗത്തിലാക്കി.
ചരക്കുനീക്കം സുഗമമാക്കും
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമായാണ് റോപ് വേ നിർമ്മിക്കുന്നത്. പമ്പാ ത്രിവേണിയില്‍ തുടങ്ങി സന്നിധാനം മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം വരെയാണ് റോപ് വേ. 500 കിലോ ഭാരം കയറ്റാവുന്ന ക്യാബിനുകള്‍ ഒരു സെക്കൻഡില്‍ 3 മീറ്റർ ദൂരം സഞ്ചരിക്കുന്ന വിധത്തിലാണ് നിർമ്മിക്കുന്നത്. അനുമതി ലഭിച്ചാല്‍ മഴക്കാലവും തീർത്ഥാടന കാലവും ഒഴികെയുള്ള 24 മാസംകൊണ്ട് പൂർത്തീകരിക്കാൻ കഴിയും.
റോപ് വേ
നീളം : 2.7 കിലോമീറ്റർ,
ടവറുകളുടെ എണ്ണം : 5
നിർമ്മാണം : ബി.ഒ.ടി വ്യവസ്ഥയില്‍
പ്രതീക്ഷിക്കുന്ന ചെലവ് : 150 മുതല്‍ 180 കോടി വരെ
ആശങ്കയേറെ...
ശബരിമലയുടെയും പരിസരത്തെയും പരിസ്ഥിതിയും വന്യജീവി സമ്പത്തും സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇത്തരം വലിയ വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കാനാകൂ എന്ന കേന്ദ്ര വന്യജീവി ബോർഡിന്റെ കർശന നിലപാടാണ് അനുമതി നീണ്ടുപോകാൻ കാരണം. റോപ്‌വേയുടെ നിർമ്മാണത്തിനായി നൂറുകണക്കിന് വന്മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരും. ഇത് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ. പെരിയാർ കടുവാ സങ്കേതത്തിലെ വനഭൂമി വിട്ടുനല്‍കുമ്പോള്‍ വന്യജീവികളുടെ സ്വാഭാവിക പാർപ്പിടത്തെയും സഞ്ചാരപഥങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്.

