Monday, 18 Nov, 12.31 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; അധിക മാര്‍ക്ക് റദ്ദാക്കും, 16 പരീക്ഷകളില്‍ 12ലും ക്രമക്കേട്, മാര്‍ക്ക് ലിസ്റ്റും റദ്ദാക്കും

തിരുവനന്തപുരം: കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ മോഡറേഷന്‍ തിരിമറിയിലൂടെ നല്‍കിയ അധിക മാര്‍ക്ക് റദ്ദാക്കാന്‍ വൈസ് ചാന്‍സലറുടെ നിര്‍ദ്ദേശം. അധിക മാര്‍ക്ക് നേടിയവരുടെ മാര്‍ക്ക് ലിസ്റ്റും റദ്ദാക്കും. നിശ്ചയിച്ച മോഡറേഷനെക്കാള്‍ കൂടുതല്‍ മാര്‍ക്ക് കൃത്രിമമായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.


മാര്‍ക്ക് തട്ടിപ്പില്‍ പ്രോ വൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊപ്പം പുറത്ത് നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സഹായവും തേടിയിട്ടുണ്ട്. സോഫ്റ്റ്‌വെയറില്‍ അപാകതയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് വിശദമായ പരിശോധന നടക്കും. ഒരു പരീക്ഷയുടെ മോഡറേഷന്‍ മാര്‍ക്ക് ഒന്നിലധികം തവണ തിരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 2016 മുതല്‍ 2019 വരെ നടത്തിയ ബി.എ, ബി.എസ്.സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്. 16 പരീക്ഷകള്‍ നടന്നതില്‍ 12 എണ്ണത്തിലും ക്രമക്കേട് കണ്ടെത്തി. .

ഒരേ പരീക്ഷയുടെ മാര്‍ക്ക് പലവട്ടം തിരുത്തി

ഒരേ പരീക്ഷയുടെ മോഡറേഷന്‍ മാര്‍ക്ക് തന്നെ ഒന്നിലധികം തവണ തിരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തട്ടിപ്പിന് പിന്നില്‍ ആരൊക്കെയാണെന്ന ചോദ്യത്തിനൊപ്പം ആര്‍ക്കൊക്കെ വേണ്ടിയാണ് മാര്‍ക്കില്‍ ക്രമക്കേട് നടത്തിയതെന്നും കണ്ടെത്താനായിട്ടില്ല.

70 കമ്ബ്യൂട്ടര്‍ യൂസര്‍ ഐ.ഡികള്‍ റദ്ദാക്കി

മാര്‍ക്ക് തട്ടിപ്പ് കണ്ടെത്തിയ ഇ.എസ് സെക്ഷനിലെ 70 കമ്ബ്യൂട്ടര്‍ യൂസര്‍ ഐ.ഡികള്‍ റദ്ദാക്കി. നിലവില്‍ 39 ജീവനക്കാരുള്ള സെഷനില്‍ ഇരട്ടിയോളം ഐ.ഡികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണിത്. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥരുടെ ഐ.ഡികള്‍ റദ്ദുചെയ്യാന്‍ ഐ.ടി സെല്‍ നടപടി എടുത്തില്ല. ഈ അനാസ്ഥയാണ് തട്ടിപ്പിന് വഴിയൊരുക്കിയത്.

മാര്‍ക്ക് കമ്ബ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനായി രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയ പാസ്‌വേഡ് ദുരുപയോഗം ചെയ്‌തതായും വ്യക്തമായി. മാര്‍ക്ക് രേഖപ്പെടുത്താനായി പാസ്‌വേഡ് പരീക്ഷാ വിഭാഗത്തിലെ പല ജീവനക്കാര്‍ക്കും നല്‍കിയിരുന്നതായി ഇവര്‍ സര്‍വകലാശാലയെ അറിയിച്ചിട്ടുണ്ട്.

ഇതിലൊരു ഉദ്യോഗസ്ഥ 2018ല്‍ തസ്തിക മാറിപ്പോയിട്ടും അവരുടെ പാസ്‌വേഡ് ഐ.ടി സെല്‍ മരവിപ്പിച്ചില്ല. രണ്ടാമത് ഇതേ തസ്തികയില്‍ വന്ന ഉദ്യോഗസ്ഥയുടെ പാസ്‌വേഡും ദുരുപയോഗിച്ചതായാണ് റിപ്പോര്‍ട്ട്.

അന്വേഷണസമിതി യോഗം ഇന്ന്

തട്ടിപ്പിനെക്കുറിച്ച്‌ സ്വന്തം നിലയില്‍ അന്വേഷണം നടത്താന്‍ സര്‍വകലാശാല നിയോഗിച്ച മൂന്നംഗ സമിതി ഇന്ന് യോഗം ചേരും . ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. വിദഗ്ദ്ധ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 22 ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top