Sunday, 22 Sep, 1.21 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ഒക്ടോബര്‍ 21ന്, ഫലം 24ന്

ന്യൂഡല്‍ഹി: മഞ്ചേശ്വരം, എറണാകുളം, കോന്നി, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും ഒക്ടോബര്‍ 21ന് നടക്കും. കേരളത്തിലെ അഞ്ചും കര്‍ണാടകത്തിലെ പതിനഞ്ചും ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമായി 64 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പാണ് 21ന് നടക്കുന്നത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. 24 നാണ് എല്ലായിടത്തും വോട്ടെണ്ണല്‍.

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ തീയതികള്‍ പ്രഖ്യാപിച്ചത്. കേരളത്തിലെ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജില്ലകളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ അറിയിച്ചു.

മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ളിംലീഗ് എം.എല്‍.എ പി.ബി. അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് ഒഴിവ് വന്നത്. കെ. മുരളീധരന്‍ വടകരയിലും എ.എം. ആരിഫ് ആലപ്പുഴയിലും അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും ഹൈബി ഈഡന്‍ എറണാകുളത്തും വിജയിച്ച്‌ പാര്‍ലമെന്റിലെത്തിയതോടെയാണ് വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്.

കേരളത്തില്‍

തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ.

നാളെ മുതല്‍ പത്രിക നല്‍കാം.

പത്രിക നല്‍കാനുള്ള അവസാന തീയതി ഈ മാസം 30

സൂക്ഷ്‌മ പരിശോധന ഒക്ടോബര്‍ ഒന്നിന്

പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 3.

  • തിരഞ്ഞെടുപ്പിനൊരുങ്ങി ഹരിയാനയും മഹാരാഷ്ട്രയും

ഹരിയാനയിലും മഹാരാഷ്ട്രയിലും 27നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുക. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ നാല്. അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴാണ്. 90 സീറ്റുകളാണ് ഹരിയാന നിയമസഭയിലുള്ളത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളും.

സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തിന് എത്ര പണം ചെലവഴിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാന്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെ മഹാരാഷ്ട്രയിലേക്ക് അയയ്ക്കുമെന്ന് സുനില്‍ അറോറ പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ ഇരു സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

നവംബര്‍ രണ്ടിനാണ് ഹരിയാനാ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മഹാരാഷ്ട്രയുടേത് നവംബര്‍ ഒമ്ബതിനും. മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തതില്‍ ബി.ജെ.പി ഒറ്റയ്ക്കാണ് ഹരിയാന ഭരിക്കുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പി - ശിവസേനാ സഖ്യമാണ് അധികാരത്തിലുള്ളത്. ഹരിയാനയില്‍ 1.82 കോടിയും മഹാരാഷ്ട്രയില്‍ 8.9 കോടിയും വോട്ടര്‍മാരുണ്ട്.

  • ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍

അരുണാചല്‍പ്രദേശ് (1), അസാം (4), ബീഹാര്‍ (5), ഛത്തീസ്ഗഢ് (1), ഗുജറാത്ത് (4),ഹിമാചല്‍പ്രദേശ് (2), കര്‍ണാടകം (15), മദ്ധ്യപ്രദേശ് (1), മേഘാലയ (1), ഒഡിഷ (1), പുതുച്ചേരി (1), പഞ്ചാബ് (4), രാജസ്ഥാന്‍ (2), സിക്കിം (3), തമിഴ്നാട് (2), തെലുങ്കാന (1), ഉത്തര്‍പ്രദേശ് (11).

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top