Thursday, 30 Aug, 11.11 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കേരളത്തിനായി നൃത്തം ചെയ്യാന്‍ ഹിരോമി

തിരുവനന്തപുരം.ഹിരോമി മാരുഹാഷിയെ കേരളത്തിലെ കലാസ്നേഹികള്‍ അറിയും. കൂടിയാട്ടത്തില്‍ മാര്‍ഗിസതിയുടേയും മോഹിനിയാട്ടത്തില്‍ കലാമണ്ഡലം ലീലാലാമ്മയുടേയും ശിഷ്യ.സൂര്യയുടെ വേദിയിലടക്കം കേരളത്തില്‍ പലയിടങ്ങളിലും ഹിരോമി കലാപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജപ്പാന്‍കാരിയായ ഈ യുവകലാകാരി കേരളത്തിനെ സഹായിക്കാന്‍ തന്റെ നാട്ടില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ടോക്കിയോയിലെ മലയാളി അസോസിയേഷനായ നിഹോണ്‍കൈരളിയാണ് പരിപാടിയുടെ സംഘാടകര്‍.നിഹോണ്‍ എന്നാല്‍ ജപ്പാന്‍.

ടോക്കിയോയില്‍ സെപ്റ്റംബര്‍ 23 നാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. 'നിഹോണ്‍ കൈരളി, കേരള ഫ്ളഡ് സപ്പോര്‍ട്ട് ഫണ്ട് റെയ്സിംഗ് ഇവന്റ്' എന്നാണ് പരിപാടിക്ക് നാമകരണം ചെയ്തിരിക്കുന്നത്. കേരള നൃത്തങ്ങള്‍,കളരിപ്പയറ്റ് തുടങ്ങി വിവിധ കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ജപ്പാനിലെ മലയാളി കലാകാരികളും കലാകാരന്‍മാരും പങ്കെടുക്കുന്ന ഈ കലാമേളയില്‍ ഹിരോമി മോഹിനിയാട്ടം അവതരിപ്പിക്കും.ഇതില്‍ പങ്കെടുക്കുന്ന ഏക ജപ്പാന്‍കാരിയാണ് ഹിരോമി.

പ്രവേശനത്തിന് മുതിര്‍ന്നവരില്‍ നിന്ന് ആയിരം യെന്‍ ഈടാക്കും.കുട്ടികള്‍ക്ക് സൗജന്യമാണ്. രാവിലെ 11 മണി മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ് പരിപാടി. ഇതില്‍ നിന്ന് സമാഹരിക്കുന്ന തുക കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഘാടകര്‍ നല്‍കുമെന്ന് ഹിരോമി അറിയിച്ചു.ടോക്കിയോ എഡോഗവാകു വിലെ കാസായ് സിവിക് ഹാളിലാണ് പരിപാടി നടക്കുക.

ജപ്പാന്‍കാരിയായ ഹിരോമി എല്ലാവര്‍ഷവും കേരളത്തില്‍ എത്താറുണ്ട്.കേരളത്തെ അഗാധമായി സ്നേഹിക്കുന്ന കലാകാരിയായ ഹിരോമിയെ തന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യയായിട്ടാണ് മാര്‍ഗിസതി വിശേഷിപ്പിച്ചിരുന്നത്.
Dailyhunt
Top