Monday, 20 Jan, 3.26 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കേശവന്‍നായര്‍ക്ക് വയസ് 119: പുതിയ പാല്‍പ്പല്ലുമായി ലോക മുത്തച്ഛന്‍ പട്ടാഴിയിലുണ്ട്

കൊല്ലം: ലോകത്തിന്റെ മുത്തച്ഛനാണ് താനെന്ന് കേശവന്‍ നായര്‍ അറിഞ്ഞത് ഇപ്പോഴാണ്. പക്ഷേ, പുതുതായി മുളച്ച രണ്ടു പല്ലുകളുടെ കഥ ചോദിച്ചാല്‍ പട്ടാഴി വടക്കേക്കര താഴത്ത് വടക്ക് നാരായണ സദനത്തില്‍ കേശവന്‍ നായര്‍ ആ പാല്‍പ്പല്ല് കാട്ടി ചിരിക്കും.

ഈ ജനുവരി ഒന്നിന് കേശവന്‍നായര്‍ക്ക് 119 വയസായി. 1901 ജനുവരി ഒന്നിന് ജനിച്ചെന്നാണ് രേഖ. ചിങ്ങത്തിലെ വിശാഖമാണ് നക്ഷത്രം!

വാക്കുകളില്‍ തെല്ല് വിറയലും കാഴ്ചയ്‌ക്ക് മങ്ങലുമുണ്ടെങ്കിലും ഓര്‍മ്മയിലെ വിശേഷങ്ങള്‍ മാഞ്ഞുപോയിട്ടില്ല.

"ഞാനിപ്പോഴെങ്ങും അങ്ങനെ പോകില്ലെടോ"- കേശവന്‍ നായര്‍ ചിരിക്കുന്നു.

എട്ട് വര്‍ഷം മുന്‍പ് എല്ലാ പല്ലുകളും നഷ്ടപ്പെട്ടു. ആഹാരം കഴിക്കാന്‍ ചില്ലറ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും വയ്പ്പ് പല്ലിനോട് കമ്ബമുണ്ടായില്ല. മോണകാട്ടി ചിരിക്കുമ്ബോള്‍ കൊച്ചുമക്കളാണ് മുത്തച്ഛന്റെ പാല്‍പ്പല്ലുകള്‍ കണ്ടത് ! അഞ്ച് വര്‍ഷം മുമ്ബ്. ആ പാല്‍പ്പല്ലുകള്‍ ഇപ്പോള്‍ വലിയ പല്ലുകളായി. വേറെയും പല്ലുമുളയ്ക്കുന്നുണ്ടോയെന്ന് നാക്കുകൊണ്ട് മോണയിലെപ്പോഴും ഉരസും.

ഗാന്ധിജിയെ രണ്ടു തവണയും നെഹ്‌റുവിനെ ഒരിക്കലും അടുത്ത് കണ്ടത്, മന്നത്തിനൊപ്പം പ്രവര്‍ത്തിച്ചതും കേശവന്‍നായരുടെ മങ്ങാക്കാഴ്ചകളിലെ വസന്തങ്ങളാണ്.

മാന്നാറിലെ ഗോപിനാഥന്‍ നായരുടെയും പാര്‍വ്വതി അമ്മയുടെയും മകനാണ്. ജനിച്ച്‌ തൊണ്ണൂറാം നാളില്‍ അമ്മ മരിച്ചു. കൊട്ടാരത്തില്‍ ശങ്കുണ്ണിയും ദയാനന്ദ സരസ്വതിയും ഗുരുനാഥന്‍മാരാണ്. നാട്ടില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സകനുമായി.

മന്നത്തിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ വിദ്യാലയത്തില്‍ ജോലി ലഭിച്ചെങ്കിലും അത് ഉപേക്ഷിച്ച്‌ നാട്ടില്‍ കുടിപ്പള്ളിക്കൂടം തുടങ്ങി. കേശവനാശാനായി. കൊടുമണില്‍ നിന്നു പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്ത ശേഷമാണ് പട്ടാഴിയിലേക്ക് താമസം മാറ്റിയത്.

ഇപ്പോഴും യോഗയിലാണ്

പാറുക്കുട്ടിയമ്മയും മൂത്തമകന്‍ വാസുദേവന്‍ നായരും വിട പറഞ്ഞു. മൂന്നാമത്തെ മകളായ ശാന്തമ്മയുടെ ഒപ്പമാണ് താമസം. മറ്റ് മക്കളായ രാമചന്ദ്രന്‍ പിള്ളയും ശാരദയും ഗോപാലകൃഷ്ണന്‍ നായരും സദാ അച്ഛന്റെ ക്ഷേമാന്വേഷണത്തിലാണ്. പുലര്‍കാലങ്ങളില്‍ യോഗയും മറ്റ് വ്യായാമവും കഴിഞ്ഞായിരുന്നു കേശവന്‍നായര്‍ കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയിരുന്നത്. ഇപ്പോള്‍ ശരീരത്തിന് ബലക്കുറവുള്ളതിനാല്‍ കൃഷിപ്പണിക്ക് ഇറങ്ങുന്നില്ല. എന്നാല്‍ യോഗയും മറ്റ് ദിനചര്യകളും മുടക്കാറില്ല.

ഇലയപ്പം ഇഷ്ട ഭക്ഷണം

ഉച്ചയ്ക്കുമാത്രമാണ് ചോറ് കഴിക്കുക. ഒന്നര പതിറ്റാണ്ട് മുന്‍പുവരെ വെജിറ്റേറിയന്‍ ആയിരുന്നു. ഇപ്പോള്‍ ചെറുമീനുകള്‍ ഇഷ്ടമാണ്. ഇലയപ്പമാണ് (വത്സന്‍) ഇഷ്ട ഭക്ഷണം. സംസ്‌കൃതത്തില്‍ ആത്മകഥ എഴുതിയെങ്കിലും പൂര്‍ത്തിയാക്കിയില്ല. "പഴയ കഥകളും അനുഭവങ്ങളും പറഞ്ഞ് അപ്പൂപ്പന്‍ സജീവമാകാറുണ്ട്. അത് കേള്‍ക്കാന്‍ ഞങ്ങള്‍ക്കൊത്തിരി ഇഷ്ടമാണ്. "- കൊച്ചുമകളും പൂവറ്റൂര്‍ ഗവ.എല്‍.പി സ്കൂള്‍ പ്രഥമാദ്ധ്യാപികയുമായ ശോഭനകുമാരി (54) പറഞ്ഞു.

ഗിന്നസ് ബുക്കിലെ നിലവിലെ റെക്കാഡ്‌ 117 വയസുള്ള ജപ്പാന്‍കാരിയായ കാനെ തനാക ആണ്

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top