Friday, 02 Oct, 12.47 am കേരളകൗമുദി

കേസ് ഡയറി
കൊല്ലം അനൂപ് ഓര്‍ത്തോ കെയര്‍ ഉടമ ഡോ.അനൂപ് കൃഷ്‌ണ മരിച്ച നിലയില്‍

കൊല്ലം: കടപ്പാക്കട അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ കടപ്പാക്കട ഭദ്രശ്രീയില്‍ ഡോ. അനൂപ് കൃഷ്‌ണയെ (37) മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയോടെ വീട്ടിലെ ബാത്ത്റൂമില്‍ തൂങ്ങിനിന്ന അനൂപിന്റെ കൈ ഞരമ്ബുകള്‍ മുറിച്ച നിലയിലായിരുന്നു. ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ മാസം 23ന് അനൂപ് ഓര്‍ത്തോ കെയറില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴ് വയസുകാരി മരിച്ചിരുന്നു. പുത്തൂര്‍ മാറനാട് കുറ്റിയില്‍ പുത്തന്‍വീട്ടില്‍ സജീവ് കുമാറിന്റെയും വിനീതാ കുമാരിയുടെയും മകള്‍ ആദ്യ എസ്. ലക്ഷ്‌മിയാണ് (7) മരിച്ചത്. കാലിലെ വളവു മാറ്റാന്‍ ഉച്ചയോടെ നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയസ്‌തംഭനം ഉണ്ടായെന്നും കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്നും വീട്ടുകാരെ ഡോക്ടര്‍ അറിയച്ചു. അതനുസരിച്ച്‌ നഗരത്തിലെ മറ്റൊരു ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച്‌ രക്ഷാകര്‍ത്താക്കള്‍ കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. കൊല്ലം എ.സി.പി എ. പ്രദീപ് കുമാറാണ് അന്വേഷണം നടത്തുന്നത്.

മരണകാരണം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇതുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ ചിലര്‍ പ്രചാരണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാകാം ഡോക്ടറെ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസവും ഡോക്ടര്‍ ആത്മഹത്യാശ്രമം നട
ത്തിയതായി പൊലീസ് പറയുന്നു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ നഗരത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയും ജനപ്രീതിയും നേടിയ യുവ ഡോക്ടറാണ് അനൂപ്. കാലിനും കൈകള്‍ക്കും ജന്മനാ ഉണ്ടാകുന്ന വളവുകള്‍ മാറ്റി നേരെയാക്കുന്ന ശസ്ത്രക്രിയകളില്‍ വിദഗ്ദ്ധനായിരുന്നു. മികച്ച ചികിത്സയും പരിചരണവും കൊണ്ട് വൈകല്യം ഇല്ലാതായി സാധാരണ ജീവിതത്തിലേക്ക് എത്തിയവര്‍ നിരവധിയാണ്. ചികിത്സ തേടിയെത്തിയ കുഞ്ഞിന്റെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഡോക്ടറെ ഏറെ വിഷമിപ്പിച്ചിരുന്നു.

ആശുപത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നതും ആദ്യമായിട്ടാണ്. കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം വിട്ടുനല്‍കും. ഉണ്ണിക്കൃഷ്ണന്‍ പിതാവും രതീഭായി മാതാവുമാണ്. ഡോ. അര്‍ച്ചനയാണ് ഭാര്യ. മകന്‍: ആദിത്യ കൃഷ്ണ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top