Sunday, 20 Oct, 12.51 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ എന്‍.എസ്.എസ് പറഞ്ഞിട്ടില്ല: മുല്ലപ്പള്ളി

തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുമെന്ന് എന്‍.എസ്.എസ് നേതൃത്വം തന്നെയോ പാര്‍ട്ടിയെയോ മുന്നണിയെയോ അറിയിച്ചിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് എന്‍.എസ്.എസിനോട് ആവശ്യപ്പെട്ടിട്ടുമില്ല. പിന്തുണ നല്‍കുന്നെങ്കില്‍ അത് പ്രഖ്യാപിക്കേണ്ടത് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറിയാണ്. ശരിദൂര നിലപാടാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ശരിനിലപാട് സ്വീകരിച്ച്‌ നില്‍ക്കുന്നത് കോണ്‍ഗ്രസാണ്. അതിനാല്‍ ശരിദൂര നിലപാടിന്റെ ഗുണം കോണ്‍ഗ്രസിന് കിട്ടാമെന്നും പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ മുല്ലപ്പള്ളി പറഞ്ഞു.

സമുദായ സംഘടനകളെ അതിരുവിട്ട് പ്രീണിപ്പിക്കാനോ സി.പി.എമ്മിനെ പോലെ അവരുടെ തിണ്ണ നിരങ്ങാനോ കോണ്‍ഗ്രസിനെ കിട്ടില്ല. ചെങ്ങന്നൂരില്‍ എന്‍.എസ്.എസ് സമദൂര നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ ഗുണം സി.പി.എമ്മിന് ലഭിച്ചു. അനുനയിപ്പിച്ചിട്ടും പിന്തുണ കിട്ടിയില്ലെങ്കില്‍ സ്ഥാനത്തും അസ്ഥാനത്തും തുടരെ ആരോപണമുന്നയിക്കുന്ന രീതിയാണ് സി.പി.എമ്മിന്റേത്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടല്ല ഈഴവ സമുദായംഗങ്ങളുടേത്. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ആദ്യം ഉന്നയിച്ചത് സി.പി.എമ്മിന്റെ മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയാണ്. ഉപതിരഞ്ഞെടുപ്പില്‍ അഞ്ചിടത്തും യു.ഡി.എഫ് ജയിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top