Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോര്‍പറേഷൻ വൈദ്യുതി വിഭാഗം; സ്റ്റാഫ് പറ്റേണ്‍ പുതുക്കിയില്ല, ശമ്പള പരിഷ്കരണം  കാത്ത് എട്ടാം വര്‍ഷം

കോര്‍പറേഷൻ വൈദ്യുതി വിഭാഗം; സ്റ്റാഫ് പറ്റേണ്‍ പുതുക്കിയില്ല, ശമ്പള പരിഷ്കരണം കാത്ത് എട്ടാം വര്‍ഷം

തൃശൂർ: സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച അനിശ്ചിതത്വം നീളുന്നതിനാല്‍ തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം എട്ടാം വർഷവും പ്രതിസന്ധിയില്‍.

സ്റ്റാഫ് പാറ്റേണ്‍ നിശ്ചയിച്ച ശേഷമേ പരിഷ്‌കരണം നടപ്പാക്കൂ എന്ന മുൻ സർക്കാരിന്റെ നിലപാടാണ് 2018ലെ ശമ്പളപരിഷ്‌കരണം അനന്തമായി നീളാൻ കാരണമായത്. ജീവനക്കാർക്ക് ഇപ്പോഴും ലഭിക്കുന്നത് 2013ലെ പേ റിവിഷൻ പ്രകാരമുള്ള ശമ്പളം മാത്രമാണ്.
1969- 70 കാലം മുതല്‍ കോർപറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ കെ.എസ്.ഇ.ബിയുടേതിന് തത്തുല്യമാണ്. 2018ലെ ശമ്പളപരിഷ്‌കരണം 2019ല്‍ കെ.എസ്.ഇ.ബിയില്‍ നടപ്പാക്കിയിരുന്നു. 2019ല്‍ പ്രഖ്യാപിച്ച പരിഷ്‌കരണം 2021ല്‍ മറ്റെല്ലാ സർക്കാർ ജീവനക്കാർക്കും നല്‍കിയെങ്കിലും കോർപറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരുടേതില്‍ മാത്രം തീരുമാനമായില്ല.

ഒച്ചിഴയും വേഗത്തില്‍ ഫയല്‍ നീക്കം

കഴിഞ്ഞ സെപ്റ്റംബറില്‍ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള 229 ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച്‌ 103 ആക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതോടെ വൈദ്യുതിവിഭാഗം പ്രവർത്തനം താളംതെറ്റി. ഇതിനെതിരെ ജീവനക്കാർ സമര രംഗത്തെത്തി. വിവാദ ഉത്തരവ് റദ്ദാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് മേയറായിരുന്ന എം.കെ. വർഗീസ് ഉറപ്പ് നല്‍കിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു. പിന്നീട് കഴിഞ്ഞവർഷം ഡിസംബറില്‍ ഉത്തരവ് സർക്കാർ റദ്ദാക്കി. ഈ സംഭവങ്ങള്‍ക്ക് ശേഷം എട്ടുമാസം കഴിഞ്ഞെങ്കിലും ഫയല്‍ നീക്കം ഇഴഞ്ഞാണ്. തിരഞ്ഞെടുപ്പുകളുടെ പെരുമാറ്റച്ചട്ടവും ഇതിനെ ബാധിച്ചു.

ഫയല്‍ ധനവകുപ്പില്‍

ശമ്പളപരിഷ്‌കരണ ഫയല്‍ തദ്ദേശ വകുപ്പില്‍ നിന്നും ധനവകുപ്പിലേക്ക് പോയെങ്കിലും സ്റ്റാഫ് പാറ്റേണ്‍ പുതുക്കാൻ വീണ്ടും തിരികെവന്നു. സ്റ്റാഫ് പാറ്റേണ്‍ പുതുക്കിയ ഫയല്‍ ഇപ്പോള്‍ ധനവകുപ്പിന്റെ കൈയിലാണ്. 91 മുതലുള്ള സ്റ്റാഫ് പാറ്റേണ്‍ പ്രകാരം ഇപ്പോഴുള്ള 229 ജീവനക്കാരില്‍ 110 പേർ സ്ഥിരവും ബാക്കി താത്കാലികക്കാരുമാണ്. ഇതില്‍ അടിസ്ഥാന തൊഴിലാളികളെയാണ് അന്ന് കൂടുതലും വെട്ടിക്കുറച്ചത്.
12.5 ചതുരശ്ര കിലോമീറ്റർ ചുറ്റളവിനുള്ളില്‍ തൃശൂർ കോർപറേഷൻ വൈദ്യുതി വിഭാഗത്തിന് 40,000 ലേറെ ഉപഭോക്താക്കളാണുള്ളത്. തൊഴിലാളികള്‍ കൂടി അംഗീകരിച്ച സ്റ്റാഫ് പാറ്റേണാണ് ഇപ്പോള്‍ സർക്കാരിന് മുൻപിലുള്ളത്. പുതിയ കോർപറേഷൻ ഭരണസമിതിയും സർക്കാരും അനുകൂല തീരുമാനമെടുക്കുമെന്നാണ് ജീവക്കാരുടെ പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi