Sunday, 01 Aug, 3.14 am കേരളകൗമുദി

കൊല്ലം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ 2 ഓപ്പറേഷന്‍ തീയേറ്ററുകള്‍ ഇന്ന് തുറക്കും

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. 2016ല്‍ ഉദ്ഘാടനം ചെയ്ത ട്രോമോ കെയര്‍ യൂണിറ്റിലാണ് തീയേറ്ററുകള്‍ ആരംഭിക്കുന്നത്. അത്യാധുനിക ഉപകരണങ്ങളും ലൈറ്റുകളും മറ്റ് സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഒരു സമയം നാലുപേരെ ഓപ്പറേഷന്‍ നടത്താനുള്ള സംവിധാനങ്ങളാണ് രണ്ട് തീയേറ്ററുകളിലുമായി ഒരുക്കിയിട്ടുള്ളത്. കോടികള്‍ മുടക്കി ട്രോമാ കെയര്‍ യൂണിറ്റ് താലൂക്ക് ആശുപത്രിയില്‍ തുടങ്ങിയിട്ടും ഇപ്പോഴാണ് അതിന്റെ ഗുണം ലഭിക്കാന്‍ തുടങ്ങുന്നത്. താലൂക്ക് ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന തീയേറ്റര്‍ നവീകരണത്തിനായി ഒരാഴ്ച മുന്‍പ് അടച്ചിരുന്നു. ഇവിടെ 1.30 കോടി രൂപയുടെ നവീകരണമാണ് നടക്കുന്നത്. നിര്‍മ്മിതിയ്ക്കാണ് നവീകരണജോലികളുടെ കരാര്‍ നല്‍കിയത്. മൂന്നുമാസംകൊണ്ട് ഈ തീയേറ്ററും അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തന സജ്ജമാകും.

വേണ്ടത്ര സര്‍ജന്‍മാരില്ല

താലൂക്ക് തീയേറ്ററും അനുബന്ധ സൗകര്യങ്ങളും ആയപ്പോഴും സര്‍ജന്‍മാര്‍ ഇല്ലാത്തത് വലിയ ബുദ്ധിമുട്ടുളവാക്കും. നിലവില്‍ ഒരു സര്‍ജനും വര്‍ക്കിംഗ് അറേജ്മെന്റില്‍ മറ്റൊരു സര്‍ജനും ആഴ്ചയില്‍ മൂന്നുദിവസം എന്‍.എച്ച്‌.എമ്മില്‍ നിന്നുമുള്ള ഒരു സര്‍ജനുമാണ് താലൂക്ക് ആശുപത്രിയിലുള്ളത്. മുഴുവന്‍ സമയം സര്‍ജന്‍ തീയേറ്ററിലായാല്‍ ഒ.പിയില്‍ ഇരിക്കാന്‍ ഡോക്ടറെ കിട്ടില്ല. തീയേറ്ററുകള്‍ മികച്ചതാകുന്നെങ്കിലും കൂടുതല്‍ സര്‍ജന്‍മാരെ നിയമിച്ചില്ലെങ്കില്‍ ഒരു തീയേറ്റര്‍ മാത്രമേ ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയു.

മന്ത്രി ഉദ്ഘാടനം ചെയ്യും

താലൂക്ക് ആശുപത്രിയിലെ രണ്ട് ഓപ്പറേഷന്‍ തീയേറ്ററുകള്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എ.ഷാജു അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയര്‍പേഴ്സണ്‍ അനിത ഗോപകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫൈസല്‍ ബഷീര്‍, എസ്.ആര്‍.രമേശ്, ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍ എന്നിവര്‍ പങ്കെടുക്കും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top